മുംബൈ: ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈയിലാണ് ജീവനക്കാരന് വീട് നൽകിയത്. ജീവനക്കാരനായ മനോജ് മോദിക്കാണ് വിലയേറിയ സമ്മാനം ലഭിച്ചത്.
22നിലകളുള്ള കെട്ടിടം 1.7 ലക്ഷം സ്വകയർ ഫീറ്റ് വലിപ്പമുള്ളതാണ്. മുംബൈയിലെ നേപ്പൻ സീ റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാജിക്ബ്രിക്സ്.കോമിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയാണ് വീടിന്റെ വില. റിലയൻസിന്റെ തുടക്കം മുതലുള്ള ജീവനക്കാരനാണ് സമ്മാനം ലഭിച്ച മനോജ് മോദി.
മുകേഷ് അംബാനിയും മനോജ് മോദിയും ഒരുമിച്ചാണ് പഠിച്ചത്. മുംബൈ യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ കെമിക്കൽ എൻജിയിറിങ് വിദ്യാർഥികളാണ് ഇരുവരും. മനോജ് മോദി 1980കളിലാണ് റിലയൻസിൽ ചേർന്നത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്.
മുകേഷുമായും ഭാര്യ നീതയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മനോജ് മോദി. നിലവിൽ മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ എന്നിവരോടൊപ്പമാണ് മനോജ് മോദി പ്രവർത്തിക്കുന്നത്. നിലവിൽ റിലയൻസ് റീടെയിൽ, ജിയോ എന്നിവയുടെ ഡയറക്ടറാണ് മോദി.