ഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷന് കാഹളമുയർന്നു. മേയ് 19, 20, 21 തീയതികളിൽ നടക്കുന്ന മേള വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷാർജ ഡിപ്പാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് റിലേഷൻസ് എക്സിക്യൂട്ടിവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കുമെന്ന് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ് കോമേഴ്സ്, കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി, ഇന്ത്യൻ കോൺസലേറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കോമേഴ്സിൽ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റും നടക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെയും ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പകൽ സമയങ്ങളിലും സന്ദർശകരെ ആകർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും. രാവിലെ 10 മുതൽ രാത്രി 10വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര അണിനിരക്കും. മേളനഗരിയിലെത്തുന്നവരെ കാത്ത് കാംറി കാർ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കുന്നത്. രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാൻസ് ഇൻ ഷാർജ’ മൂന്ന് ദിവസവും പകൽ സമയങ്ങളിൽ ആസ്വാദകരെ കൈയിലെടുക്കും. കുടുംബജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിപ്സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോൾ ആൻഡ് പേളി’ ഷോയുമായി എത്തും. കൊച്ചുകുട്ടികൾക്കായി ചിത്രരചന മത്സരം, സൗന്ദര്യ പാഠങ്ങൾ പകരുന്ന ‘ദ ആർട്ട് ഓഫ് ഗ്രൂമിങ്’, പാട്ടിന് സമ്മാനവുമായി ‘സിങ് എൻ വിൻ’, മജീഷ്യൻ രാജമൂർത്തിയുടെ മാജിക് വർക്ഷോപ് എന്നിവ സന്ദർശകർക്ക് ആനന്ദത്തിനൊപ്പം അറിവ് പകരുന്ന വിഭവങ്ങളാണ്. ഭക്ഷണപ്രേമികൾക്ക് രുചിയുടെ വിരുന്നൊരുക്കി ഡസർട്ട് മാസ്റ്റർ തത്സമയ പാചകമത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ് പിള്ളയുടെ പാചക വർക് ഷോപ് എന്നിവയുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്‍റീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിനും കമോൺ കേരളവേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപർട്ടി ഷോ നടക്കും. പകൽ മാത്രമല്ല, അതിമനോഹര സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്ന് സായാഹ്നങ്ങളും. സമൂഹമാധ്യമങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആസ്വാദക മനസ്സുകളിലേക്ക് ചേക്കേറിയ വൈറൽ സൂപ്പർ സ്റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്സാണ് ആദ്യ ദിവസത്തെ പ്രത്യേകത.
രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക് ഓഫ് മൈൻഡ്ഫുൾനെസ് ഇന്ത്യൻ സ്ത്രീത്വത്തിന്‍റെ ആഘോഷ വേദിയായിരിക്കും. നടി ഭാവന മുഖ്യാതിഥിയായെത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് നൽകും. മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകരുന്ന ‘ഹാർമോണിയസ് കേരള’ അവസാന ദിവസമായ ഞായറാഴ്ച നടക്കും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പ്രവാസ ലോകത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും. യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കൾ സുസ്ഥിരത സന്ദേശം പകർന്നുനൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ മാധ്യമം ബിസിനസ് ഓപറേഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ജോയ് ആലുക്കാസ് ഇന്‍റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ്, ഷാർജ എക്സ്പോ സെന്‍റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സന്ദീപ് ബോലാർ, ‘ഗൾഫ് മാധ്യമം’ -മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുൽ സലാം ഒലയാട്ട്, ഗൾഫ് മാധ്യമം കൺട്രി ഹെഡ് ഹാഷിം ജെ.ആർ എന്നിവർ പങ്കെടുത്തു.