മകരമഞ്ഞിൻ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവു മരിക്കുന്നു
മഴമുകിലിനെ തള്ളിമാറ്റിക്കതിരവൻ
സ്വർണശോഭയാൽ തൂമുഖം കാട്ടുന്നു
പൂർവദിങ്മുഖമാറ്റും വിയര്‍പ്പുപോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ
ഏഴുവർണ്ണങ്ങളാകെത്തെളിയുന്നു
മഞ്ഞുവീണുകുളിർന്നപുൽനാമ്പതിൽ
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവെ
മെല്ലെമെല്ലെ കണ്‍തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര
നവ്യമാം ചെറുതെന്നൽ തഴുകവേ
കുളിരുകൊണ്ടുവിറയ്ക്കുന്നു ചെടികളും
കാലമെത്താതെവന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു
മരതകപ്പട്ടു തോല്ക്കുന്ന പാടവും
ഒറ്റക്കാലിൽ തപംചെയ്യും കൊറ്റിയും
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം
അലസഗാമിനി ഇക്കിളികൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ
വെണ്‍നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ -
പ്രിയയെ സ്വാഗതം ചെയ്യുന്നു സാഗരം
അമൃതകുംഭങ്ങൾ പേറുന്ന കേരങ്ങൾ
കൈകൾകോർത്തു നിരന്നുചിരിക്കുന്നു.
വെള്ളമേഘം മുഖംനോക്കുമാറ്റിലെ
പായലിൽ തെന്നി മീനുകൾ ഓടവേ.
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു.
മന്ദപവനനും അയവെട്ടും പൈക്കളും
തെല്ലുനേരം മയങ്ങീ മരച്ചോട്ടിൽ
കൊയ്ത കറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളും ചൂടേറ്റിരിപ്പൂ കളമതിൽ
രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരം നോക്കി നടകൊണ്ടു
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്ത്തവെ
ചെമ്പട്ടെല്ലാമഴിച്ചൂ മടക്കിയാ
സന്ധ്യപോയോരരങ്ങിലേക്കായിതാ
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി
നീലമേലാപ്പിൽ രത്നം പതിച്ചപോൽ
വാനിലാകെ തിളങ്ങുന്നു താരകൾ
തേഞ്ഞുതീർന്നോരരിവാൾത്തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ
രാക്കിളിത്താരാട്ടുപാട്ടുകേട്ടീ
ധരിത്രി സുഖമായുറങ്ങുന്നു