പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, സ്വര്‍ണാഭരണം തുടങ്ങി 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പ്രഖ്യാപനം ഉണ്ടാകുക.
സ്വകാര്യ ജെറ്റുകള്‍, ഹെലികോപ്റ്റര്‍, ഗ്ലോസി പേപ്പര്‍, വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാകും കൂട്ടുക. ഇറക്കുമതി കുറയ്ക്കാനും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
നികുതി കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് വാണിജ്യ-വ്യവസായ മന്ത്രാലയം ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു.
വ്യാപാര കമ്മി
സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ വ്യാപാര കമ്മി ജിഡിപിയുടെ 4.4ശതമാനമായി ഉയര്‍ന്നിരുന്നു. ഒമ്പതുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണിത്. ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള കമ്മോഡിറ്റികളുടെ വിലയിടിവ് വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായകമാകുമെങ്കിലും ദീര്‍ഘകാലയളവില്‍ അമിതമായി ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍നിന്ന് പിന്മാറാനുള്ള നീക്കമായി ഇതിനെ കാണാം.
വികസിത രാജ്യങ്ങളിലെ ആവശ്യകതയിലുണ്ടായ കുറവ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി വരുമാനത്തെ ബാധിക്കുമെന്നാണ് നിഗമനം. അടുത്ത സാമ്പത്തിക വര്‍ഷം വ്യാപാര കമ്മി ജിഡിപിയുടെ 3.2-3.4ശതമാനമായി കുറയുമെന്നും വിലയിരുത്തുന്നു.
ലക്ഷ്യം ദീര്‍ഘകാലം
പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായി, അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് പദ്ധതി.
ഇന്ത്യയില്‍ നിര്‍മിക്കുക-എന്ന പദ്ധതിയോടൊപ്പം ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്ക്കുന്നതിന് കുറച്ച് വര്‍ഷങ്ങളായി വിവിധ ഉത്പന്നങ്ങള്‍ക്ക് ഇതിനകം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. സ്വര്‍ണേതര ആഭരണങ്ങള്‍, കുട, ഇയര്‍ഫോണ്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍തന്നെ ഉയര്‍ത്തിയിരുന്നു. സ്വര്‍ണത്തിന്റെ തീരുവ 2022ലും കൂട്ടി. തീരുവ ഉയര്‍ത്തിയതിലൂട കളിപ്പാട്ടങ്ങളുടെ മാത്രം ഇറക്കുമതിയില്‍ 70ശതമാനം കുറവുവരുത്താനായെന്നാണ് വിലയിരുത്തല്‍.