advertisement
Skip to content

കേരളത്തിലെ അവസാന ജൂതര്‍- ചിത്രപ്രദര്‍ശനം വാഷിംഗ്ടണില്‍

വാഷിംഗ്ടണ്‍ ഡി.സി: കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ കടന്നുവരുന്ന പ്രധാന കാര്യങ്ങളാണ്- ജൂത തെരുവും, ജൂത പള്ളിയുമൊക്കെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതനായ യഹൂദ ആരാധനാലയം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിക്കഴിഞ്ഞു. അതുമല്ല കേരളത്തിലെ യഹൂദന്മാരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇന്ന് ഏറെക്കുറെ ഒരു ചരിത്ര സ്മരണകളായി മാറിയിരിക്കുന്നു. അതിനുള്ള കാരണം ഇസ്രയേല്‍ എന്ന ജൂത രാജ്യമുണ്ടായപ്പോള്‍, കേരളത്തിലെ ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറി എന്നുള്ളതാണ്.

ബി.സി കാലഘട്ടത്തില്‍ തന്നെ യഹൂദന്മാര്‍ വാണിജ്യ കാര്യങ്ങളാല്‍ കേരള മേഖലയില്‍ എത്തി എന്നാണ് നിഗമനം. എ.ഡി 68-ല്‍ ജറുസലേമിലെ ജൂത ദേവാലയം റോമാക്കാര്‍ നശിപ്പിച്ചപ്പോള്‍ ഏതാണ് പതിനായിരത്തോളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന യഹൂദന്മാര്‍ കൊടുങ്ങല്ലൂരിലെത്തി എന്ന് ചരിത്രം പറയുന്നു. കൊടുങ്ങല്ലൂര്‍, ചാവക്കാട്, മാടായിപ്പാറ, മാള എന്നീ സ്ഥലങ്ങളില്‍ പ്രതാപികളായി ജീവിച്ചിരുന്ന യഹൂദന്മാര്‍, സാമൂഹിക, സാംസ്‌കാരിക, വാണിജ്യ, സാമ്പത്തിക രംഗങ്ങളില്‍ പ്രമാണിമാരായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ അവരുടെ അടിച്ചമര്‍ത്തലും, പീഡനങ്ങളാലും യഹൂദര്‍ കൊച്ചി രാജ്യത്തിലേക്ക് പലായനം ചെയ്യുകയും, കൊച്ചി രാജാവ് അവരെ സ്വീകരിച്ചുവെന്നും അങ്ങനെയാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവും, ജൂത പള്ളിയുമൊക്കെ ഉണ്ടാകുന്നത്. 1948-ല്‍ ഇസ്രയേല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കേരളത്തിലെത്തിയ യഹൂദര്‍ മിക്കവരും ഇസ്രയേലിലേക്ക് മടങ്ങി.

1961-ലെ സെന്‍സസ് പ്രകാരം 359 യൂദാന്മാര്‍ ആണ് അന്ന് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 1991-ല്‍ അവരുടെ എണ്ണം 120-ല്‍ താഴെയായി. 2024-ല്‍ പതിനാല് മലബാര്‍ യഹൂദന്മാരും ഒരു പരദേശി യഹൂദനുമാണ് കേരളത്തില്‍ അവശേഷിക്കുന്നത്.

ഈ അവശേഷിക്കുന്ന യഹൂദന്മാരുടെ കഥ ക്യാമറക്കണ്ണിലൂടെ എമ്മി അവാര്‍ഡ് ജേതാവായ ജോഷ്വ കോഗന്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനം "The Latest Jews of Cochin' എന്ന പേരില്‍ വാഷിംഗ്ടണ്‍ ഹൂബ്രൂ കോണ്‍ഗ്രിഗേഷന്റെ ക്രീഗര്‍ ലോബിയില്‍ ജനുവരി 14-ന് ആരംഭിച്ചു. മാര്‍ച്ച് അവസാനം വരെ ചിത്രപ്രദര്‍ശനം തുടരുന്നതാണ്. സീനിയര്‍ റാബി സൂസന്‍ ഷാങ്ക്മാന്‍, ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ബിനോയ് തോമസ്, ഫോട്ടോ ജേര്‍ണലിസ്റ്റ് ജോഷ്വാ കോഗന്‍ എന്നിവര്‍ ചിത്രപ്രദര്‍ശന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ചിത്രപ്രദര്‍ശനം കാണുവാന്‍ താത്പര്യമുള്ളവര്‍ 3935 Maconb Street, N.W-ലുള്ള വാഷിംഗ്ടണ്‍ ഹീബ്രൂ കോണ്‍ഗ്രിഗേഷന്‍ സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest