ഷിക്കാഗോ ∙ ടോം ലാത്തറ രചിച്ച ‘ലവ് ലൈക് എ റിവർ’ എന്ന കവിതാ സമാഹാരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യൂയാക്കിം മാർ കൂറിലോസ് ഷിക്കാഗോ ലംബാർഡ് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. വർഗ–വർണ്ണ–ഭാഷാ വിവേചനങ്ങൾക്കതീതമായി ലോകത്തെങ്ങുമുള്ള മനുഷ്യന്റെ മാനസിക വികാരവേലിയേറ്റങ്ങളുടെ നേർക്കാഴ്ചയാണ് ഈ കവിതകളുടെ ഉള്ളടക്കം.
ലോക രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രകളിലൂടെയും ജീവിത അനുഭവങ്ങളിലൂടെയും ആർജിച്ച മാനസിക ഭാവങ്ങളെ വരച്ചു കാട്ടുകയാണ് ടോം ലാത്തറ ഈ കവിതകളിലൂടെ. ഈ കവിതകൾ മനുഷ്യമനസിൽ ഒളിഞ്ഞിരിക്കുന്ന മാരിവില്ലിന്റെ മാസ്മരികത തിരിച്ചറിയുവാനും അങ്ങനെ പുത്തൻ മാനവികതയിലേക്കുള്ള പ്രയാണത്തിന് പ്രേരിപ്പിക്കുന്നതാകട്ടെയെന്ന് മാർ കൂറിലോസ് ആശംസിച്ചു.
ടി. ജി. ഏബ്രഹാമിന് ആദ്യ പ്രതി നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ഷിക്കാഗോ ലംബാർഡ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ. അജിത്ത് കെ. തോമസ്, ടോം ലാത്തറ, ലംബാർഡ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി അംഗങ്ങളും പങ്കെടുത്തു. ഇതിന്റെ കോപ്പികൾ ആമസോണിൽ ലഭ്യമാണ്.