കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് പൊന്മുടി. തലസ്ഥാന നഗരിയില്‍ നിന്ന് ഒരു ഷോര്‍ട്ട് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാന്‍ പറ്റിയ സുന്ദരമായ സ്ഥലം. കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊന്മുടിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതമായി തുടങ്ങിയതിന് പിന്നാലെ ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും വീണ്ടും പൊന്മുടിയെ 'ഒറ്റപ്പെടുത്തി'. പൊന്മുടിയിലേയ്ക്കുള്ള റോഡ് പന്ത്രണ്ടാം മൈലിന് സമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ രണ്ടര മാസത്തോളമായി ഇവിടം അടഞ്ഞുകിടക്കുകയായിരുന്നു.
മഞ്ഞുമൂടി കിടക്കുന്ന പൊന്മുടി കാണാന്‍ നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയെങ്കിലും കല്ലാറില്‍ വെച്ച് നിരാശരായി മടങ്ങേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഇതാ മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇന്ന് മുതല്‍ (ഡിസംബര്‍ 16) പൊന്മുടിയിലേയ്ക്ക് സഞ്ചാരികളെ കയറ്റിവിടുമെന്ന് വനംവകുപ്പ് അറിയിച്ചിരിക്കുകയാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സഞ്ചാരികളെ നിയന്ത്രണങ്ങളോടെയാണ് പൊന്മുടിയിലേയ്ക്ക് കയറ്റി വിടുക. നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെ.എസ്.ടി.പിയുടെ നിര്‍ദ്ദേശം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ സുന്ദരമായ ഒരു ഹില്‍സ്റ്റേഷനാണ് ഇത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്ത് വേണം പൊന്മുടിയില്‍ എത്തിച്ചേരാന്‍. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. ഗോള്‍ഡന്‍ വാലി, പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊന്‍മുടിയിലെ പ്രധാന കാഴ്ചകള്‍. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം സ്ഥിതി ചെയ്യുന്നത് പൊന്മുടിക്ക് അടുത്താണ്. തകർന്ന റോഡ് സഞ്ചാര യോഗ്യമായതോടെ പൊന്മുടി വീണ്ടും സജീവമാകുകയാണ്.