ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഗൂഗിള്‍ സെര്‍ച്ചിന് വെല്ലുവിളിയാവുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. എഐ രംഗത്ത് നേരത്തെ ഉണ്ടെങ്കിലും ചാറ്റ് ജിപിടിക്ക് സമാനമായൊരു സാങ്കേതിക വിദ്യ ഗൂഗിളിന് ഇനിയും പൂര്‍ണതയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, എഐ ചാറ്റ് ബോട്ട് രംഗത്ത് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ എതിരാളികളിലൊന്നായ ആന്ത്രോപിക്കില്‍ ഗൂഗിളിന് 40 കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗൂഗിളും ആന്ത്രോപിക്കും ഈ സഹകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ഗൂഗിളുമായി പങ്കാളിത്തം ഉണ്ടെന്ന് ആന്ത്രോപിക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗൂഗിളിന് ആന്ത്രോപിക്കില്‍ നിക്ഷേപം ഉണ്ടെങ്കില്‍ സ്വാഭാവികമായും ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേകം ചിലവ് വന്നേക്കില്ലെന്നാണ് ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവരുടെ നിരീക്ഷണം. മറ്റ് എഐ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കും പോലെയുള്ള ക്ലൗഡ് സേവന പിന്തുണയാണ് ആന്ത്രോപിക്കിനും നല്‍കുന്നത് എന്നാണ് ഗൂഗിള്‍ ക്ലൗഡ് മേധാവി തോമസ് കുര്യന്റെ പ്രതികരണം.
ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റ് 1000 കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഗൂഗിള്‍-ആന്ത്രോപിക്ക് പങ്കാളിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തയും വരുന്നത്. 2019 ല്‍ 100 കോടി ഡോളറില്‍ തുടങ്ങിയതാണ് മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും തമ്മിലുള്ള പങ്കാളിത്തം.
ആന്ത്രോപിക്ക് നിര്‍മിക്കുന്ന ലാംഗ്വേജ് മോഡല്‍ അസിസ്റ്റന്റിന്റെ പേര് ക്ലോഡ് (Claude) എന്നാണ്. ഇത് ഇതുവരെയും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. വരുമാസങ്ങളില്‍ തന്നെ ഈ ചാറ്റ്‌ബോട്ട് എല്ലാവര്‍ക്കുമായി എത്തിക്കാനാണ് ആന്ത്രോപിക്ക് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂതന ആശയങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനികളിലെ ഈ നിക്ഷേപങ്ങള്‍ പുതിയ തലമുറ സാങ്കേതിക വിദ്യകളിലേക്ക് മൈക്രോസോഫ്റ്റ്, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കടന്നുചെല്ലാനും ആവശ്യമെങ്കില്‍ സ്വന്തമാക്കാനും അവസരം നല്‍കുന്നവയാണ്. ആന്ത്രോപിക്ക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ ഫണ്ടിങും, ഒപ്പം ഗൂഗിള്‍ പോലുള്ള കമ്പനികളുടെ ക്ലൗഡ് കംപ്യൂട്ടിങ് പിന്തുണയും ആവശ്യമാണുതാനും. നേരത്തെ ഫിനാന്‍ഷ്യല്‍ ടൈംസും ആന്ത്രോപിക്കിലെ ഗൂഗിളിന്റെ നിക്ഷേപത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.