ന്യൂയോർക്ക്: പണമടച്ച് ബ്ലൂടിക് വെരിഫിക്കേഷൻ നേടിയ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ വിവരങ്ങൾ ഇടയ്ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഒരു തവണ വെരിഫൈ ചെയ്ത അക്കൗണ്ടിലെ പ്രൊഫൈൽ പേര്, യൂസർ നെയിം, ചിത്രം, ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. അങ്ങനെ ചെയ്യണമെങ്കിൽ നിലവിലെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്തു, വീണ്ടും പണം അടച്ച് അക്കൗണ്ട് ആദ്യം മുതൽ വെരിഫൈ ചെയ്യണം.
അതേസമയം നിലവിലെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ വീണ്ടും വെരിഫിക്കേഷൻ നടത്തുന്നതിനുള്ള ഫീച്ചർ പരീക്ഷണഘട്ടത്തിലാണെന്നും റിപ്പോർട്ടുണ്ട്. 18 വയസ്സ് തികഞ്ഞവർക്കാണ് മെറ്റ വെരിഫൈഡ് സേവനം ലഭിക്കുക. അപേക്ഷയ്ക്കൊപ്പം നൽകുന്ന സർക്കാർ തിരിച്ചറിയൽ രേഖയിലെ ഫോട്ടോ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിലെ പ്രൊഫൈൽ ചിത്രവുമായി ചേർന്നുപോകുന്നതാകണം. കൂടുതൽ വ്യവസ്ഥകൾ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്നും മെറ്റ അറിയിച്ചു. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമാണ് സേവനം ആദ്യഘട്ടത്തിൽ നൽകുക.