ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എത്തിയിരിക്കുന്നത്. ഇനി മുതല്‍ ജി-മെയില്‍ യൂസര്‍മാര്‍ക്ക് ഇ-മെയില്‍ എഴുതി നല്‍കുമെന്നതാണ് ആ വാര്‍ത്ത.
' ഹെല്‍പ്പ് മീ റൈറ്റ് ' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജി-മെയിലിന്റെ പുതിയ ഫീച്ചറാണ് യൂസര്‍മാര്‍ക്കായി ഇ-മെയില്‍ എഴുതുക.
ഈ മാസം പത്താം തീയതി നടന്ന ഗൂഗിള്‍ ഡവലപ്പര്‍മാരുടെ കോണ്‍ഫറന്‍സില്‍ വച്ചാണ് സുന്ദര്‍ പിച്ചെ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
ഇ-മെയിലുകള്‍ക്കുള്ള മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ ഈ എഐ ഫീച്ചറിലൂടെ യൂസറിനു സാധിക്കും.
ഔപചാരികമായ അതുമല്ലെങ്കില്‍ പ്രഫഷണലായ കത്ത് മുതല്‍ ആകര്‍ഷകവും രസകരവുമായതു വരെയായി വൈവിധ്യമാര്‍ന്ന ശൈലിയിലുള്ള ഇ-മെയില്‍ തയാറാക്കാന്‍ ഈ ഫീച്ചര്‍ യൂസറെ സഹായിക്കും.
യൂസര്‍ നല്‍കുന്ന ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ ഡ്രാഫ്റ്റ് രൂപപ്പെടുത്തുകയാണ് ' ഹെല്‍പ്പ് മീ റൈറ്റ് 'എന്ന ഫീച്ചര്‍ ചെയ്യുന്നത്. അങ്ങനെ രൂപപ്പെടുന്ന ഡ്രാഫ്റ്റ് ഇമെയിലില്‍ യൂസര്‍ക്ക് ഇഷ്ടാനുസരണം എഡിറ്റ് ചെയ്യാം. എഡിറ്റിംഗ് കഴിയുന്നതോടെ ഇ-മെയില്‍ അന്തിമരൂപമാകുകയും ചെയ്യും.
ഫോളോ അപ്പ് ഇമെയില്‍, നന്ദി അറിയിക്കുന്ന സന്ദേശമടങ്ങിയ ഇ-മെയില്‍, ജോലിക്കു വേണ്ടിയുള്ള കവര്‍ ലെറ്റര്‍ തുടങ്ങിയവ തയാറാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.
യൂസര്‍ക്ക് സമയം ലാഭിക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അതോടൊപ്പം പ്രഫഷണലിസം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇ-മെയില്‍ തയാറാക്കാനും സാധിക്കും.
2017-ല്‍ ജി-മെയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട് റിപ്ലെ ടൂളിന്റെ അപ്‌ഡേറ്റാണ് ' ഹെല്‍പ്പ് മീ റൈറ്റ് '. ഒരൊറ്റ ക്ലിക്കിലൂടെ ഹ്രസ്വമായ മറുപടി അയയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറായിരുന്നു സ്മാര്‍ട്ട് റിപ്ലൈ. ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സര്‍വീസാണ് ജി-മെയില്‍. 200 കോടിയിലധികം പേര്‍ ജി-മെയില്‍ ഉപയോഗിക്കുന്നതായിട്ടാണ് കണക്ക്.