എന്റെ മഴകൾ !!!
എഴുതിത്തീർക്കാനാവാത്ത അനുഭൂതിയാണെനിക്കെന്നും
ഓരോ മഴയും..
കൗതുകമൊടുങ്ങാത്ത ബാല്യത്തിലേക്കുള്ള മടക്കയാത്രകൾ..
എത്ര കണ്ടാലുംമടുക്കാത്ത തീരാ പ്രണയം
വേനലറുതിയുടെ പൂരക്കാലങ്ങളിൽ തിമിർത്തു പെയ്യുന്ന മഴ കൗമാരത്തിന്റെ ആഘോഷമായിരുന്നു.
നിറഞ്ഞു കവിയുന്ന തോടും പാടവും പുഴയും വിരൽത്തുമ്പിൽ തൂങ്ങിയ
അച്ഛനോർമ്മകളാണ്,,,,
തറവാട്ടുവീട്ടിലെ മേൽക്കൂരയിൽ കൂരാക്കൂരിരുട്ടിനും മിന്നാമിനുങ്ങിനുമൊപ്പം വിരുന്നെത്തുന്ന കല്ലേറു മഴയുടെ ഓർമ്മകളുണ്ട് മനസ്സിൽ !
വിരഹിണിയായ സന്ധ്യകളിൽ
ചാഞ്ഞു പെയ്യുന്ന ചാറ്റൽ മഴത്തുള്ളിയിൽ
പ്രിയമുള്ളവന്റെ മുഖം നോവോർമ്മയായിരുന്നു....
പ്രളയമായ് സംഹാര താണ്ഡവമാടിയപ്പോഴും
പ്രകൃതിയുടെ പ്രതിഷേധമാണെന്ന് മാത്രം ആശ്വസിച്ചു,,
മെയ് മാസത്തിലെ ഒരു കുഞ്ഞു മഴയിലാണ്
നെഞ്ചേറ്റിയ പ്രണയം എന്റെ സ്വന്തമായത്
ഒരു ഇടവപ്പാതിയിൽ തിരിമുറിയാത്ത പ്രിയ മഴത്തുള്ളികളോടൊപ്പമാണെന്റെ അമ്മ പെയ്ത്ത്
അഞ്ചു വർഷം മുമ്പൊരു തോരാമഴയിലാണ്
അച്ഛൻ കണ്ണീരോർമ്മയായത്
മനസ്സ് കർക്കിടക മാനം പോലെയാവുമ്പോൾ
പെയ്തൊഴിയുന്ന മഴകളൊക്കെ
അമൃതവർഷിണിയാണെനിക്ക്
സൗഹൃദപ്പെരുമഴകൾക്കിടയിലും ഞാൻ നനയാറുള്ള ഒറ്റമഴകളാണ് എന്നെ ഞാനാക്കുന്നത്!
എന്റെ മഴകൾക്ക്
എന്തെന്തു ഭാവങ്ങളാണ്,,,?
ഇന്നും മഴയോർമ്മകളെനിക്ക്
ബാല്യത്തിലെ നനഞ്ഞ പാവാടയാണ്..
കൗമാരത്തിലെ നിറഞ്ഞ സന്ധ്യകളാണ്...
പ്രണയമാണ് ...
വിരഹമാണ്...
നെഞ്ചിൻ കൂടിലെ വിങ്ങലാണ്...
ചിലപ്പോഴൊക്കെ
ഉന്മാദിയായ
അമൃതവർഷിണിയും!!
എന്റെ മഴകൾ !!!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -