2022 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. 2023 മാർച്ച് എത്തിയപ്പോഴേക്കും രാജ്യത്തെ മിക്ക നഗരങ്ങളിലും അതിവേഗ 5ജി വിന്യസിച്ചു കഴിഞ്ഞു. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ 5ജി സേവനങ്ങളിലേക്ക് മാറി. ലോക ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ 5ജി നിരക്കാകും ഇന്ത്യയിൽ വരാൻ പോകുന്നതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് പറഞ്ഞത്.
രാജ്യത്തുടനീളമുള്ള നൂറുകണക്കിന് നഗരങ്ങളിൽ 5ജി സേവനം ലഭ്യമാണ്. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനത്തെയും ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഒരു സെഷനിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്കിനെ ബിൽഗേറ്റ്സ് പ്രശംസിക്കുകയും ഇന്ത്യ ഭാവിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി ലഭ്യമാകുന്ന വിപണിയാകുമെന്നും പറഞ്ഞത്.
ഇന്ത്യയ്ക്ക് മികച്ച ഡിജിറ്റൽ നെറ്റ്‌വർക്ക് ഉണ്ട്, സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരും കൂടുതലാണ്. ഫീച്ചർ ഫോണുകൾ ഉപയോഗിച്ചും ഇന്ത്യയിൽ ഇടപാടുകൾ തുടങ്ങിയിരിക്കുന്നു എന്നും ബിൽഗേറ്റ്സ് പറഞ്ഞു. നിലവിലെ 4ജി കണക്റ്റിവിറ്റി മികച്ചതാണ്, ഇത് വളരെ വിശ്വസനീയമാണ്, ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതാണ്. 5ജി യിലും അതുതന്നെയാണ് ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി സേവനം ലഭിക്കുന്ന വിപണിയായിരിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന് ഇന്ത്യ ‘അടിത്തറ സ്ഥാപിച്ചു’ കഴിഞ്ഞു. രാജ്യത്തെ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം മികച്ചതാണ്. സാമ്പത്തിക ആക്‌സസും പേയ്‌മെന്റും എല്ലാം പ്രത്യേകം ആപ്ലിക്കേഷനുകൾ വഴിയാണ് നടക്കുന്നതെന്നും ബിൽഗേറ്റ്സ് പറഞ്ഞു.