ഭിന്നശേഷിക്കാരെ സമഭാവനയോടെ കാണാൻ സാധിക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്
സഹതാപത്തോടെയല്ല, സമഭാവനയോടെയാണ് ഭിന്നശേഷി സുഹൃത്തുക്കളെ കാണേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഹൈ ടൈഡ് സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ഭാഗമായുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണത്തിന്റെയും ഡിസബിലിറ്റി മെഡിക്കൽ ബോർഡ് ക്യാമ്പിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയാകുന്നതോടെ ബേപ്പൂർ മണ്ഡലത്തിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മുഴുവൻ പേർക്കും ഡിസബിലിറ്റി സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാർഡും വിതരണം ചെയ്തുവെന്ന് ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രത്യേകം പദ്ധതികളും നിലവിലുണ്ട്. ഭിന്നശേഷി സുഹൃത്തുകൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ലഭിക്കുന്നുണ്ട് എന്നത് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ പൊതുഇടങ്ങളും സ്ഥാപനങ്ങളും റോഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളുമെല്ലാം ഭിന്നശേഷി സൗഹൃദമാകണം. ഭിന്നശേഷിക്കാരെ ചേർത്തു നിർത്തി അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണമെന്നും മന്ത്രി പറഞ്ഞു. കടലുണ്ടിക്കടവിനു സമീപത്തുള്ള ഹോപ്പ്ഷോർ ഭിന്നശേഷി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കടലുണ്ടി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ഭാഗമായി യു.ഡി.ഐ.ഡി കാർഡിനുള്ള 827 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 250 ഓളം പേരാണ് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യമുള്ളവർ. ഇവർക്കുള്ള പരിശോധന ക്യാമ്പുകൾ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ട ക്യാമ്പ് കടലുണ്ടിയിൽ നടന്നത്. സി.ആർ.സി കോഴിക്കോട്, സർവശിക്ഷാ കേരളം, കോഴിക്കോട് എന്നീ സ്ഥാപനങ്ങളുടെയും മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെയും സഹകരണത്തോടെയാണ് ബേപ്പൂർ ഹൈ ടൈഡ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുറസാഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുരളി മുണ്ടേങ്ങാട്, വാർഡ് മെമ്പർ ജിത്തു കക്കാട്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം എസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീം, സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജിലി, ബേപ്പൂർ ഡെവലപ്‌മെന്റ് മിഷൻ പ്രതിനിധി രാധാ ഗോപി, മെഡിക്കൽ ബോർഡ് ഡോക്ടർമാരായ സുജിത്ത്, സന്ദേശ് പി ടി, അബ്ദുൽ റസാക്ക്, ജനാർദനൻ എന്നിവർ സംസാരിച്ചു.
(പടം: ബേപ്പൂർ ഹൈ ടൈഡ് സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ഭാഗമായുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണത്തിന്റെയും ഡിസബിലിറ്റി മെഡിക്കൽ ബോർഡ് ക്യാമ്പിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു