സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താനുള്ള സൗകര്യമുണ്ടാകും.കൂടാതെ റീൽസ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കൾക്കാകും. ഇതിന് പുറമെ ആരാധകർക്കും ക്രിയേറ്റർമാർക്കും ഗിഫ്റ്റുകൾ നൽകാനുള്ള സൗകര്യവും അവതരിപ്പിക്കുന്നുണ്ട്.
റീൽസ് വീഡിയോ ചെയ്യാനായി പുതിയ ഐഡിയ തിരയുന്നവർക്ക് ഏറെ പ്രയോജനകരമായിരിക്കും റീൽസ് ട്രെൻഡ്സ് എന്ന ഓപ്ഷൻ. പുതിയ ഹാഷ്ടാഗുകളും ശബ്ദങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നത് വഴി കാഴ്ചക്കാരുടെ എണ്ണം കൂട്ടാനാകും. പുതിയ അപ്ഡേഷനിൽ റീൽസ് ട്രെൻഡ്സ് എന്ന വിഭാഗത്തിൽ ഈ ഓപ്ഷനുകളെല്ലാം കാണാം ഇനി.
റീൽസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊന്ന്. റീൽസ് വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി വീഡിയോ ക്ലിപ്പുകൾ, സ്റ്റിക്കറുകൾ, ഓഡിയോ, ടെക്‌സ്റ്റ് എന്നിവ ഒരെ ഓപ്ഷനിൽ തന്നെ ഇനി മുതൽ ലഭ്യമാവും. എല്ലാ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേഷനുണ്ടാകും. ഇത് കൂടാതെ വീഡിയോകളുടെ റീച്ച് കൂടുതൽ വിശകലനം ചെയ്യാനായി ടോട്ടൽ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം എന്നീ കണക്കുകൾ കൂടി റീൽ ഇൻസൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു റീൽ എത്ര നേരം കാഴ്ചക്കാർ കണ്ടുവെന്നതാണ് ടോട്ടൽ വാച്ച് ടൈം. വീഡിയോ ശരാശരി എത്രനേരം ആളുകൾ കാണുന്നുണ്ടെന്നുള്ള കണക്കാണ് ആവറേജ് വാച്ച് ടൈം. ഈ അപ്ഡേഷനിലൂടെ ആരാധകർക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റർമാർക്ക് ഗിഫ്റ്റും കൊടുക്കാനാകും. ഇൻസ്റ്റഗ്രാമിലെ ഹാർട്ട് ഐക്കണിൽ ക്ലിക്ക് ചെയ്താൽ എന്തെല്ലാം ഗിഫ്റ്റുകളാണ് ലഭിച്ചത് എന്ന് ക്രിയേറ്റർമാർക്ക് അറിയാനാകും.