അബുദാബി∙ കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവത്തിൽ ഓർമ ദുബായ് അവതരിപ്പിച്ച റാബില (റാണി ബിജിലി ലജ്ജോ) മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. അൽഐൻ മലയാളി സമാജത്തിന്റെ കവചിതം, ഐ.എസ്.സി അജ്മാൻ അവതരിപ്പിച്ച നവരാഷ്ട്ര യഥാക്രമം രണ്ടും മൂന്നും സമ്മാനം നേടി.
അടിച്ചമർത്തുന്തോറും പ്രതിഷേധിക്കുകയും കുതറിയോടുന്തോറും കുരുക്കുകൾ മുറുകുകയും ചെയ്യുന്ന സ്ത്രീ ജീവിതങ്ങളുടെ നേർച്ചിത്രം അരങ്ങിലെത്തിച്ചാണ് റാബില ഒന്നാം സ്ഥാനം നേടിയത്. ഭർതൃഗൃഹങ്ങളിൽ ഹോമിക്കപ്പെടുന്ന അനേകായിരം സ്ത്രീകളുടെ കഥ കൂടിയാണിത്. മികച്ച സംവിധായകൻ സുവീരൻ (മാക്ബത്), രണ്ടാമത്തെ മികച്ച സംവിധായകൻ നിഖിൽ ദാസ് (കവചിതം), നടൻ മുരളി കുന്നൂച്ചി, നടി മിനി അൽഫോൻസ (ഇരുവരും നവരാഷ്ട്ര), രണ്ടാമത്തെ നടൻ നൗഷാദ് ഹസ്സൻ (ലങ്കാ ലക്ഷ്മി), രണ്ടാമത്തെ നടി സ്വാതി സുരേഷ് വർന്നാട്ട് (റാബില), ബാലതാരം സായന്ത്, രണ്ടാമത്തെ ബാലതാരം ധൈഷ്ണ (ഇരുവരും സ്റ്റേജ്), പ്രകാശ വിതാനം സനീഷ് കെ.ഡി (ലങ്കാ ലക്ഷ്മി), ചമയം ബിജു കൊട്ടില (മാക്ബത്), പശ്ചാത്തല സംഗീതം ജേക്കബ് ജോർജ് (ലങ്കാ ലക്ഷ്മി), രംഗ സജ്ജീകരണം ഹംസക്കുട്ടി–ഗോപകുമാർ (സ്റ്റേജ്), യുഎഇയിൽനിന്നുള്ള മികച്ച സംവിധായകൻ ഒ.ടി. ഷാജഹാൻ (റാബില). ഇതോടനുബന്ധിച്ച് നടന്ന ഏകാംഗ നാടക രചനാ മത്സരത്തിൽ സമീർ ബാബു (നഗരം സ്വപ്നം കാണാത്ത ഒരാൾ) ജേതാവായി. സ്പെഷൽ ജൂറി അവാർഡ് പ്രഗതി പ്രസന്നനും (കവചിതം), ഷെറിനും (മാക്ബത്ത്) പങ്കിട്ടു.

സമാപന സമ്മേളനത്തിൽ കെ.എസ്.സി പ്രസിഡന്റ് വി.പി കൃഷ്ണകുമാർ, രഘുപതി (ലുലു എക്സ്ചേഞ്ച്), സൂരജ് പ്രഭാകർ (അഹല്യ), അഡ്വ. അൻസാരി സൈനുദീൻ, ഡോ. മുരളീധരൻ, പ്രഫ. വിനോദ് വി നാരായണൻ എന്നിവർ പ്രസംഗിച്ചു.

