advertisement
Skip to content

യുവതലമുറയുടെ ഓണാഘോഷത്തിന് പിന്തുണയുമായി ധാരാളം പേർ. ഓണാഘോഷം ശനിയാഴ്ച രാവിലെ ഒൻപതു മുതൽ

ന്യൂയോർക്ക്: മുഖ്യധാരാ സംഘടനകളിൽ ഒന്നിലും അംഗങ്ങളല്ലാത്ത ചില യുവാക്കൾ ചേർന്ന് സംഘടിച്ച് നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ലോങ്ങ് ഐലൻഡിൽ യുവതലമുറയുടെ വൻ പിന്തുണ. സെപ്തംബർ 28 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ലെവിട്ടൗണിൽ നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് സംഘാടകർ. തലമുറകൾ തമ്മിലുള്ള അന്തരം വിളിച്ചോതുന്നതാണ് യുവ തലമുറയുടെ ഈ കൂടിവരവും കൂട്ടായ്മയും. ന്യൂയോർക്കിലെ മുഖ്യധാരാ മലയാളീ സംഘടനകളിൽ പലതിലും തലമുതിർന്ന വ്യക്തികളാണ് നേതൃത്വം നൽകുന്നതും അംഗങ്ങളായിട്ടുള്ളതും. എന്നാൽ ഇരുപത്തഞ്ചിനും നാല്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ധാരാളം യുവാക്കൾ ഒരു സംഘടനയിലും അംഗത്വം എടുക്കാതെ അവരവരുടെതായ ചില ഗ്രൂപ്പുകളായി ഒത്തുകൂടുന്ന പ്രവണതയാണ് അമേരിക്കൻ മലയാളീ കുടിയേറ്റ സമൂഹത്തിൽ കാണപ്പെടുന്നത്. അവരിൽ പലർക്കും തങ്ങളുടെ ചുറ്റിലുമുള്ള പല സംഘടനകളിലെയും ഓണാഘോഷങ്ങൾക്ക് പങ്കെടുക്കുവാൻ സാധിച്ചിട്ടില്ല. അത്തരം ചില യുവാക്കൾ ചേർന്ന് ലോങ്ങ് ഐലൻഡിൽ ഓണാഘോഷം നടത്തുവാൻ തയ്യാറായി. പേരില്ലാത്ത ഒരു സംഘടനയായി സംഘടിക്കുന്നവർ.

ലോങ്ങ് ഐലൻഡിലെ ഫ്ലോറൽ പാർക്കിലും ന്യൂഹൈഡ് പാർക്കിലും ഈസ്റ്റ് മെഡോയിലും ഹിക്സ്‌വില്ലിലും ലെവിടൗണിലും മറ്റുമായി താമസിക്കുന്ന ഏതാനും ചില യുവ സുഹൃത്തുക്കൾ ചേർന്ന് അസംഘടിതരുടേതായ സംഘടിത കൂട്ടായ്മ നടത്തുന്നതിനും ഓണാഘോഷം നടത്തുന്നതിനും തീരുമാനിച്ച് ഇന്ന് ഒത്തുചേരുകയാണ്. പതിനഞ്ചോ ഇരുപതോ യുവ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ചെറിയ രീതിയിൽ ഓണാഘോഷം നടത്താമെന്നു കരുതി സംഘടിച്ചപ്പോൾ കൂടുതൽ പേർ അതിൽ ഒത്തുചേരുവാൻ തയ്യാറാകുകയും ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങളിൽ നിന്നും ഇരുന്നൂറ്റി അൻപതിലധികം വ്യക്തികൾ പങ്കെടുക്കുന്ന വലിയ ആഘോഷമായി അത് മാറുകയാണ്.

മാന്നാർകാരനായ ജെയ്‌സണും സുഹൃത്തുക്കളായ കോശി തോമസ്, നിധിൻ രാജ്, ജിജോ തോമസ്, ബെന്നി രാജൻ, ധനൂപ് ജെസ്സിൻ എന്നിവരും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൈകുന്നേരം ഒത്തുകൂടിയപ്പോൾ മനസ്സിലുദിച്ച ആശയമാണ് ഇപ്പോൾ വലിയൊരു സൗഹൃദ കുടുംബ കൂട്ടായ്മയായി ഇരുന്നൂറ്റി അൻപതോളം പേരെ സംഘടിപ്പിച്ചു നടത്തപ്പെടുന്ന ഓണാഘോഷം. ഈ ചെറുപ്പക്കാർ അവരുടെ കുട്ടികളും കുടുംബാംഗങ്ങളുമായി ചുരുങ്ങിയ രീതിയിൽ ഒത്തുകൂടാമെന്ന് തീരുമാനിച്ച് അവർ തന്നെ ഡിസൈൻ ചെയ്ത ഒട്ടും ആകർഷകമല്ലാത്ത ഒരു ഫ്ലയെർ തയ്യാറാക്കി അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ മെസ്സേജ് നൽകി. താൽപ്പര്യമുള്ളവർ ഇരുപത്തിയഞ്ച് ഡോളർ നൽകി പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചപ്പോൾ അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് പേരാണ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പേരുകൾ രജിസ്റ്റർ ചെയ്തത്. അതും പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ഇരുപത്തിയഞ്ച് ഡോളർ വീതം ഓൺലൈനായി നൽകുകയും ചെയ്തു. ഇത് സംഘാടകരിൽ ആവേശമുണർത്തി.

പ്രത്യേകിച്ച് പ്രസിഡന്റോ ചെയർമാനോ സെക്രട്ടറിയോ ഒന്നുമില്ലാത്ത സംഘടിത ഗ്രൂപ്പായി അവർ പരിപാടികൾ ആസൂത്രണം ചെയ്തു. ഇരുപതോ മുപ്പതോ പേർ ചേർന്ന് ഒന്നോ രണ്ടോ മണിക്കൂർ ഒത്തുകൂടി ഓണ സദ്യ നടത്തി പിരിയാമെന്നു കരുതിയവർ ഇപ്പോൾ ഇരുന്നൂറ്റി അൻപതോളം പേർക്ക് ഓണസദ്യ ഒരുക്കി രാവിലെ ഒൻപതു മുതൽ വൈകിട്ട് നാല് വരെ വിവിധ പരിപാടികളുമായി ആഘോഷിക്കുവാൻ തയ്യാറെടുത്തിരിക്കുന്നു. സ്വന്തം കുട്ടികളുടെയും കലാപരമായി അൽപ്പം കഴിവുള്ള കുടുംബാംഗങ്ങളുടെയും വിവിധ പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം കെങ്കേമം ആക്കുവാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു. ലെവി ടൌൺ ഓർത്തഡോക്സ്‌ പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ഈ സൗഹൃദ കൂട്ടായ്മ പുതിയ ഒരു തലത്തിലേക്കുള്ള കൽവെയ്പ്പായാണ് സംഘാടകർ കരുതുന്നത്.

സുഹൃത്തുക്കളായ ജെയ്സൺ മാന്നാർ, കോശി തോമസ്, നിധിൻ രാജ്, ജിജോ തോമസ്, ബെന്നി രാജൻ, ധനൂപ് ജെസ്സിൻ, ലീബ ജിജോ, റൂണാ രാജു, ഷൈനു ജെയ്‌സൺ, ശീതൾ ജോയ്, ഷെറിൽ ആൻ രാജൻ, ആഗ്നസ് സണ്ണി, എയ്ഞ്ചൽ സണ്ണി, ബീനാ വിനോജ്, നെലു ജോസഫ് എന്നിവരാണ് സ്ഥാനമാനങ്ങൾ ഒന്നുമില്ലാതെ ഈ സൗഹൃദ കുടുംബ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

"ഇവിടെ വളർന്നു വരുന്ന പുതു തലമുറക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും വികസിപ്പിക്കുവാനുമുള്ള ഒരു അവസരം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ ഞങ്ങൾ ഒത്തു കൂടുന്നത്. മറ്റ് പൊളിറ്റിക്സ് ഒന്നും ഇല്ലാതെ കൂട്ടായ്മയോടെ അടുത്ത തലമുറക്ക് മാർഗ്ഗ ദർശിയായി മുമ്പോട്ട് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി വീണ്ടും ഇതുപോലുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്." സംഘാടകരായ കോശി തോമസും ജെയ്‌സൺ ഗീവർഗ്ഗീസും ചേർന്ന് ഈ ലേഖകനോട് പറഞ്ഞു. ഇവരുടെ കൂട്ടായ്മയും പ്രവർത്തനവും സമൂഹത്തിലുള്ള മുതിർന്ന തലമുറക്കാർക്ക് ഒരു ചിന്താവിഷയമാകട്ടേ എന്ന് പ്രത്യാശിക്കുന്നു. യുവാക്കളുടെ കൂട്ടായ്മക്ക് എല്ലാവിധ ആശംസകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest