പ്രമുഖ ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്‌ഫോമായ ഗിഫിയെ (Giphy) ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍നിന്നും 53 ദശക്ഷം ഡോളറിന് ഷട്ടര്‍സ്റ്റോക്ക് ഏറ്റെടുത്തു. പണമിടപാടിലൂടെയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഷട്ടര്‍സ്റ്റോക്ക് ഗിഫിയെ ഏറ്റെടുത്തിരിക്കുന്നത്.
2020-ല്‍ 400 ദശലക്ഷം ഡോളിന് മെറ്റ ഗിഫിയെ ഏറ്റെടുത്തിരുന്നെങ്കിലും യുകെയിലെ കോംപറ്റീഷന്‍ റെഗുലേറ്ററായ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി ആ ഇടപാട് തടയുകയായിരുന്നു.
ഗിഫിയെ സ്വന്തമാക്കാന്‍ മെറ്റയെ അനുവദിച്ചാല്‍ അത് ഗിഫിയുടെ ഉള്ളടക്കം ആക്‌സസ് ചെയ്യുന്ന സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ (ഇവര്‍ മെറ്റയുടെ വിപണിയിലെ എതിരാളികള്‍ കൂടിയാണ്)ദോഷകരമായി ബാധിക്കുമെന്ന് യുകെയിലെ കോംപറ്റീഷന്‍ റെഗുലേറ്റര്‍ വിലയിരുത്തി.
നിലവില്‍ വിപണിയില്‍ ചെറുതല്ലാത്ത ഒരു ശക്തി മെറ്റ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഗിഫി സ്വന്തമാക്കിയാല്‍ ഗിഫിയിലേക്കുള്ള പ്രവേശനത്തെ പരിമിതപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യാം. അതിലൂടെ ഫേസ്ബുക്ക് ഉള്‍പ്പെടുന്ന മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ പേരെ തിരിച്ചുവിടാനും സാധിക്കും.
ഗിഫിയെ മെറ്റയില്‍നിന്ന് ഷട്ടര്‍സ്റ്റോക്ക് ഏറ്റെടുക്കുന്ന ഇടപാട് ജൂണില്‍ ക്ലോസ് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ഗിഫിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ച വാര്‍ത്ത ഷട്ടര്‍സ്റ്റോക്കിന്റെ ഓഹരിക്ക് ഗുണം ചെയ്തു. ചൊവ്വാഴ്ച ഷട്ടര്‍സ്‌റ്റോക്കിന്റെ ഓഹരിവില നാല് ശതമാനം ഉയരുകയും ചെയ്തു.
GIF എന്നറിയപ്പെടുന്ന ഗിഫി ലോകത്തെ ഏറ്റവും വലിയ ആനിമേറ്റഡ് ഇമേജുകളുടെ പ്ലാറ്റ്‌ഫോമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക്-ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
പ്രതിദിനം ഗിഫിയുടെ 1.3 ബില്യനിലധികം സെര്‍ച്ച് നടക്കുന്നുണ്ട്.