ഓപൺഎ.ഐ (OpenAI) എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജി.പി.ടി (ChatGPT). ഒരു എ.ഐ ഭാഷാ മോഡലായ ചാറ്റ്ജി.പി.ടിക്ക് വൈവിധ്യമാർന്ന വിഷയങ്ങളിൽ സംവദിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിവരങ്ങൾ നൽകാനും ഉപയോക്താക്കളുമായി സംവേദനാത്മക സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കും.
സെർച്ച് എൻജിനുകളിലും സമൂഹ മാധ്യമങ്ങളിലും മറ്റ് വ്യവസായ മേഖലകളിലുമടക്കം ചാറ്റ്ജി.പി.ടി പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി വാഹനങ്ങളിലും പുതിയ എ.ഐ ചാറ്റ്ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താൻ പോവുകയാണ്. ലോകപ്രശസ്തരായ ജനറൽ മോട്ടോർസാണ് ആദ്യമായി അതിന് മുന്നിട്ടിറങ്ങുന്നത്.
ഷെവർലെ, ജി.എം.സി, കാഡിലാക്, ബ്യൂക്ക് പോലുള്ള കാറുകളുടെ നിർമാതാക്കളായ ജനറൽ മോട്ടോർസ്, ഓപ്പൺഎ.ഐയുടെ ചാറ്റ്ജി.പി.ടി സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ചാറ്റ്ജി.പി.ടിയുടെ പിന്നിലുള്ള എ.ഐ മോഡലുകളെ ഉപയോഗപ്പെടുത്തുന്ന ഒരു വെർച്വൽ പേഴ്‌സണൽ അസിസ്റ്റന്റ് വികസിപ്പിക്കാനാണ് വാഹന നിർമ്മാതാവ് പ്രവർത്തിക്കുന്നതെന്ന് ‘സെമഫോർ’ റിപ്പോർട്ട് ചെയ്തു.
ഫ്ലാറ്റ് ടയർ മാറ്റുന്നത് എങ്ങനെയെന്നതടക്കമുള്ള കാറുമായി ബന്ധപ്പെട്ടുള്ള മെക്കാനിക്കൽ സംശയങ്ങൾ തീർക്കാനും ഡ്രൈവർമാർക്ക് നിർദ്ദേശം നൽകാനുമൊക്കെ അസിസ്റ്റന്റിന് കഴിയുമെന്നാണ് അവകാശവാദം. പൊതുവെ കാറിനൊപ്പം വരുന്ന മാന്വുവലിൽ കാണാറുള്ള വാഹന സവിശേഷതകൾ എങ്ങനെ ഉപയോഗിക്കാമെന്നുള്ള വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയും.
"ചാറ്റ്ജി.പി.ടി ഇനി എല്ലാത്തിലും ഉണ്ടാകും," -ജി.എം വൈസ് പ്രസിഡന്റ് സ്കോട്ട് മില്ലർ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.