advertisement
Skip to content

ലാനയുടെ സാഹിത്യോത്സവം - 2024 ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥി

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം ന്യൂയോർക്കിലെ അക്ഷര നഗരിയിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ നടത്തപ്പെടുന്നു. ന്യൂയോർക്കിലെ കേരളാ സെൻറ്റർ ആണ് അക്ഷര നഗരിയായി അണിഞ്ഞൊരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി എത്തിച്ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും വലിയ നിരതന്നെ പങ്കെടുക്കും.

ഇ.സന്തോഷ് കുമാർ, മലയാള സാഹിത്യകാരന്മാരുടെ മുൻനിരയിൽ എത്തപ്പെട്ട എഴുത്തുകാരനാണ്. 2006ലും, 2012ലും കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിൻറെ 'ചാവുകളി' 'അന്ധകാരനഴി' 'ജ്ഞാനഭാരം', 'പാവകളുടെ വീട്' എന്നീ രചനകൾ ഇതിനകം തന്നെ മലയാള വായനക്കു പുതിയ വാതായനങ്ങൾ സമ്മാനിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വളർന്നുവന്ന മലയാളത്തിലെ എഴുത്തുകാരുടെ പുതിയ തലമുറയോടൊപ്പമാണ് അദ്ദേഹം പൊതുവെ തിരിച്ചറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ രചനയിൽ രണ്ട് മുഴുനീള നോവലുകളും ആറ് നോവലെറ്റുകളും അറുപതിലധികം ചെറുകഥകളും ഉൾപ്പെടുന്നു.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ കഥ, കവിത തുടങ്ങി സാഹിത്യമേഖലയിലെ പുതിയ പ്രവണതകൾ, വൈവിധ്യമാർന്ന ചർച്ചകൾ, പഠനകളരികൾ, വിനോദങ്ങൾ ഒക്കെ ക്രമീകരിച്ചിട്ടുണ്ട്. ഭാഷയെ സ്നേഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ ചേർത്തിണക്കിയ സമ്പൂർണ്ണ സമ്മേളനം നോർത്ത് അമേരിക്കയിലെ എഴുത്തുകാർക്ക് ഓർമ്മയിൽ സൂക്ഷിക്കാനുള്ള അനുഭവം ആകുമെന്നു സംഘാടകർ അറിയിക്കുന്നു.

സമ്മേളനത്തിൽ ലാനയ്‌ക്ക്‌ നേതൃത്വം നൽകിയ അതിൻറെ മുൻകാല പ്രവർത്തകരെ ആദരിക്കുകയും, അനുസ്മരിക്കുകയും ചെയ്യും.

സമ്മേളനത്തിന് ജേക്കബ് ജോൺ, മനോഹർ തോമസ്, ജെ. മാത്യൂസ്, സാംസി കൊടുമൺ, സന്തോഷ് പാലാ, രാജു തോമസ്, കെ. കെ. ജോൺസൺ, കോരസൺ വർഗീസ്, ജോസ് കാടാപ്പുറം, നിർമലാ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ ലാനയുടെ ലിങ്കിൽ ലഭ്യമാണ് (lanalit.com). മനോഹർ തോമസ് (917-9742670), ജെ. മാത്യൂസ് (914-4501442).

Registration Link:

https://docs.google.com/forms/d/e/1FAIpQLSdgUziQ8PfZc7NGpROcFnxRY8IK_mNcUS-FHdsC1Y3YkL5xCQ/viewform?usp=sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest