കവിത: ജിഷ യു.സി
പുക ചിത്രം വരച്ച
അടുക്കളച്ചുമരിൽ മങ്ങിക്കത്തിയ വയസ്സൻ ബൾബ് ദയനീയമായി കണ്ണുകളിടക്കിടെ ചിമ്മിത്തുറക്കേ
അവൾക്കൊപ്പമുണരുന്നു അവളുടെയടുക്കള
കിണറ്റുവക്കിൽ ഞെളുങ്ങിച്ചുളുങ്ങിയ
വയസ്സിത്തൊട്ടി മടിയോടെ പതിവായ് പായാരംപറയുന്നു
തണുത്ത വെള്ളത്തിലിട്ടു നീയെന്നെമുക്കിത്താഴ്ത്തി ദ്രോഹിക്കുന്നതെന്തിന് ?
എനിക്കു മതിയായി വയ്യ കുഞ്ഞേ നീ ഒന്നഴിച്ചു മാറ്റുമോ എന്നെ
ഞെളുങ്ങിയൊട്ടിയ തൊട്ടിയിലവശേഷിച്ച വെള്ളംഓട്ടയൊട്ടിച്ച ബക്കറ്റിലൊഴിക്കവേ
ഓട്ടയൊട്ടിച്ച നന്ദി
കാണിച്ചതു നിറഞ്ഞു കവിയുന്നു
ഗ്യാസ് തീർന്നത് ഇന്നലെയെന്നാൽ
വിറകടുപ്പിനിക്ഷയായി കെട്ടോ
എങ്കിലും
നീറി നീറിപ്പുക തുപ്പി പിന്നെ യാളിയാളിത്തെളിഞ്ഞതു പറയുന്നു പായാരം
ഞാനിവിടെ തണുത്തു കിടന്നിട്ടെത്ര നാളായി
മിക്സിയുടെ ജാറിന് ഓട്ടയായിട്ട് ഏറെ നാളായി വെള്ളം വീണ് മിക്സി മെഷീനിന് ഷോക്കായിത്തുടങ്ങി .
ഇങ്ങനെ പോയാൽ നിന്നെ ഞാൻ ഷോക്കടിപ്പിക്കുമെന്ന് മിക്സി പതിവായികണ്ണൂരുട്ടി പറയും പായാരയവളെ പേടിപ്പിക്കാൻ
പൊട്ടിയപൈപ്പ് വായിലവ ളൊരു ലുങ്കി കെട്ടിവച്ച തിഷ്ടപ്പെട്ടില്ല പറയുന്നു പായാരം പിന്നെ
കരയുന്നു തുണി മുഴുവൻ നനച്ചു കുതിർത്തുന്നു
കത്തിയുടെ പിടി പോയിട്ട തു പായാരം പറഞ്ഞു കൊണ്ടവളുടെ
കൈമുറിയ്ക്കുന്നുണ്ട് പലവട്ടം
ചിരവനാക്കിനാട്ടം കൂടിയ ഹങ്കാരവും
തേങ്ങയൊരു മുറി പോലും ചിരവാനായില്ല കെട്ടോ
വാലൻ പാത്രമതിന്റെ വാലു കാണാതെപ്പലവട്ടം
കയ്യു പൊള്ളിച്ചവളോടു
കയർക്കുന്നു
പാവം വക്കുപൊട്ടിയവശയായ ഭരണി മാത്രമൊന്നും പഴിക്കുന്നില്ലെന്നു ധരിക്കെ
പൊട്ടിയ വക്കു തീർത്തൊരോട്ടയിലൂടെയതാ പാറ്റയൊന്നു കയറിയെന്നു കയർക്കുന്നു
മഞ്ഞപ്പിത്തം കനത്ത പഴയ ബൾബ്
മങ്ങിക്കത്തിപ്പിന്നെപ്പാവം
ചത്തു പോയല്ലോയിന്ന്
ഇരുട്ടുപരക്കുന്നയടുക്കളക്കൊപ്പം പതിവു പായാരങ്ങളു മഹങ്കാരങ്ങളുമടുക്കളയും അവളുമൊതുങ്ങുന്നു