തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിഗണിച്ച് ലംബോർഗിനി. ഇതിന്റെ ഭാഗമായി കമ്പനി സ്ഥാപകൻ ഫെറൂച്ചിയോ ലംബോർഗിനിയുടെ മകൻ ടൊറിനോ ലംബോർഗിനി വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തി.
ഇലക്ട്രിക് വാഹനങ്ങളുടേയും ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടേയും നിർമ്മാണത്തിൽ കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കമ്പനി ആലോചിക്കുന്നുണ്ട് പി.രാജീവ് അറിയിച്ചു. ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിലും കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് കമ്പനി അറിയിച്ചതായി പി.രാജീവ് പറഞ്ഞു.
ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളുടെ അസംബ്ളിംഗിനായി നികുതി ഇളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.