ജയ് ചന്ദ്രൻ
ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ആഘോഷിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. അമ്മേ നാരായണ, ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്ത് ധന്യരായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്. ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു.

തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും, ശ്രീ പരമേശ്വരി മന്ത്രജപത്താലും അന്നപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. പ്രധാന പുരോഹിതന്‍ ശ്രീ കൃഷ്ണൻ ചെങ്ങണാം പറമ്പിൽ സ്വാമി ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലേ മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു. പിന്നീട് പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു.

പൊങ്കാലയിൽ നാം കാണുന്നത് പ്രപഞ്ച തത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച് അതില്‍ അരിയാകുന്ന ബോധം തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്നു ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ജയചന്ദ്രൻ തന്റെ പൊങ്കാല സന്ദേശത്തിൽ പറഞ്ഞു. പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും കൂടി വരുന്ന ഭക്തജന പങ്കാളിത്തം, ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് ഗീതാ മണ്ഡലം ആത്മീയ ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു .
ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, സ്റ്റിൽ ഫോട്ടോഗ്രാഫർ ബിജുവിനും , ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.
