advertisement
Skip to content

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ അമേരിക്കന്‍ മലയാളികളുടെ നമ്പര്‍-1 ചാനല്‍

എ.എസ് ശ്രീകുമാര്‍

ഫ്‌ളവേഴ്‌സ് ടി.വിയുടെ അമേരിക്കന്‍ ലോഞ്ചിങ്ങിനോടനുബന്ധിച്ച് 2017 ജൂണ്‍ 16-ാം തീയതി കൊച്ചി കടവന്ത്രയിലെ ഓഫീസില്‍ വച്ച് ചാനലിന്റെ അമരക്കാരന്‍ ആര്‍ ശ്രീകണ്ഠന്‍ നായരുമായി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ ഓര്‍ക്കുകയാണ്. അതിപ്രകാരം...

''ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയ്ക്കു വേണ്ടി ബിജു സക്കറിയയുടെ നേതൃത്വത്തില്‍ വലിയൊരു ടീം അമേരിക്കയിലുണ്ട്. നമ്മുടെ സ്ഥിരം പരിപാടികള്‍ക്കൊപ്പം അമേരിക്കന്‍ പ്രോഗ്രാമുകളും പരമാവധി കൊണ്ടുവരും. അമേരിക്കയിലെ ലൈവ് ഷോകള്‍ ചെയ്യാന്‍ സാധിക്കും. വലിയ ഷോകള്‍ നടത്തും. അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാപ്രതിഭകള്‍ക്കും മറ്റും ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ അവസരമൊരുക്കും. അമേരിക്കന്‍ മലയാളി സമൂഹം തങ്ങളുടെ ജന്മനാട്ടില്‍ നിന്ന് ഒട്ടും ദൂരെയല്ല എന്ന തോന്നല്‍ ഉണ്ടാക്കുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ ഒക്കുമോ അതെല്ലാം ഫ്‌ളവേഴ് ടി.വി യു.എസ്.എയിലുണ്ടാവും...''

ദൃശ്യമാധ്യമ മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത പേരിനുടമയായ ശ്രീകണ്ഠന്‍ നായരുടെ നാവ് പൊന്നായി. വെറും ആറു വര്‍ഷം കൊണ്ട് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറി. മലയാളികളുടെ ദൃശ്യാസ്വാദന ബോധത്തെ സമ്പന്നമാക്കി ജൈത്രയാത്ര തുടരുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികം ആഘോഷിക്കുകയാണ്. അഭിമാനകരമായ ഈ വിജയത്തിന് പിന്നില്‍ അടിവരയിട്ടു പറയാന്‍ ഒട്ടേറെ ഘടകങ്ങളുണ്ട്, കാരണങ്ങള്‍ ഉണ്ട്.

2015 ഏപ്രില്‍ 13 നാണ് ഫ്‌ളവേഴ്‌സ് ടി.വി കേരളത്തില്‍ നിന്ന് സംപ്രേക്ഷണം തുടങ്ങിയത്. ചാനല്‍ പ്രളയമുള്ള കേരളത്തില്‍ ഫ്‌ളവേഴ്‌സ് ടി.വി വെന്നിക്കൊടി പാറിച്ചത് കഠിനാദ്ധ്വാനം, അര്‍പ്പണബോധം, പരിപാടികളിലെ കാലോചിതമായ മാറ്റം, പ്രൊഫഷണലിസം, സാങ്കേതിക തികവ്, സാമൂഹിക വീക്ഷണം, പ്രതിബദ്ധത തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരുപോലെ സംയോജിപ്പിച്ചതുകൊണ്ടാണ്. ഇതു തന്നെയാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വിജയത്തിലും സംഭവിച്ചത്.

ആറു വര്‍ഷം കൊണ്ട് പരിപാടികളുടെ ഉന്നതമായ പ്രൊഫഷല്‍ നിലവാരവും ചാനലിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അമേരിക്കന്‍ മലയാളികളുടെ സൗകര്യപ്രദമായ സമയത്തു തന്നെ മികച്ച പ്രോഗ്രാമുകള്‍ കാണുവാനുള്ള പ്രത്യേക പ്ലേ ഔട്ടുമായാണ് ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കയിലെത്തിയത്. പ്രൈം ടൈം പ്രോഗ്രാമുകള്‍ അമേരിക്കന്‍ പ്രൈം ടൈമില്‍ തന്നെ ആസ്വദിക്കുവാന്‍ അത്യാധുനിക സാങ്കേതിക വിദ്യ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ഉപയോഗപ്പെടുത്തി.

അമേരിക്കന്‍ മലയാളികളുടെ ബിസിനസ് സംരംഭങ്ങളെ പ്രചരിപ്പിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി നാട്ടില്‍ നിന്നുള്ള പരസ്യങ്ങള്‍ മാറ്റി അതേ സ്ഥാനത്ത് അമേരിക്കന്‍ മലയാളികളുടെ പരസ്യങ്ങള്‍ ചേര്‍ത്ത് പ്രൈം ടൈമില്‍ തന്നെ പ്രേക്ഷകരിലെത്തിക്കുന്നു. 'ടോപ്പ് സിംഗര്‍' എന്ന സൂപ്പര്‍ഹിറ്റ് പരിപാടി ഉള്‍പ്പെടെ എല്ലാ സെലിബ്രിറ്റി പ്രോഗ്രാമുകളിലും അമേരിക്കന്‍ മലയാളികളുടെ ദേശീയവും പ്രാദേശികവുമായ പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും ഉള്‍പ്പെടുത്തി അമേരിക്കന്‍ മലയാളികളെ വിനോദിപ്പിക്കാനും അവരുടെ ബിസിനസിനെ പ്രൊമോട്ട് ചെയ്യുവാനും ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയ്ക്ക് സാധിക്കുന്നു.

ഇത് ഒരു പ്രത്യേക പ്ലേ ഔട്ടായി വരുന്നതിനാല്‍ പ്രൈം ടൈം പരിപാടികള്‍ക്ക് വിപുലമായ വ്യൂവര്‍ഷിപ്പുണ്ട്. ഈ സമയത്ത് അമേരിക്കന്‍ മലയാളികളുടെ പരസ്യങ്ങള്‍ ചെറിയ ബജറ്റില്‍ തന്നെ, ജോലിയും മറ്റ് തിരക്കുകളുമൊക്കെ കഴിഞ്ഞെത്തുന്ന പ്രേക്ഷകരെ കാണിക്കുവാന്‍ പറ്റും. ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വിജയഘടകങ്ങളിലൊന്നാണിത്.

എല്ലാ ആഴ്ചകളിലും സംപ്രേക്ഷണം ചെയ്യുന്ന 'അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍', 'അമേരിക്കന്‍ ഡ്രീംസ്' എന്നീ രണ്ട് അര മണിക്കൂര്‍ പ്രോഗ്രാമുകള്‍ പ്രേക്ഷക പ്രശംസ നേടിയവയാണ്. അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കി പൂര്‍ണമായും അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്ന ഈ പരിപാടികള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഏറെ താത്പര്യത്തോടെ കാണുന്നവയാണ്.

മലയാളി സംഘടനകളെ ഫോക്കസ് ചെയ്ത് അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന പരിപാടിയാണ് 'അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍. മലയാളികളുടെ നിത്യ ജീവിത സ്പന്ദനങ്ങളുടെ സ്വാഭാവികമായ ആവിഷ്‌കാരമാണ് ഈ പ്രോഗ്രാം. അതുപോലെ തന്നെ മലയാളി കമ്മ്യൂണിറ്റിയുടെ കലാ-സാംസ്‌കാരിക-സാമൂഹിക-സാമുദായിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും പരിപാടികളും ചെറിയ ചെറിയ സെഗ്മെന്റുകളാക്കി ഷോക്കേസ് ചെയ്യുന്ന 'അമേരിക്കന്‍ ഡ്രീംസും' ലോകമെങ്ങുമെത്തുന്നു. ഒരു ഇന്ത്യന്‍ ചാനല്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് കാഴ്ചയൊരുക്കുവാന്‍ ഏവര്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വിയും മുന്‍നിരയിലുണ്ട്.

അതേ സമയം വിവിധ മലയാളി സംഘടനകളുമായി കൈ കോര്‍ത്ത് നടത്തുന്ന പരിപാടികളും ജനപ്രീതി ആര്‍ജ്ജിച്ചവയാണ്. ഫോമായുമായി ചേര്‍ന്ന് യുവജനങ്ങളുടെ ബൗദ്ധിക വികാസത്തിനായി നടത്തിയ 'പവര്‍ മൈന്‍ഡ്‌സ്' എന്ന ക്വിസ് പ്രോഗ്രാം വേറിട്ടതും മികച്ച നിലവാരം പുലര്‍ത്തുന്നതുമായിരുന്നു. വനിതകളുടെ കലാപരവും ബുദ്ധിപരവും സൗന്ദര്യാത്മകവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ഫോമായുമായി സഹകരിച്ച് നടത്തിയ 'മയൂഖം' എന്ന ബ്യൂട്ടി പേജന്റും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.

കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട സംഗീത പരിപാടിയായ 'സിങ് ആന്റ് വിന്‍' അമേരിക്കന്‍ മലയാളികളുടെ വ്യാപകമായ പിന്തുണയോടെ രണ്ട് സീസണില്‍ നടത്തി. നൃത്ത പ്രതിഭകള്‍ക്കായി 'ലെറ്റസ് ഡാന്‍സ് അമേരിക്ക' എന്ന മത്സരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

വേറിട്ട അവതരണ ശൈലിയിലൂടെയും മനം മയക്കുന്ന ദൃശ്യഭംഗിയിലൂടെയും ഈ പ്രോഗ്രാമുകള്‍ക്കെല്ലാം അമേരിക്കന്‍ മലയാളികളുടെ അകമഴിഞ്ഞ പിന്തുണയും ആശിര്‍വാദവും ലഭിച്ചു. ഇതെല്ലാം സംപ്രേക്ഷണം തുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയെ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നമ്പര്‍-1 ചാനല്‍ ആക്കി മാറ്റി. എല്ലാ മേഖലകളിലുമുള്ള മലയാളികളെ വിശ്വാസത്തിലെടുത്ത് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന ചാനലായി ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ മാറി.

ഈ വിസ്മയ വിജയത്തിന് തീര്‍ച്ചയായും ഫ്‌ളവേഴ്‌സ് ടി.വിയുടെ ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ചാനലിന്റെ അമരക്കാരനായ ആര്‍ ശ്രീകണ്ഠന്‍നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണെന്നും ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ പറഞ്ഞു.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികം സമുചിതമായി കൊണ്ടാടുമ്പോള്‍ അമേരിക്കയില്‍ ഈ ചാനല്‍ എത്തിച്ച് വിജയിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡയറക്‌ടേഴ്‌സ് ആയ ജോണ്‍ പി സറാവോ, സിജോ വടക്കന്‍, ഇമ്മാനുവല്‍ സറാവോ, റ്റി.സി ചാക്കോ, നിറിന്‍ സറാവോ എന്നിവരുടെ പിന്തുണയും പ്രാര്‍ത്ഥനയും ഈ ചാനലിന്റെ വിജയയാത്രയുടെ നാഴികക്കല്ലുകളാണ്.

ഫ്‌ളവേഴ്‌സ് ചാനലിന്റെ അമേരിക്കയിയും ഇന്ത്യയിയും പ്രവര്‍ത്തിക്കുന്നവര്‍ അടങ്ങുന്ന പ്രൊഫണല്‍ ടീമിന്റെ അധ്വാനഫലമായാണ് ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ സമാനതകളില്ലാത്ത ദൃശ്യവിസ്മയ വിരുന്നിന്റെ ആറാം വാര്‍ഷികം, അമേരിക്കന്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ എന്ന നിലയില്‍ വര്‍ണ പുഷ്പജാലങ്ങളുടെ സുഗന്ധപൂരിതമായ വര്‍ണവേദിയില്‍ ആഘോഷിക്കുന്നത്.

ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതലാണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികളോടെ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികവും മെഗാ താര നിശയും നടക്കുന്നത്. ഇതോടൊപ്പം അമേരിക്കയില്‍ വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്ത പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന വര്‍ണാഭമായ വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തുന്നു.

ഈ താരനിശയില്‍ സെലിബ്രിറ്റി ഗസ്റ്റായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും വേദി അലങ്കരിക്കും. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 847 630 6462

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest