മുംബൈ: ശീതളപാനീയത്തിനു പിന്നാലെ ഐസ്ക്രീം വിപണിയിലും ചുവടുറപ്പിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. അതിന്റെ ഭാഗമായി ചില പ്രധാന ഏറ്റെടുക്കലുകൾ നടത്താനും കന്പനി പദ്ധതിയിടുന്നു. നേരത്തെ ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ശീതളപാനീയമായ കാന്പകോളയെ റിലയൻസ് വീണ്ടും മാർക്കറ്റിലെത്തിച്ചിരുന്നു.
ഐസ്ക്രീം വിപണിയിൽ അമൂലുമായാണ് റിലയൻസിനു മത്സരിക്കേണ്ടിവരിക. കൂടാതെ മദർ ഡയറിയും റിലയൻസിനു വലിയ വെല്ലുവിളിയാണ്. ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉത്പന്നങ്ങൾ അവതരിപ്പിക്കാനാണു പദ്ധതിയിടുന്നത്.
പുതിയ ബിസിനസിന്റെ ഭാഗമായി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ അമൂലിന്റെ മുൻ മാനേജിംഗ് ഡയറക്ടർ രൂപീന്ദർ സിംഗ് സോധിയെ അടുത്തിടെ നിയമിച്ചിരുന്നു. ഐസ്ക്രീം-പാലുത്പന്ന വിപണിയിൽ മുൻതൂക്കം കെട്ടിപ്പടുക്കാൻ റിലയൻസിനെ സഹായിക്കുകയാണ് സോധിയുടെ ചുമതല.
അമൂലിനെ ദേശീയ അംഗീകാരമുള്ള പാൽ ബ്രാൻഡായി വളർത്തിയെടുക്കാൻ 41 വർഷമായി ഗുജറാത്ത് കോ -ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ സോധി പ്രവർത്തിച്ചിട്ടുണ്ട്. സോധിയെ കൂടാതെ മിൽക്ക് മന്ത്രയിലും ലാക്റ്റലിസ് ഇന്ത്യയിലും പ്രവർത്തിച്ചിട്ടുള്ള സന്ദീപൻ ഘോഷിനെ റിലയൻസ് റീട്ടെയിലിന്റെ ഡയറി, ഫ്രോസണ്‍ ഫുഡ്സ് വിഭാഗത്തിന്റെ ബിസിനസ് ഹെഡ് ആയി റിലയൻസ് നിയമിച്ചിട്ടുണ്ട്.