ദിവസേന ആയിരക്കണക്കിനു സന്ദര്‍ശകരെത്തുന്ന കോഴിക്കോട് ബീച്ച് ഇനി കൂടുതല്‍ സുന്ദരിയാകും. രാജ്യത്തെ ആദ്യത്തെ മാതൃകാ ബീച്ചായ കോഴിക്കോട് കടപ്പുറത്ത് എത്തുന്നവര്‍ ഇനി വൃത്തിഹീനമായ ഉന്തുവണ്ടികളും അവയിലെ വിഭവങ്ങളും കണ്ട് വഴിമാറിപ്പോകേണ്ടിവരില്ല. ബീച്ചില്‍ ഫ്രീഡം സ്‌ക്വയറിനു മുന്നിലെ വെന്‍ഡിംഗ് സോണ്‍ The Corporation Council has approved a DPR of Rs 4.08 crore for infrastructure development.
ഡി-എര്‍ത്ത് ആര്‍കിടെക്റ്റ്സ് എന്ന സ്വകാര്യ സ്ഥാപനമാണ് ബീച്ചിനെ മോടിപിടിപ്പിക്കുന്നതിനു ചുക്കാന്‍പിടിക്കുക. കുടുംബശ്രീയുടെ എന്‍.യു.എന്‍.എല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.പി.ആര്‍ സര്‍ക്കാര്‍ അംഗീകാരത്തിന് അയക്കുന്നതിനു മുന്നോടിയായി തുറമുഖ വകുപ്പിന്റെ എന്‍.ഒ.സി വാങ്ങും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഉന്തുവണ്ടി മേഖല കരിങ്കല്ലും മണലും കൊണ്ട് സംവിധാനിക്കും. കോണ്‍ക്രീറ്റ് ഇടാതെ പ്രകൃതി സൗഹൃദമാക്കും. ഉന്തുവണ്ടികളുള്ള ഭാഗത്തേക്ക് കടക്കാന്‍ പ്രത്യേക വഴിയുണ്ടാകും. ബീച്ച് വൃത്തികേടാകാതെ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ സംവിധാനം വരും. പൊതു പരിപാടികളെ തുടര്‍ന്നും നാടോടികള്‍ മൂലവുമാണ് ബീച്ച് കൂടുതലായി മലിനമാകുന്നത. ബീച്ചിലെ പൊതു പരിപാടികള്‍ കഴിയുന്നതോടെ സമീപത്തെ ലയണ്‍സ് പാര്‍ക്ക് മാലിന്യക്കൂമ്പാരമായി മാറുകയാണ്.
ബീച്ചിലെ കിണറുകളിലെ മലിനജലമാണ് നിലവില്‍ ഉന്തുവണ്ടിക്കാര്‍ ഉപയോഗിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. ഇവിടെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ടാപ്പുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതുതായി ഉന്തുവണ്ടികള്‍ അനുവദിക്കുമ്പോള്‍ അനധികൃത ബങ്കുകള്‍ വരാതിരിക്കാന്‍ നടപടിയുണ്ടാകുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ദിവാകരന്‍ അറിയിച്ചു. ബീച്ചില്‍ ലഭ്യമാകുന്ന ജലവും ഭക്ഷണവും ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പാക്കാന്‍ ഡിടിപിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
92 നൂതന പെട്ടിക്കടകള്‍ സ്ഥാപിക്കും
ബീച്ചിലെ തെരുവു കച്ചവടക്കാരുടെ പുനരധിവാസം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ലൈസന്‍സുള്ള 92 കച്ചവടക്കാര്‍ക്ക് പുതുതായി രൂപകല്‍പന ചെയ്ത പെട്ടിക്കടകള്‍ക്കുള്ള തുക കേരള ബാങ്ക് മുഖേന വായ്പയായി അനുവദിക്കും. ഉന്തുവണ്ടി രൂപകല്‍പന ചെയ്ത് നല്‍കുന്നതിന് ഡി-എര്‍ത്തിനെയാണ് ചുമതലപ്പെടുത്തിയത്. 1,38,465 രൂപയാണ് ഒരു ഉന്തുവണ്ടിക്കുള്ള ചെലവ്. ഉന്തുവണ്ടികളുടെ മാതൃക ഡി-എര്‍ത്ത് പ്രതിനിധി ആര്‍കിടെക്റ്റ് വിവേക് സമര്‍പ്പിച്ചിട്ടുണ്ട്.
ചക്രമുണ്ടെങ്കിലും ഉന്തി കൊണ്ടുപോകേണ്ടതില്ലാത്ത പെട്ടിക്കടയുടെ മാതൃകയിലുള്ള ഉന്തുവണ്ടികളാണ് ബീച്ചില്‍ ഇനിയുണ്ടാവുക. ഇവയുടെ അകത്തു നിന്നാണ് കച്ചവടം നടത്തുക. 65 ചതുരശ്ര അടിയാണ് ഒരു വണ്ടിക്ക് അനുവദിക്കുക.
ബീച്ച് ആശുപത്രിയുടെ അഭിമുഖമായുള്ള 500 മീറ്റര്‍ ഭാഗത്താണ് ഉന്തുവണ്ടികള്‍ ഉണ്ടാവുക. ഉന്തുവണ്ടികള്‍ ബീച്ചില്‍ ചിതറിക്കിടക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. ഇവയ്ക്ക് പ്രത്യേക സ്ഥലം മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ ബീച്ചിലേക്കുള്ള സന്ദര്‍ശകപ്രവാഹത്തെ ഇത് തടസപ്പെടുത്തില്ല.
ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം
ശുദ്ധജല ലഭ്യത, മാലിന്യസംസ്‌കരണം തുടങ്ങിയവ ഉറപ്പുവരുത്തിയുള്ള നൂതന സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മലിനജലം സംസ്‌കരിച്ചശേഷം കടലിലേക്ക് വിടുകയാണ് ചെയ്യുക. പ്ലാസ്റ്റിക്കോ മറ്റു മാലിന്യങ്ങളോ ബീച്ചില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കാന്‍ ഉന്തുവണ്ടികള്‍ക്കിടയില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 92 ഉന്തുവണ്ടികള്‍ക്കാണ് അനുമതിയെങ്കിലും തുടര്‍ന്ന് കൂടുതല്‍ എണ്ണത്തിന് അനുമതി നല്‍കും. ഇങ്ങനെ തെരുവു കച്ചവടക്കാരെ പൂര്‍ണമായി പുനരധിവസിപ്പിക്കാനാണ് പദ്ധതി.