ഡാലസ് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് അമേരിക്കയുടെ രാജ്യാന്തര കൺവെൻഷൻ അമിക്കോസ് രക്ഷാധികാരിയും, മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയുടെ അധ്യക്ഷനും, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുൻ അധ്യാപകനും, പ്രമുഖ ധനതത്വശാസ്ത്ര പണ്ഡിതനുമായ ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉത്ഘാടനം ചെയ്തു.







ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ്, ചലച്ചിത്ര താരങ്ങളായ നന്ദു, സാബു തിരുവല്ല, ഡിനി എലിസബത്ത് ദാനിയേൽ, പ്രമുഖ ന്യൂറോ സർജൻ ഡോ.അരുൺ ഉമ്മൻ, സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് തുടങ്ങിയർ മുഖ്യാതിഥികൾ ആയിരുന്നു.
ഒക്ടോബർ 11 വെള്ളി മുതൽ 13 ഞായർ വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ്, ഡങ്കൻവില്ലെയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി അനേക മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളെ കൂടാതെ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ , ഡോ. ജോഷി ജേക്കബ് അറ്റ്ലാന്റാ, ഡോ. മാത്യു ടി എബ്രഹാം വാഷിംഗ്ടൺ, ഡോ.ജേക്കബ് ഈപ്പൻ കാലിഫോർണിയ തുടങ്ങിയവർ സംബന്ധിക്കുന്നു.
അമിക്കോസ് രാജ്യാന്തര കൺവെൻഷന്റെ പ്രസിഡന്റ് സാബു തോമസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൺവീനർ ജിമ്മി കുളങ്ങര ഏവരെയും സ്വാഗതം ചെയ്തു. കോ - കൺവീനർ സുജൻ കാക്കനാട്ട് സമ്മേളനത്തിന്റെ ക്രമീകരണങ്ങളെ കുറിച്ച് പ്രസ്താവന ചെയ്തു.
ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികളിൽ സ്ത്രീകൾ തുഴഞ്ഞ ചുണ്ടൻ വള്ളവും, നാടൻ കലാരൂപമായ വില്ലടിച്ചൻ പാട്ടും, മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
