സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ എന്ന ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എഐ സംവിധാനത്തിൽ വൻനിക്ഷേപം നടത്താൻ തീരുമാനിച്ചതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 1000 കോടി ഡോളർ (ഏകദേശം 80,000 കോടി രൂപ) ആണ് മൈക്രോസോഫ്റ്റ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. എന്നാൽ, തുക എത്രയെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
2019ൽ 100 കോടി ഡോളർ (8100 കോടി രൂപ) നിക്ഷേപം നടത്തിക്കൊണ്ടാണു മൈക്രോസോഫ്റ്റ് ഓപ്പൺ എഐയുമായി സഹകരണം ആരംഭിച്ചത്. നവംബർ ആദ്യം ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയതോടെ ലോകമെങ്ങും എഐ ശ്രദ്ധ നേടി. ഓപ്പൺ എഐയുടെ ജിപിടി 3 എന്ന എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ചാറ്റ്ബോട്ട് ആണ് ചാറ്റ്ജിപിടി.
ഉപയോക്താക്കളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഇന്റർനെറ്റിൽ പരതാതെ തന്നെ ഉത്തരം നൽകാനും സർഗാത്മകരചനകൾ നടത്താനും ശേഷിയുള്ള ചാറ്റ്ജിപിടി സേർച് എൻജിനായ ഗൂഗിളിനു വലിയ വെല്ലുവിളിയായേക്കുമെന്നാണു പ്രവചനങ്ങൾ. മൈക്രോസോഫ്റ്റിന്റെ സേർച് എൻജിൻ ആയ ബിങ്ങിൽ ചാറ്റ്ജിപിടി സേവനം ഉൾപ്പെടുത്തുമെന്നു കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.