വിശ്വാസങ്ങളുടെ അടിത്തറയിൽ മാത്രം ഉറച്ചു നിൽക്കുന്ന കെട്ടിടമാണ് മന്ത്രവിദ്യ. അത് നടത്തുന്ന മന്ത്രവാദി തന്നെ വിശ്വാസങ്ങളെ ഹനിച്ചാലോ? സദ് മന്ത്രവാദങ്ങൾ അവസാനിക്കുന്നിടത്ത് ദുർമന്ത്രവാദം ആരംഭിക്കുന്നു. എന്നാൽ ആത്യന്തിക ശാന്തിയും സന്തോഷവും സമാധാനവും നല്കാൻ അതിനാവുമോ? ഒരിക്കൽ നഷ്ടപ്പെടുത്തിയ നന്മ തിരിച്ചു വരുമോ? മലയാളത്തിൽ ഇറങ്ങിയ മാന്ത്രിക നോവലുകളിൽ എടുത്തു പറയേണ്ട പേരാണ് പി വി തമ്പി എഴുതിയ കൃഷ്ണപ്പരുന്ത്.
യക്ഷിഗന്ധർവരക്ഷസ്സുകളെ ചൂണ്ടാണി വിരൽ കൊണ്ട് ചൂണ്ടി വിറപ്പിക്കാൻ കരുത്തുള്ള പുത്തൂർ തറവാട്ടിലെ അവസാനത്തെ മന്ത്രവാദിയുടെ കഥയാണ് കൃഷ്ണപ്പരുന്ത് എന്ന നോവൽ പറയുന്നത്. ഗരുഡ ഭഗവാനെ ആരാധനാമൂർത്തിയായി സ്വീകരിച്ചു ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടവനാണ് ഈ തറവാട്ടിലെ മന്ത്രവാദികൾ. മാതുലവാത്സല്യത്താലോ, തന്റെ കുടുംബത്തിൽ നിന്ന് തന്നെയാവണം അനന്തരാവകാശി എന്ന കടുംപിടിത്തത്താലോ പപ്പുത്തമ്പി മരിക്കുന്നതിന് മുൻപ് മന്ത്രമുപദേശിച്ചത് ദുർനടപ്പുകാരനായ കുമാരൻ തമ്പിക്കായിരുന്നു.
മന്ത്രവാദിയായതോടെ ദുർ നടപ്പുകൾ മാറ്റി നല്ലവനായ കുമാരൻ തമ്പി തന്റെ പൂർവ്വികരെക്കാൾ പ്രശസ്തരായി. എന്നാൽ കുമാരൻ തമ്പിയുടെ വളർച്ചയിൽ അസൂയ പൂണ്ടവരും ആ സ്ഥാനം മോഹിച്ചു നടന്നവരും എല്ലാം അവിടെ ഉണ്ടായിരുന്നു. അവർ കുമാരൻ തമ്പിയുടെ പഠനത്തിനായി കരുക്കൾ നീക്കി. ബ്രഹ്മചര്യം ഉപേക്ഷിച്ചു വിവാഹജീവിതം തിരഞ്ഞെടുത്ത കുമാരൻ തമ്പി പക്ഷെ മാമൂൽ നിയമങ്ങൾ തുടരാൻ സന്നദ്ധമല്ലായിരുന്നു. ലഭിച്ച സിദ്ധികൾ കൂടെ നിർത്താൻ കുമാരൻ തമ്പിയും തെറ്റായ കരങ്ങളിൽ സിദ്ധി ഇരിക്കാതിരിക്കാൻ അത് നൽകിയ മൂർത്തികളും ശ്രമിക്കുന്നതോടെ കഥ ജിജ്ഞാസയുടെ പാരമ്യത്തിലെത്തുന്നു.
ഒരു മാന്ത്രിക നോവലെന്നതിലുപരി, ഒരു നല്ല നോവലാണ് കൃഷ്ണപ്പരുന്ത്. കഥാസന്ദർഭങ്ങൾ വികസിപ്പിക്കുന്നതിലും പാത്രസൃഷ്ടിയിലും തമ്പി പുലർത്തുന്ന മികവ് എടുത്തു പറയേണ്ടതാണ്. അവസാന എട് വരെ ആകാംക്ഷ നില നിർത്തുന്ന വിധം കഥ പറയുമ്പോഴും കഥാപാത്രങ്ങളുടെ മനസ്സിലേക്ക് വായനക്കാരെ കൊണ്ട് പോകുന്നതിൽ നോവലിസ്റ്റ് വിജയിക്കുന്നുണ്ട്. കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന നിരവധി മന്ത്രങ്ങളും ഈ പുസ്തകത്തിൽ നോവലിസ്റ്റ് ഭദ്രമാക്കിയിട്ടുണ്ട് . തിന്മയുടെ വഴിയേ പോകുന്ന കുമാരൻതമ്പിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനസ്സോടെയാണ് വായനക്കാരനെ തമ്പി വഴി നടത്തുന്നത്. അന്യം നിന്ന് പോകുന്ന മന്ത്രവാദത്തിന്റെ ശാഖയ്ക്ക് വേണ്ടി കരുതി വെച്ച പ്രാർത്ഥനകൾ കൂടിയാകാം അത്.
മലയാള മാന്ത്രിക നോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മാറ്റി വെക്കാൻ പറ്റാത്ത ഒരു പുസ്തകമാണ് കൃഷ്ണപ്പരുന്ത്.
പി വി തമ്പി എഴുതിയ കൃഷ്ണപ്പരുന്ത് എന്ന നോവൽ റിവ്യൂ
മലയാള മാന്ത്രിക നോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മാറ്റി വെക്കാൻ പറ്റാത്ത ഒരു പുസ്തകമാണ് കൃഷ്ണപ്പരുന്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -