ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത് നിറസാന്നിദ്ധ്യമായ ജോസ് കണിയാലിക്. അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നും അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ നിറസാന്നിദ്ധ്യമായ ജോസ് കണിയാലിയെ ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ),ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത് മറ്റൊരു ജേതാവ് അമേരിക്കൻ മാധ്യമ രംഗത്തെ കുലപതിയെന്നു അറിയപ്പെടുന്ന ജോയിച്ചൻ പുതുകുളമാണ്
ഡാളസ്സിൽ ജനുവരി 26 നു കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ (ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അവാർഡ് ധാന ചടങ്ങു നടക്കും. അമേരിക്കൻ മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും ക്യാഷ് അവാർഡ് നൽകി ആദരിക്കുന്ന അമേരിക്കയിലെ ആദ്യ മാധ്യമ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്.
അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത് നിറസാന്നിദ്ധ്യമായ ജോസ് കണിയാലി കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മാദ്ധ്യമ പ്രവർത്തനം ഒരു സാമൂഹ്യ പ്രവർത്തനം കൂടിയാണെന്ന് തന്റെ മാദ്ധ്യമ പ്രവർത്തനത്തിലൂടെ തെളിയിച്ച വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കും കൃത്യനിഷ്ഠയ്ക്കും മറ്റ് മാദ്ധ്യമ പ്രവർത്തകർക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനും ഫൊക്കാന അംഗീകാരം നൽകി ആദരിച്ചിരുന്നു
.കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോസ് കണിയാലി 1988 ലാണ് ചിക്കാഗോയിലേക്ക് കുടിയേറിയത്. ചിക്കാഗോയിലെ മലയാളി പ്രസ്ഥാനങ്ങളുടെയും ,മറ്റു സാംസ്കാരിക പരിപാടികളുടെയും നിറ സാന്നിധ്യമായി അദ്ദേഹം മാറി. സംഘടനാപ്രവർത്തനവും മാധ്യമ പ്രവർത്തനവും നടത്തിക്കൊണ്ടാണ് ജോസ് കണിയാലിയുടെ ജീവിതം മുന്നോട്ട് പോയത് . 1999-2001ലെ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു . 2001 ഓഗസ്റ്റിൽ കൊച്ചി മലബാർ താജ് ഹോട്ടലിൽ ഫൊക്കാനയുടെ ഒന്നാം കേരള കൺവെൻഷൻ ജനറൽ കൺവീനർ ,2002 ജൂലൈയിൽ ഷിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷൻ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ നേതൃത്വ പാടവം പ്രശംസനീയമാണ് 2002 ലെ ഫൊക്കാനാ തെരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി (2002 -2004 )ജോസ് കണിയാലി ഏറ്റവും കൂടുതൽ വോട്ടു നേടി തെരഞ്ഞെടുക്കപ്പെട്ടു..
1992 ൽ ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേരളാ എക്സ് പ്രസിൽ 2000 മുതൽ ജോസ് കണിയാലി എക്സിക്യൂട്ടീവ് എഡിറ്ററും പങ്കാളിയുമായി മാറി.2008-ൽ അമേരിക്കയിലെ അച്ചടി, ദൃശ്യ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റായി . 2008 ഒക്ടോബറിൽ ഷിക്കാഗോയിൽ വച്ചു നടന്ന 2-ാമത് നാഷണൽ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ ,2009 ലെ ന്യൂജേഴ്‌സി പ്രസ് ക്ലബ്ബ് കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ , 2017 ഓഗസ്റ്റിൽ ചിക്കാഗോയിൽ വച്ചു തന്നെ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷണൽ കോൺഫറൻസിന്റെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം 1989 മുതൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായി അദ്ദേഹം പ്രവർത്തനം തുടങ്ങി .അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (K C C N A )യുടെ ദേശീയ ജനറൽ സെക്രട്ടറി (1992 -1995 ), 1995 -1998 കാലഘട്ടത്തിൽ കെ സി സി എൻ എയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു .1996 ജൂലൈയിൽ ചിക്കാഗോയിലെ കോൺകോർഡ് പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കൺവൻഷന് ജോസ് കണിയാലി നേതൃത്വം നൽകി .ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയായും ( 1994 -1995 )പിന്നീട് 2015 -2017 കാലഘട്ടത്തിൽ അതിന്റെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട് .
2004-ൽ ബാബു ചാഴികാടൻ ഫൗണ്ടേഷന്റെ പ്രഥമ പ്രവാസി പ്രതിഭ പുരസ്കാരം ,മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ,(MARC )ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്,2022 ഒക്ടോബർ അവസാനം മിസൂറി സിറ്റിയുടെ പ്രശംസാപത്രം , 2022 ലെ ന്യൂ യോർക്ക് കേരളാ സെന്റർ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ്, 2023 ലെ മുഖം ഗ്ലോബൽ മാധ്യമ പുരസ്കാരം,2024 FOKANA MEDIA AWARD എന്നിവ ലഭിച്ചിട്ടുണ്ട്.ഇങ്ങനെയൊരു അംഗീകാരം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിൽ നിന്നും ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ജോസ് കണിയാലി പറഞ്ഞു.