ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമിത ബുദ്ധി ചാറ്റ്‌ബോട്ടുകൾക്ക് കുട്ടികളെ വായിക്കാൻ പഠിപ്പിക്കാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. 18 മാസത്തിനുള്ളിൽ അതിനുള്ള കഴിവ് നിർമിത ബുദ്ധി നേടിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. "ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അധ്യാപകനാകാനുള്ള കഴിവ് എ.ഐക്ക് ലഭിക്കും". - ചൊവ്വാഴ്ച നടന്ന ASU+GSV ഉച്ചകോടിയിൽ സംസാരിച്ച ബിൽ ഗേറ്റ്‌സ് പറഞ്ഞു.
ഓപ്പൺഎ.ഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവ പോലുള്ള AI ചാറ്റ്‌ബോട്ടുകളുടെ നിലവിലെ തലമുറയ്ക്ക് "എഴുതാനും വായിക്കാനുമുള്ള അസാമാന്യമായ പ്രാവീണ്യം" ഉണ്ടെന്ന് ഗേറ്റ്‌സ് പറയുന്നു. കൂടാതെ മുൻകാലങ്ങളിൽ സാങ്കേതികവിദ്യയ്ക്ക് സാധിക്കാത്ത വിധത്തിൽ വായനയും എഴുത്തും മെച്ചപ്പെടുത്താൻ വിദ്യാർത്ഥികളെ അവയ്ക്ക് പഠിപ്പിക്കാൻ കഴിയുമെന്നും ഗേറ്റ്‌സ് കൂട്ടിച്ചേർത്തു. .
അടുത്ത 18 മാസങ്ങളിലേക്ക് നോക്കിയാൽ. നിർമിത ബുദ്ധി അധ്യാപകന്റെ സഹായിയായി വരികയും എഴുത്തിനെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകാൻ വരെ ആരംഭിക്കുകയും ചെയ്യും.കൂടാതെ ഗണിതത്തിൽ നാം ഇപ്പോൾ എന്താണോ അതിലേറെ ചെയ്യാൻ എഐ നമ്മെ സഹായിക്കും.-ഗേറ്റ്സ് പറയുന്നു.
അതേസമയം, എഐ ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നവര്‍ക്ക് മറുപടിയുമായി ഗേറ്റ്സ് മുമ്പ് രംഗത്തുവന്നിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നത് വരാനിരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാവില്ലെന്നും എഐയുടെ വികാസത്തെ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താം എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എ.ഐ വികസിപ്പിച്ച ജിപിടി-4നേക്കാള്‍ മികച്ച എ.ഐ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവെക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഇലോണ്‍ മസ്‌കും ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നായ്കും ഉള്‍പ്പടെ 1000 എ.ഐ വിദഗ്ദര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.