advertisement
Skip to content

യുഎസ് മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാമിനേഷന്‍ 'പാസായി' ചാറ്റ്ജിപിറ്റി

ലോകത്തെ ഞെട്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കുന്നതില്‍ വ്യാപൃതമാണ് ടെക്‌നോളജി ലോകമിപ്പോള്‍. വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ ലൈസന്‍സുള്ള ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യുഎസ് മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാമിനേഷന്‍ ചാറ്റ്ജിപിറ്റി 'പാസായി' എന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നത്.
∙ എങ്ങനെയാണ് ഉത്തരങ്ങള്‍ കണ്ടെത്തിയത്?

ചാറ്റ്ജിപിറ്റി പരീക്ഷ പാസാകുക മാത്രമല്ല, എങ്ങനെയാണ് ഓരോ ഉത്തരവും കണ്ടെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കിയെന്നും ഗവേഷകര്‍ പറയുന്നു. ഇതില്‍ ആദ്യത്തെ പേപ്പര്‍ മെഡ്‌റെക്‌സിവോപെണ്‍സില്‍ (medRxivopens) വായിക്കാനായി ലഭ്യമാക്കിയിട്ടുമുണ്ട്. എല്ലാ പരീക്ഷകളിലും 50 ശതമാനത്തിലേറെ കൃത്യതയോടെയാണ് പാസായത് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേസമയം, ഈ പ്രബന്ധങ്ങള്‍ ഇനിയും പിയര്‍-റിവ്യൂ ചെയ്യാനിരിക്കുന്നതേയുള്ളു. ഇതില്‍ നിന്നു മനസ്സിലാകുന്നത് ചാറ്റ്ജിപിറ്റി പോലെയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലും രോഗനിര്‍ണയത്തില്‍ പോലും സഹായകമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

∙ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത് ഇങ്ങനെ

'പരീക്ഷ'യ്ക്കായി, പൊതുജനത്തിന് ലഭ്യമാക്കിയ 376 ചോദ്യങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇതിന്റെ ഉത്തരങ്ങളൊന്നും 2022 ജനുവരി 1 നു മുൻപ് ഗൂഗിളില്‍ ഇന്‍ഡെക്‌സ് ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് നല്‍കിയത്. നിലവില്‍ ചാറ്റ്ജിപിറ്റിയ്ക്ക് ലഭ്യമായ ഡേറ്റാ സെറ്റ് 2021 വരെയുള്ളതാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

∙ എംബിഎ പരീക്ഷയും പാസായി

ഇതിനിടയില്‍ വാര്‍ട്ടൺ സ്‌കൂള്‍ ഓഫ് ദി യൂണിവേഴ്‌സിറ്റി, പെന്‍സില്‍വേനിയായിലെ പ്രഫസര്‍ തയാറാക്കിയ എംബിഎ ടെസ്റ്റും ചാറ്റ്ജിപിറ്റി പാസായി. എംബിഎയുടെ ഫൈനല്‍ പരീക്ഷ ബി മൈനസ്, ബി ഗ്രേഡുകളോടെയാണ് ചാറ്റ്ജിപിറ്റി പാസായത്. ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് പ്രോസസ് അനാലിസിസ് ചോദ്യങ്ങള്‍, കേസ് സ്റ്റഡി അടക്കം മികച്ച രീതിയിലാണ് പാസായതെന്ന് പറയുന്നു. നല്‍കിയ ഉത്തരങ്ങള്‍ക്കൊക്കെ വേണ്ട വിശദീകരണങ്ങൾ നല്‍കിയെന്നും പറയുന്നു.

അതേസമയം, ചില സൂചനകള്‍ നല്‍കിയാല്‍ അതിനനുസരിച്ച് ഉത്തരങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും ചാറ്റ്‌ബോട്ടിന് സാധിച്ചുവെന്ന് പറയുന്നു. ചാറ്റ്ജിപിറ്റിയുടെ പ്രതികരണ രീതി മനുഷ്യരുടേതിന് സമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. അതേസമയം, എഐ കുത്തിയിരുന്നു പഠിച്ചു പരീക്ഷ പാസാകുന്നതിന്റെ വില കളയുമോ എന്ന് ഒരു വാര്‍ട്ടണ്‍ പ്രഫസര്‍ സംശയം ഉന്നയിച്ചു. എന്നാല്‍, മറ്റു പലരും ചാറ്റ്ജിപിറ്റിയുടെ പ്രകടനത്തില്‍ ആകുലപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും പ്രതികരിച്ചു.

∙ ചാറ്റ്ജിപിറ്റി പ്രൊഫഷണല്‍ പ്ലാന്‍ പ്രഖ്യാപിച്ചു

നിലവില്‍ ഫ്രീയായി ഉപയോഗിക്കാവുന്ന ചാറ്റ്ജിപിറ്റി സേവനത്തിന് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു. ചാറ്റ്ജിപിറ്റി പ്രൊഫഷണല്‍ എന്നായിരിക്കും പ്ലാനിന്റെ പേര്. ഇതിന് പ്രതിമാസം ഏകദേശം 3400 രൂപയായിരിക്കും (42 ഡോളര്‍) വരിസംഖ്യ. ഇപ്പോള്‍ വേണ്ടതിനേക്കള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതികരിക്കുന്ന രീതിയിലായിരിക്കും പ്രൊഫഷണല്‍ പ്ലാന്‍ വരിക എന്നു കരുതുന്നു. പുതിയ ഫങ്ഷനുകള്‍ കൊണ്ടുവരുമ്പോള്‍ അവ ആദ്യം ലഭിക്കുന്നതും വരിക്കാര്‍ക്കായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest