മറ്റുള്ള രാജ്യങ്ങളിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുക എന്നാല്‍ അത്ര ചെറിയ കാര്യമല്ല. ദിവസങ്ങളോളം കുത്തിയിരുന്ന്, കാര്യങ്ങള്‍ മനസ്സിലാക്കി കൃത്യമായി ആസൂത്രണം ചെയ്തു മാത്രമേ വിദേശയാത്ര സാധ്യമാകൂ. ഓരോ ഇടത്തേക്കും കൊണ്ടുപോകേണ്ട സാധനങ്ങളും അതിനുവേണ്ട ചെലവും വീസയുമെല്ലാം ആലോചിക്കണം. മാത്രമല്ല, സമയവും സൗകര്യവും ബജറ്റും അനുസരിച്ച് പോകാനാവുന്ന ഇടങ്ങള്‍ കണ്ടുപിടിക്കുകയും വേണം.
അത്രയധികം ചെലവും ബുദ്ധിമുട്ടും കൂടാതെ ഇന്ത്യയില്‍ നിന്നും യാത്ര പോകാവുന്ന ചില അയല്‍രാജ്യങ്ങള്‍ പരിചയപ്പെടാം...
വിയറ്റ്നാം
ഇന്ത്യയിൽ നിന്നുംഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ ചരിത്രത്തിനും അതുല്യമായ പൈതൃകത്തിനും പേരുകേട്ട വിയറ്റ്നാം എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്. ഹാ ലോംഗ് ബേയിലെ ക്രൂയിസ് യാത്രയും ദ്വീപ് ടൂറുകളുമെല്ലാം ഇവിടുത്തെ മികച്ച അനുഭവങ്ങളാണ്. ഹനോയ്, സാപ്പ, ഹോ ചി മിൻ സിറ്റി, ഹാ ലോംഗ് ബേ, ൻഹാ ട്രാങ്, മെകോംഗ് ഡെൽറ്റ തുടങ്ങിയ സ്ഥലങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം.ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
സിംഗപ്പൂർ
ലയൺ സിറ്റി എന്നു വിളിക്കപ്പെടുന്ന സിംഗപ്പൂർ, മനോഹരമായ കാഴ്ചകള്‍ക്കും ഷോപ്പിംഗിനുമെല്ലാം ലോകമെമ്പാടും അറിയപ്പെടുന്നു. സമുദ്രവിനോദങ്ങളും ബോട്ട് ടൂറുകളും സമ്പന്നമായ ജൈവവൈവിധ്യവും മനോഹരമായ ദ്വീപുകളുമെല്ലാം സിംഗപ്പൂരിന്‍റെ സവിശേഷതകളില്‍പ്പെടുന്നു.
മറീന ബേ, സെന്റോസ ദ്വീപ്, ടെമ്പിൾ ഓഫ് 1000 ലൈറ്റ്സ്, ഹെലിക്സ് ബ്രിഡ്ജ്, യൂണിവേഴ്സൽ സ്റ്റുഡിയോകൾ, ചൈന ടൗൺ, ബൊട്ടാണിക്കൽ ഗാർഡൻ, ഓർക്കിഡ് ഗാർഡൻ തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങള്‍. ജനുവരി മുതൽ നവംബർ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
ദുബായ്
ഇന്ത്യയിലെ മധ്യവർഗക്കാരായ വിനോദസഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഒട്ടേറെ അത്ഭുതനിര്‍മ്മിതികളും ഷോപ്പിംഗ് മാളുകളുമെല്ലാം ദുബായ്യുടെ മാറ്റുകൂട്ടുന്നു.
ഡെസേർട്ട് സഫാരികളും ക്യാംപിങ്ങും, സ്കൈ ഡൈവിങ്, ഇൻഡോർ സ്കീയിങ്, പാം ജുമൈറ ദ്വീപുകൾ സന്ദർശിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദുബായില്‍ ചെയ്യാനുണ്ട്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
തായ്‌ലൻഡ്
മനോഹരമായ കടൽത്തീരങ്ങളും ഇടതൂർന്ന വനങ്ങളും പുരാതന ആശ്രമങ്ങളും ഫ്ലോട്ടിങ് മാർക്കറ്റുകളുമെല്ലാം പോലെ ക്ലാസിക് ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ, അത്യാധുനിക നഗരദൃശ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളുടെയും സമന്വയമാണ് തായ്‌ലൻഡ്. ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ക്ക് ഏറ്റവും ചെലവുകുറഞ്ഞ ഒരിടം കൂടിയാണ് ഇവിടം.
ഷോപ്പിങ്, വാട്ടർ സ്‌പോർട്‌സ്, ട്രെക്കിങ്, നൈറ്റ് പാർട്ടികൾ, എലിഫന്‍റ് ടൂർ തുടങ്ങിയവയ്ക്ക് തായ്‌ലൻഡ് പ്രശസ്തമാണ്. ക്രാബി, ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ഫൈ ഫി ദ്വീപുകൾ, ചിയാങ് മായ് തുടങ്ങിയവയാണ് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന ഇടമാണ് ഈ രാജ്യം.
ഇന്തൊനീഷ്യ
ഇന്തൊനീഷ്യയുടെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ല. ആയിരക്കണക്കിന് അഗ്നിപർവ്വത ദ്വീപുകളും തെളിഞ്ഞ ആകാശനീല ജലവും മനോഹരമായ സമുദ്രജീവിതവുമെല്ലാമുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ചെലവുകുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികൾക്ക് മികച്ച ഒരു ഓപ്ഷനാണിത്.
ബാലി, ജക്കാർത്ത, മലംഗ്, ബന്ദുങ്, ലോംബോക്ക്, യോഗ്യക്കാർത്ത തുടങ്ങി തീര്‍ച്ചയായും സന്ദര്‍കശിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നീളുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് ഇന്തൊനീഷ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.