ചിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതയുടെ രണ്ടാം വാർഷികാഘോഷങ്ങൾ ഒക്ടോബർ 19ന് ഓൺലൈനായി നടത്തും. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, വൈസ് പ്രസിഡന്റ് ജിമ്മിച്ചൻ മുളവന എന്നിവർ പ്രസംഗിക്കും.
ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രണ്ട് വർഷം മുൻപാണ് ചിക്കാഗോ രൂപതാതലത്തിൽ സംഘടനാ ഉദ്ഘാടനം ചെയുന്നത്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷകാലം അഭൂതപൂർവമായ വളർച്ചയാണ് മിഷൻ ലീഗിന് അമേരിക്കയിൽ ഉണ്ടായത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു.
ദൈവവിളി സെമിനാർ, വിവിധ ക്‌ളാസ്സുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു. ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻറ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റൻറ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിൻറ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.