ഗൂഗിളിന്റെ ജനപ്രിയ ബ്രൗസർ ക്രോം ജനുവരി മുതൽ ചില കംപ്യൂട്ടറുകളിൽ പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയുള്ള പിസികളിൽ ക്രോം പ്രവർത്തിക്കുന്നത് നിർത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കൾക്ക് ക്രോമിന്റെ പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നത് തുടരാൻ വിൻഡോസ് 10, വിൻഡോസ് 11 ഉള്ള പുതിയ സിസ്റ്റം ലഭ്യമാക്കേണ്ടി വരും. 2023 ഫെബ്രുവരി 7ന് പുറത്തിറക്കുന്ന ഗൂഗിൾ ക്രോം വി110 ( Google Chrome v110) ന്റെ റിലീസിന് ശേഷം സേവനങ്ങൾ പൂർണമായും നിർത്തലാക്കും. വിൻഡോസ് 7 ഇഎസ്‌യു, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സപ്പോർട്ടും മൈക്രോസോഫ്റ്റും നിർത്തുകയാണ്.
അതേസമയം, വിൻഡോസ് 7, 8.1 എന്നിവയുള്ള പിസി-കളിൽ ക്രോമിന്റെ പഴയ പതിപ്പുകൾ പ്രവർത്തിക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ ബ്രൗസറിന് അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. നിലവിൽ വിൻഡോസ് 7 അല്ലെങ്കിൽ വിൻഡോസ് 8.1 ആണ് ഉപയോഗിക്കുന്നതെങ്കിൽ ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ക്രോം ഫീച്ചറുകളും തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെട്ടെന്ന് പുതിയ വിൻഡോസ് പതിപ്പിലേക്ക് മാറണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
വിൻഡോസ് 7 ഇഎസ്‌യു, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോർട്ട് 2023 ജനുവരി 15 ന് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. വിൻഡോസ് 7 സപ്പോർട്ട് 2020 ജനുവരിയിൽ തന്നെ നിർത്തിയതാണ്. വിൻഡോസ് 8.1 ഉപയോക്താക്കൾക്ക് ഇപ്പോഴും പുതിയ ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്നും എന്നാൽ അവർക്ക് ഇഎസ്‌യുകളൊന്നും (Extended Security Update) ലഭിക്കില്ലെന്നും കമ്പനി പറയുന്നു. പുതിയ ഒഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് സിസ്റ്റത്തെ മന്ദഗതിയിലാക്കുന്നതിനാൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പുതിയ പിസി വാങ്ങാനാണ് മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് ശുപാർശ ചെയ്യുന്നത്.
വിൻഡോസ് 8.1ൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ തുടർന്നും ഉപയോഗിക്കാമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. എന്നാൽ, ഏതെങ്കിലും പ്രശ്‌നങ്ങൾക്കോ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കോ, സുരക്ഷാ അപ്‌ഡേറ്റുകൾക്കോ, പരിഹാരങ്ങൾക്കോ മൈക്രോസോഫ്റ്റ് ഇനി സാങ്കേതിക പിന്തുണ നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.