ചാറ്റ്ജിപിടി (ChatGPT) ഉടമകളായ ഓപ്പണ്‍എഐയില്‍ (OpenAI) 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി ടെക്ക്ഭീമനായ മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയുടെ ജനപിന്തുണ മുതലാക്കുകയാണ് മൈക്രോസോഫ്റ്റിന്റെ (Microsoft) ലക്ഷ്യം. അതേ സമയം മൈക്രോസോഫ്റ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ ഓപ്പണ്‍എഐയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. മൈക്രോസോഫ്റ്റിനെ കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനി പണം സമാഹരിച്ചേക്കും. ഇതോടെ ഓപ്പണ്‍ എഐയുടെ മൂല്യം 29 ബില്യണ്‍ ഡോളറോളം ആകുമെന്നാണ് വിലയിരുത്തല്‍. കഴഞ്ഞ വര്‍ഷം നവംബര്‍ 22ന് ആണ് കമ്പനി ചാറ്റ്ജിപിടിയുടെ ബീറ്റ വേര്‍ഷന്‍ അവതരിപ്പിച്ചത്.
പൈഥണ്‍ കോഡുകള്‍ മുതല്‍ ഉപന്യാസങ്ങള്‍ വരെ എഴുതിത്തരുന്ന ചാറ്റ്ജിപിടി അതിവേഗം വൈറലാവുകയാണ്. 2015ല്‍ ഇലോണ്‍ മസ്‌കും ഓപ്പണ്‍ എഐ സിഇഒയും ആയ സാം ഓള്‍ട്ട്മാനും മറ്റ് നിക്ഷേപകരും ചേര്‍ന്നാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍ 2018ല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് ബോര്‍ഡ് സ്ഥാനം ഒഴിയുകയായിരുന്നു.
ലക്ഷ്യം ഗൂഗിള്‍
തങ്ങളുടെ Bing സെര്‍ച്ച് എഞ്ചിനെ ഗൂഗിളിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. ചാറ്റ്ജിപിടിയെ ബിങ്ഗ് സെര്‍ച്ച് എഞ്ചിനുമായി മൈക്രോസോഫ്റ്റ് ബന്ധിപ്പിച്ചേക്കും. കൂടാതെ വേര്‍ഡ്, പവര്‍പോയിന്റ്, ഔട്ട്‌ലൂക്ക് തുടങ്ങിയവയില്‍ ചാറ്റ്ജിപിടിയുടെ സാധ്യതകള്‍ മൈക്രോസോഫ്റ്റ് പഠിക്കുകയാണ്. ഓപ്പണ്‍എഐയുടെ എഐ ഇമേജ് ക്രിയേറ്ററായ ഡാല്‍-ഇയ്ക്കും (DALL-E) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴുള്ള ചാറ്റ്ജിപിടി-3 മോഡലിന്റെ മെച്ചപ്പെട്ട വേര്‍ഷനായ ചാറ്റ്ജിപിടി-4 അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പണ്‍എഐ.
ചാറ്റ് ജിപിടിയുടെ ജനപ്രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റ് കോഡ് റെഡ് പുറത്തിറക്കിയിരുന്നു. എഐ ബോട്ടുകളുടെ ഭീഷണി മറികടക്കാന്‍ ഗൂഗിള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഗൂഗിള്‍ ഐ/ഒയില്‍ സിഇഒ സുന്ദര്‍ പിച്ചെ, ലാംഡ (LaMDA) എന്ന പേരില്‍ ഡയലോഗ് ആപ്ലിക്കേഷന്‍സിനായി ഒരു എഐ ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലാംഡ പുറത്തിറക്കാന്‍ ഗൂഗിളിന് ഇതുവരെ കഴിഞ്ഞിട്ടില്ല.