കേന്ദ്ര റെയില്‍വേ, ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി ദര്‍ശന സര്‍ദോഷ് വ്യാഴാഴ്ച രാവിലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്റെ നിരവധി മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടു. മഞ്ഞുമൂടിയ ശ്രീനഗര്‍ സ്റ്റേഷന്റെ ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. ആരേയും ആകര്‍ഷിക്കാന്‍ പോന്നവയാണ് ഈ ചിത്രങ്ങള്‍. ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളും പറയും, ഇത് ശരിക്കും സ്വര്‍ഗമാണെന്ന്.
'നമ്മുടെ ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്‍' എന്ന അടിക്കുറിപ്പോടെയാണ് സൂറത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പി ദര്‍ശന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞുകാലത്ത് ട്രെയിന്‍ യാത്ര വളരെ സുഖകരമാണെന്നും നിങ്ങളുടെ യാത്ര ശ്രീനഗര്‍ പോലൊരു സ്റ്റേഷനിലൂടെ കടന്നുപോകുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിലുടനീളം ഈ രംഗം നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും എംപി കുറിച്ചു.
ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനം എന്നാണ് ശ്രീനഗര്‍ അറിയപ്പെടുന്നത്. പ്രകൃതി സ്‌നേഹികള്‍ക്ക് ഈ സ്ഥലം സ്വര്‍ഗ്ഗത്തിനു തുല്യമാണ്. ശ്രീനഗര്‍ മഞ്ഞുകാലത്തിന് പേരുകേട്ടതാണ്. മഞ്ഞുവീഴ്ച കാണാനും മഞ്ഞില്‍ കളിക്കാനും ആളുകള്‍ പ്രത്യേകിച്ച്, ശൈത്യകാലത്ത് ഇവിടേക്ക് ഒഴുകിയെത്തുന്നു.
മഞ്ഞിന്റെ വെള്ളപ്പുതപ്പ് അണിഞ്ഞിരിക്കുകയാണ് കശ്മീരും പരിസര പ്രദേശങ്ങളും. കൂടാതെ, വെള്ള സമാധാനത്തിന്റെ നിറമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടായിരിക്കാം ശ്രീനഗറിന്റെ ഈ കാഴ്ച നമുക്ക് സമാധാനവും പ്രതീക്ഷയും നല്‍കുന്നത്. വെളുത്ത മഞ്ഞില്‍ വീഴുന്ന സൂര്യരശ്മികള്‍ അതിന്റെ തെളിച്ചം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.
ശ്രീനഗറിലെ മഞ്ഞുവീഴ്ച ആസ്വദിക്കാനും താഴ് വാരയുടെ മനോഹാരിത കാണാനും പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഈ സമയത്താണ് മഞ്ഞുവീഴ്ച അനുഭവിക്കാന്‍ സാധിക്കുന്നത്. നിങ്ങള്‍ക്ക് സ്‌കീയിംഗ്, സ്നോബോര്‍ഡിംഗ്, സ്നോ ട്രെക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം.