"ശവങ്ങൾ ശവങ്ങളായി ഭൂമിയിൽ കുറെയേറെ നേരം കിടന്നുറങ്ങുന്നതോർത്ത് നോക്കൂ. നാട്യങ്ങളോടെ നടന്നു പോകുന്ന മനുഷ്യർ, വേവലാതികളില്ലാതെ വെറുങ്ങലിച്ച് കിടക്കുന്ന മനുഷ്യർ. ഭൂമിയിൽ നിങ്ങളെ അതിജീവിച്ച മൃഗങ്ങൾക്ക്, പക്ഷികൾക്ക് ഭക്ഷിക്കാൻ പാകത്തിൽ അവർ മരിച്ചു കിടക്കട്ടെ. ധൃതി വെയ്ക്കാതെ. അവർക്ക് മനുഷ്യരുടെ മാംസത്തിൽ പങ്കു പറ്റാൻ അർഹതയുണ്ട്. നിങ്ങൾ ഇന്നലെ കൊന്നത് ഒരു പൂച്ചയെ ആയിരിക്കാം. അതിന്റെ പേര് മാവൂ എന്നായിരിക്കാം. അത് ഞാനായിരിക്കാം."
"മണങ്ങളുടെ രാജ്യത്ത് നിങ്ങൾ പുകയൂതാൻ വിധിക്കപ്പെട്ട അടിമയാണ്." മയക്കു മരുന്നിന്റെ ഇരുണ്ട ഇടനാഴികളിലൂടെ, അധോലോകത്തിന്റെ വലയിൽ ഒറ്റപ്പെട്ട ഒരുവളുടെ കഥയാണ് ആഷ് അഷിത എഴുതിയ മഷ്‌റൂം cats. അത് ആ മയക്കുമരുന്ന് വില്പനക്കാരിയുടേത് മാത്രമല്ല, ആ ലോകത്തിന്റെ തന്നെ കഥയാണ്. ചതിയുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും കഥ. വിശ്വാസം വേലിക്കപ്പുറത്തേക്കെറിയുന്ന വിഴുപ്പ് മാത്രമാകുന്നു. മാതാ പിതാ ഗുരു ദൈവം എന്ന വിശ്വാസത്തോടെ ചിന്തിക്കുമ്പോൾ, പിതാവിന്റെ സ്ഥാനത്ത് കാണുന്നവർ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്വം ദൈവത്തിൽ ആക്ഷേപിച്ച് സ്വയം ഒറ്റപ്പെടുന്നവർ. ഒടുവിൽ അവൾ, പതുങ്ങിയിരുന്ന ആ പെൺപൂച്ച കരുത്തോടെ പുറത്തു ചാടുമ്പോൾ അവശേഷിക്കുന്നത് ശവങ്ങൾ മാത്രമായിരിക്കും. "മനുഷ്യരുടെ അവസാനത്തെ യുദ്ധം തുടങ്ങിയിരിക്കുന്നു. ഗൂഢാലോചന നടത്തുന്ന ശവങ്ങൾ. ആയുധം മിനുക്കുന്ന ശവങ്ങൾ. പോരടിക്കുന്ന ശവങ്ങൾ. പേ പിടിച്ചോടുന്ന ശവങ്ങൾ. വഴിയരികിൽ വീണ് കിടക്കുന്ന ശവങ്ങൾ."
ശക്തമായ ഭാഷയിൽ ദൃശ്യ സാധ്യതയോടെ എഴുതിയിട്ടുള്ള നോവലാണ് ആഷ് അഷിതയുടെ മഷ്‌റൂം cats. സീനുകളായിട്ടാണ് അധ്യായങ്ങൾ തിരിച്ചിരിക്കുന്നത് തന്നെ. ഒരു ഇരുണ്ട ബോളിവുഡ് സിനിമ കാണുന്ന പ്രതീതി ഈ നോവൽ വായന നമുക്ക് തരുമ്പോഴും മികച്ച ഭാഷയും ബിംബങ്ങളുമാണ് അത് സാധ്യമാക്കുന്നത് എന്നത് പറയാതിരിക്കാനാവില്ല.
പൂച്ചകൾ പട്ടികളെപ്പോലെയല്ല. പൂച്ചകളെ മെരുക്കാൻ എളുപ്പമല്ല. പൂച്ചകളുടെ രീതികളും ചരിത്രവും ഇത്രയധികം ചർച്ച ചെയ്യുന്ന മറ്റൊരു നോവൽ ഞാൻ വായിച്ചിട്ടില്ല. പക്ഷെ, "പൂച്ചകളെപ്പോലെ തന്നെ പൂർണ്ണമായും മെരുക്കാൻ കഴിയാത്ത മൃഗമാണ് മനുഷ്യൻ" എന്ന ഒരൊറ്റ വാചകം കൊണ്ട് മാനവസംസ്കാരത്തിന്റെ ഇരുണ്ട ഇന്നലെകളിലേക്ക് നോവലിനെ ഒന്നാകെ പറിച്ചു നടുകയാണ് നോവലിസ്റ്റ്. മരിക്കാത്ത വിപ്ലവത്തിന്റെ ബീജം ആ പൂച്ചകളിൽ വളരുന്നുണ്ട്. "എത്ര മെരുക്കിയാലും മെരുങ്ങാത്തവരാണ് പൂച്ചകൾ. ഒരിക്കലും നായാട്ട് മറക്കാനാകാത്തവർ." അവയ്ക്ക് കൊല നടത്തുന്നത് അതിൽ തന്നെ ആത്മസംതൃപ്തി നൽകുന്നുണ്ട്. അവയ്ക്ക് "ഇരയുടെ മുഖത്തടിക്കുന്നത് രസം തന്നെ. തട്ടിക്കളിക്കുന്നതും കഴുത്തിൽ കടിച്ചു തൂക്കി നടക്കുന്നതും രസം തന്നെ."
"സിനിമകൾ എന്തൊരു പറ്റിക്കുന്ന ഏർപ്പാടാണ്? ഓ അപ്പോൾ പിന്നെ ജീവിതമാണോ പറ്റിക്കാത്ത ഏർപ്പാട്? വളർത്തുന്ന പൂച്ച വരെ കാലിൽ നക്കുന്നത് തിന്നാൻ കിട്ടാനാണ്." വ്യർത്ഥത നിറഞ്ഞ ലോകത്തെ അതിന്റെ നിയമങ്ങളിലൂടെ തന്നെ തോല്പിക്കണമെന്ന നോവലിസ്റ്റിന്റെ ചിന്തയും കടുത്ത നിലപാടും വ്യക്ത്തമാണ്. നിശ്ചയിച്ചുറപ്പിച്ചാൽ ആർക്കാണ് വിപ്ലവത്തെ തടയാൻ കഴിയുക? "സന്തോഷം ഇരട്ടിപ്പിക്കാനുള്ള വഴികളിലൂടെ നടന്നു തുടങ്ങിയ ഒരാളും ഏകാകിയല്ല. എത്തിപ്പിടിക്കാൻ കഴിയാത്ത ആകാശം അയാളെ നിരാശപ്പെടുത്തുകയില്ല. ജാതിയോ മതമോ വികാരം കൊള്ളിക്കുകയില്ല. തൊലിയുടെ നിറമോ മുഖത്തിന്റെ വൈരൂപ്യമോ ലജ്ജിപ്പിക്കുകയില്ല. ലഹരി കൊണ്ട് ഉന്മാദിയായ മനുഷ്യനെ നിങ്ങൾക്ക് വേറൊന്നു കൊണ്ടും പ്രലോഭിപ്പിക്കാനാവില്ല."
പുത്തൻ ആഖ്യാന ശൈലിയിൽ കരുത്തുറ്റ പ്രമേയത്തെ ശക്തമായ ഭാഷയിൽ എഴുതിയിരിക്കുന്ന മഷ്റൂം cats നവ നോവൽ തരംഗത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടെയാണ്.
പ്രസാധനം - ഇൻസൈറ്റ് പബ്ലിക്ക
പേജ് - 112
വില - 140 രൂപ