ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ റെക്കോര്‍ഡ് വില്‍പനയാണ് ഐഫോണുകള്‍ക്കുണ്ടായതെന്ന പ്രഖ്യാപനവുമായി ആപ്പിള്‍ സിഇഒ ടിം കുക്ക്. 5130 കോടി ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ് ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ വിറ്റഴിഞ്ഞത്. കമ്പനിയുടെ റെക്കോര്‍ഡ് വില്‍പനയാണിത്.
മെച്ചപ്പെട്ട ക്യാമറ, ബാറ്ററി എന്നിവയില്‍ ആകൃഷ്ടരായ ഉപഭോക്താക്കള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ സ്മാര്‍ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു.
അതേസമയം ഐഫോണ്‍ 14 ലെ ഉപഗ്രഹം വഴിയുള്ള അടിയന്തിര ആശയവിനിമയത്തിനുള്ള സൗകര്യം ആറ് പുതിയ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കി. ഇതോടെ 12 രാജ്യങ്ങളില്‍ ഐഫോണിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനം എത്തി.
ആപ്പ്‌സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ഐക്ലൗഡ്, പേമെന്റ് സേവനങ്ങളുള്‍പ്പെടുന്ന ആപ്പിള്‍ സര്‍വീസസിന്റെ വരുമാനത്തിലും റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. മാര്‍ച്ചില്‍ 2090 കോടി ഡോളറിന്റെ വരുമാനമാണുണ്ടായത്. 97.5 കോടി സബ്‌സ്‌ക്രിപ്ഷനുകളാണ് ആപ്പിള്‍ സേവനങ്ങള്‍ക്കുള്ളത്.
720 കോടി ഡോളറാണ് ആപ്പിള്‍ മാക് വില്‍പനയിലൂടെ നേടിയത്. ഐപാഡ് വില്‍പനയിലൂടെ 670 കോടി ഡോളറും കമ്പനിയ്ക്ക് വരുമാനമായി ലഭിച്ചു. ആപ്പിളിന്റെ മറ്റ് ഉല്‍പന്നങ്ങളിലും കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടമാണുണ്ടായത്.