മടുപ്പിക്കുന്നതും ആവര്‍ത്തിക്കുന്നതുമായ പഠനത്തില്‍ നിന്നും ജോലിയില്‍ നിന്നുമെല്ലാം ഒരു ഇടവേളയും ഊര്‍ജവുമാണ് ഓരോ അവധിക്കാലവും നല്‍കുന്നത്. അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പറക്കുന്നതില്‍ നിന്നു പലരേയും പിന്നോട്ട് വലിക്കുന്നത് സാമ്പത്തികം മാത്രമല്ല, വീസാ നടപടിക്രമങ്ങളുടെ കടമ്പകള്‍ കൂടിയാണ്. പല രാജ്യങ്ങളിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ തന്നെ യാത്ര ചെയ്യാനാകും. ഇന്ത്യന്‍ സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന അഞ്ചു വിദേശ രാജ്യങ്ങളെ പരിചയപ്പെടാം.
തായ്‌ലന്‍ഡ്
മനോഹരമായ ആരാധനാലയങ്ങളും ചരിത്ര നിര്‍മിതികളും ഭക്ഷണവും സമ്പന്നമായ സംസ്‌കാരവും ഊഷ്മളമായി പെരുമാറുന്ന നാട്ടുകാരുമെല്ലാം ചേര്‍ന്ന് തെക്കു കിഴക്കന്‍ ഏഷ്യര്‍ രാജ്യമായ തായ്‌ലന്‍ഡിനെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കി മാറ്റുന്നു. കോ സമുയ്, ഫിഫി, കോ ഫാ നാന്‍ തുടങ്ങി പല ദ്വീപുകളും സഞ്ചാരികളുടെ ഇഷ്ട താവളങ്ങളാണ്. തായ്‌ലന്‍ഡിലേക്ക് പോകാനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പ്രത്യേകം വീസയുടെ ആവശ്യമില്ല. ഇപ്പോൾ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ 5 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ തായ്‍ലൻഡും ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് എത്തിച്ചേരുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. രോഗലക്ഷണമുണ്ടെങ്കിലോ പോസിറ്റീവാകുകയോ ചെയ്താൽ കർശന ക്വാറന്റീൻ നിബന്ധനകളുമുണ്ടാകും.
ഫിജി
ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ ഫിജിയില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും അപൂര്‍വ കാഴ്ചയല്ല. പ്രത്യേകം വീസയില്ലാതെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരിയെന്ന നിലയില്‍ 120 ദിവസം വരെ നിങ്ങള്‍ക്ക് ഫിജിയില്‍ തങ്ങാനാകും. സ്‌കൂബ ഡൈവിങ്ങിന് പേരുകേട്ട പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടല്‍ തീരങ്ങളാണ് ഫിജിയില്‍ പലയിടത്തുമുള്ളത്.
ഇന്തൊനീഷ്യ
ചരിത്രസമ്പന്നമായ ഇന്തൊനീഷ്യ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന രാജ്യങ്ങളിലൊന്നാണ്. തനാ ലോട്ട് ക്ഷേത്രവും കിന്റമാനി അഗ്നിപര്‍വതവുമെല്ലാം ഇവിടുത്തെ സഞ്ചാരികളുടെ ആകര്‍ഷണങ്ങളാണ്. ഇന്ത്യക്കാര്‍ക്ക് 30 ദിവസം വരെ വീസയില്ലാതെ ഇന്തൊനീഷ്യയില്‍ കഴിയാനാകും.
- മക്കാവു
ചൈനയുടെ ലാസ് വേഗാസ് എന്ന വിശേഷണത്തില്‍ തന്നെയുണ്ട് മക്കാവുവിലെ രാത്രിജീവിതത്തിന്റെ പളപളപ്പ്. ആഡംബരം നിറഞ്ഞ ആഘോഷങ്ങള്‍ക്കൊപ്പം ചരിത്ര സാംസ്‌കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കൂടി ചൈനീസ് നിയന്ത്രണത്തിലുള്ള ഈ ചെറു പ്രദേശത്തിലുണ്ട്. ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ മക്കാവുവില്‍ 30 ദിവസം താമസിക്കാനുള്ള അനുമതി ലഭിക്കും.
- മൗറീഷ്യസ്
വീസയില്ലാതെ ഇന്ത്യക്കാര്‍ക്ക് 90 ദിവസം തങ്ങാന്‍ കഴിയുന്ന രാഷ്ട്രമാണ് മൗറീഷ്യസ്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മൗറീഷ്യസിലെ തീരങ്ങളും പ്രാദേശിക ഗോത്രവിഭാഗക്കാരുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ വിദേശ സഞ്ചാരം നടത്തിവരാവുന്ന രാജ്യങ്ങളില്‍ മുന്നിലാണ് മൗറീഷ്യസ്.