രചന : സജിത വിവേക്
വാക്കിന്റെ തുമ്പിലായ് ചേർത്തുഞാൻ
തുന്നിയ ഇഷ്ടമിന്നെ, ന്നെ പുണർന്നിടുന്നു.
ഹൃദയത്തിനോടു ചേർന്ന് മന്ത്രിക്കുന്നു
നിന്നോടെ..നിക്കിന്നനുരാഗമല്ലയോ.
മിഴികളിൽ നിറയുന്ന പുലർകാലവേളയും
പ്രണയാർദ്രമാകുന്ന തെളിവാർന്നപകലും.
നീയെന്നിൽ നിറയുന്നു പ്രണയമായൊഴുകുന്നു
ഇടനെഞ്ചിൽ മോഹത്തിൻ കൂടുമൊരുക്കുന്നു.
കാതങ്ങളെത്ര, യകലെയാണെങ്കിലും
ചാരത്തു പ്രാണനായ് ചേർന്നിടുന്നു
എന്നോ പൊഴിഞ്ഞൊരു സ്വപ്നങ്ങളൊക്കെയും
സ്നേഹമായെന്നിൽ നിറഞ്ഞിടുന്നു
ഒരു മൃദുസ്പര്ശത്തിൽ നിന്നെയറിയുവാൻ
ഒരു നോക്കുകാണുവാൻ മിഴികാത്തു നിൽക്കുന്നു
നീയെന്നിൽ നിറയാത്ത നിമിഷങ്ങളിനിയില്ല
മരണം പിരിക്കുന്ന നാൾവരേയും
കാതിലായ് നിൻസ്വരം പതിയെ കുറുകുന്നു
പാതി വിരിഞ്ഞൊരു പൂവുപോലെ.
വാക്കുകൾ ചേർത്ത് നാം തമ്മിൽ കൊരുക്കുന്നു
പുത്തൻ കിനാവുകൾ നെയ്തിടുന്നു
നിശാഗന്ധി പൂക്കുന്നു നീയെന്നിൽ
നിറയുന്നു പ്രണയ സുഗന്ധം പരന്നിടുന്നു
വിരൽത്തുമ്പിലിറ്റുന്ന മൃദുവായവാക്കിനാൽ
മൊഴികളിൽ പ്രണയം കുറിച്ചീടുന്നു.
മൃദുചുംബനങ്ങളാൽ മിഴികളിൽ നിറയണം
ഹൃദയങ്ങളോന്നായ് മിടിച്ചീടണം
മധുരമായ് തീർന്നൊരീ പ്രണയകാലത്തെ
മധുര സ്‌മൃതികളായ് മനസ്സിൽ വളർത്തണം
ആകാശമുള്ളിൽ നിറച്ചീടണം
കടൽപോലെയുള്ളിൽ തിരയടിച്ചീടണം
കണ്ണിൽ നിന്നൊ, ന്നു നീ അകന്നിടുമ്പോൾ
വിരഹത്തിൻ ചൂടി..നാൽ ഉരുകീടണം
നീയെന്നിൽ നിറയാത്ത നിമിഷങ്ങളിനിയില്ല
മരണം പിരിക്കുന്ന നാൾവരേയും
കാതങ്ങളെത്ര, യകലെയാണെങ്കിലും
ചാരത്തു പ്രാണനായ് ചേർന്നിടുന്നു.