ഊര്‍ജ മേഖലയില്‍ തുടങ്ങി പരിസ്ഥിതി മേഖലയില്‍ വരെ ഇന്ത്യയുമായി ത്രികക്ഷി സഹകരണം സാധ്യമാക്കാനൊരുങ്ങുകയാണ് യുഎഇയും ഫ്രാന്‍സും. സംയുക്ത പ്രസ്താവനയിലൂടെയാണ് മൂന്നു രാജ്യങ്ങളും വിവിധ മേഖകളില്‍ ത്രികക്ഷി സഹകരണ സംവിധാനം പ്രഖ്യാപിച്ചത്.ഊര്‍ജം മുതല്‍ പരിസ്ഥിതി സംരക്ഷണം വരെയുള്ള വ്യത്യസ്ത മേഖലകളില്‍ പരസ്പരം സഹകരിക്കാനും പദ്ധതികള്‍ നടപ്പാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫ്രഞ്ച് വിദേശകാര്യന്ത്രി കാതറിന്‍ കോളോണ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷമാണ് സഹകരണം സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നീ മേഖലകളിലെല്ലാം മൂന്ന് രാജ്യങ്ങളുടേയും വികസന ഏജന്‍സികള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി, യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 ഉച്ചകോടി എന്നിവയുടെ ആശയങ്ങളും തീരുമാനങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും പദ്ധതികളെല്ലാം നടപ്പിലാക്കുക.
സാങ്കേതിക മേഖല, ആരോഗ്യം, പ്രതിരോധം എന്നീ മേഖലകളിലും മൂന്ന് രാജ്യങ്ങളും പരസ്പരം കൈകോര്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. സാങ്കേതിക വിവര കൈമാറ്റങ്ങള്‍ക്കു പുറമേ ബെംഗളൂരുവില്‍ നടക്കുന്ന ടെക് സമ്മിറ്റ്, ദുബായിയില്‍ നടക്കുന്ന ജിറ്റെക്സ്, പാരിസില്‍ നടക്കുന്ന വിവ ടെക് എന്നിവയിലുമെല്ലാം ത്രികക്ഷി സഹകരണം സാധ്യമാക്കും.