ഡാളസ് : സ്നേഹത്തിന്റേയും വിനയത്തിന്റേയും നിറകുടം,ഒരു മാതൃകാപുരുഷൻ,അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച ജോയിച്ചൻ പുതുകുളം ഈ വിശേഷണങ്ങൾക്കെല്ലാം അർഹനായ വ്യക്തിയാണെന്നതിൽ തർക്കമില്ല.






അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നും ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റി തിരഞ്ഞെടുത്തത് ജോയിച്ചൻ പുതുകുളത്തെയാണ്
അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ജോയിച്ചൻ പുതുകുളം മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച അദ്ദേഹം സമീപ കാലത്തു സജീവ പ്രവർത്തങ്ങളിൽ നിന്നും അല്പം പുറകോട്ടുപോയെങ്കിലും ആദ്യകാലത്തുണ്ടായിരുന്ന വീറും വാശിയും ഇന്നും അദ്ദേഹത്തിൽ പ്രകടമാണ്.ലോകജനതയെ മഹാമാരി പിടിച്ചുലച്ചപ്പോൾ അതിലോരാളായി ജോയിച്ചൻ മാറിയെങ്കിലും പരിക്കുകൾ ഏൽക്കാതെ വിജയകരമായി അതിനെ അതിജീവിക്കുവാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം മാത്രമാണെന്ന് ജോയിച്ചൻ വിശ്വസിക്കുന്നു.
ചങ്ങനാശേരിക്കടുത്ത് പുതുക്കുളത്ത് കുട്ടപ്പന്- മറിയാമ്മ ദമ്പതികളുടെ ഒമ്പതു മക്കളില്‍ ആറാമനായാണ് ജോയിച്ചന്‍ ജനിച്ചത് .പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറിയപ്പെടുന്ന മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തകനായ വക്കച്ചന് പുതുക്കുളത്തിനോടും ഭാര്യ കത്രിക്കുട്ടിയോടുമൊപ്പം ഡല്‍ഹിയില്‍ എത്തി. ഒരു വ്യാഴവട്ടത്തോളം അവിടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തശേഷം നാട്ടില്‍ മടങ്ങിവന്നു. 1980 മുല്‍ 1993 വരെ പായിപ്പാട് പ്രീമിയര്‍ വുഡ് ഇന്‍ഡസ്ട്രീസ് പാര്‍ട്ണര്‍ ആയിരുന്നു.ബിസിനസിനൊപ്പം പായിപ്പാട്ടേയും, ചങ്ങനാശേരിയിലേയും മിക്ക സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പായിപ്പാട്ട് (നാലുകോടി) പള്ളി പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ അസോസിയേഷനുകളേയും, ക്ലബുകളേയും ഭാരവാഹി, പാടശേഖര കമ്മിറ്റി കണ്‍വീനര്‍ എന്നിവയ്ക്കു പുറമെ മതസൗഹാര്‍ദ്ദ വേദി, മദ്യവര്‍ജ്ജന പ്രസ്ഥാനം എന്നിവയിലും പ്രവര്‍ത്തിച്ചു. ഇന്ന് അവിടെ പ്രശ്തമായി പ്രവര്‍ത്തിക്കുന്ന നാലുകോടി ക്ഷീരോത്പാദക സഹകരണ സംഘം സംഘാടകഡയറക്ട, റബര്‍ ഉത്പാദക സഹകരണസംഘം ഫൗണ്ടര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 1992-ല്‍ അമേരിക്കയിലേക്കു പുറപ്പെടുമ്പോള്‍ നാട്ടുകാര്‍ നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പും മംഗളപത്രവുമൊക്കെ ജോയിച്ചന്‍ ഓര്‍മ്മയില്‍ നിധിപോലെ സൂക്ഷിക്കുന്നു.
ചിക്കാഗോയില്‍ സീറോ മലബാര്‍ ഇടവകയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല പ്രവര്‍ത്തനം. ചിക്കാഗോ രൂപത നിലവില്‍വന്നപ്പോള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി. രൂപതയുടെ പബ്ലിസിറ്റി ചുമതല ജോയിച്ചനാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴിയും ഇല്ലിനോയിയിലെ മലയാളി അസോസിയേഷന് മുഖേനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അതോടൊപ്പം തന്നെ വിദൂര സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ ആഘോഷങ്ങളെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയുമൊക്കെ പത്രമാധ്യമങ്ങളില്‍ എഴുതാനും ആരംഭിച്ചു. ഒരര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തനം ജോയിച്ചന്‍ തുടങ്ങിയത് മധ്യവയസ് പിന്നിട്ടപ്പോഴാണ്. അമേരിക്കയിലെ പത്രങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ക്കുവേണ്ടി എഴുതിത്തുടങ്ങി. ടി.വി ചാനലുകള്‍ക്കുവേണ്ടിയും വാര്‍ത്തകള്‍ ശേഖരിച്ചു നല്‍കി.
ഇന്ന് അമേരിക്കയില്‍ മലയാള വാര്‍ത്തയെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം വരുന്ന പേര് ജോയിച്ചന്റേതാണ്. ജോയിച്ചന്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്താല്‍ അത് എല്ലാ മാധ്യമങ്ങളിലും വരുമെന്നതാണ് കാരണം. എതിരഭിപ്രായമുള്ളവരുമുണ്ട്. ഇന്റര്‍നെറ്റിലും മറ്റും വാര്‍ത്ത കൊടുത്താല്‍ പിന്നെ അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ അത് പഴയ വാര്ത്തായായിപ്പോകും എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്ലാ മാധ്യമങ്ങള്‍ക്കും ഒരുമിച്ച് ഒരേസമയത്താണ് വാര്‍ത്തകള്‍ അയയ്ക്കുന്നതെന്നും അത് വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടെതെന്നും ജോയിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും എതിരല്ലെന്ന് ജോയിച്ചന്‍ വ്യക്തമാക്കുന്നു.
ഭാര്യ ഓമന. നാലു മക്കളും, മരുമക്കളും, കൊച്ചുമക്കളും അടങ്ങുന്നതാണ് ജോയിച്ചന്റെ കുടുംബം. തനിക്കു ലഭിച്ച ഏറ്റവും വലിയ വരദാനമാണ് കുടുംബമെന്ന് ജോയിച്ചന്‍ വിശ്വസിക്കുന്നു. ജോയിച്ചനും ഭാര്യയും ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. മകന്‍ ബെന്നിച്ചനും, ഭാര്യ സോഫിമോളും, ചെറുമകന് ആല്‍വിനും കൂടെ താമസിക്കുന്നു. മറ്റു മൂന്നുമക്കള്‍ അടുത്തുതന്നെ കുടുംബമായി കഴിയുന്നു. മൂത്ത സഹോദരന് വക്കച്ചനും ഭാര്യ കത്രിക്കുട്ടിയും പൊതുപ്രവര്‍ത്തകരാണ്. രണ്ടു സഹോദരിമാര്‍ ഒഴിച്ച് ബാക്കിയെല്ലാ സഹോദരരും അമേരിക്കയിലാണ്.
കേരളത്തിൽ നിന്നും ഓൺലൈനിൽ പ്രസിദീകരിക്കുന്ന പ്രമുഖ മലയാളപത്രങ്ങളിൽ പ്രവാസി പേജ് തുടങ്ങുന്നതിനു ജോയച്ചനാണ് പ്രചോദനം നൽകിയത്.അമേരിക്കയിൽ നിരവധിപേരെ മാധ്യമരംഗത്തേക്കു കൈപിടിച്ചുയരുന്നതിനു ആത്മാർത്ഥമായി ജോയച്ചൻ പരിശ്രമിച്ചിട്ടുണ്ടെന്ന യാഥാർഥ്യം വിസ്മരിക്കാവുന്നതല്ല .
മലയാള മാധ്യമരംഗത്തിനു ജോയച്ചെന് ചെയ്ത സംഭാവനകൾക്കു ഇന്ത്യാ പ്രസ്ക്ലബിന്റെ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്.ഇങ്ങനെയൊരു അവാർഡ് ലഭിച്ചതിനു ഈശോമിശിഹായ്ക്കു നന്ദി കരേറ്റുന്നതായി ജോയച്ചെന് പറഞ്ഞു . ഇതുവരെ തന്റെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു,ഗുരുതുല്യനായി ആദരിക്കുകയും ,ബഹുമാനിക്കുകയും ചെയുന്ന ജോയച്ചന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് നൽകി ആദരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിന് നൽകിയ അർഹമായ അംഗീകാരമാണ്
