അശ്വതിയുടെ കവിതകളിലെല്ലാം ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കഥയുണ്ട്. കവിതയുടെ അലക്കിട്ട ഭംഗിയുള്ള ഉടുപ്പിനുള്ളിൽ ഒളിപ്പിച്ച നോവിന്റെയും നെടുവീർപ്പിന്റെയും കഥകൾ. ബുദ്ധിയുള്ള, മിടുക്കുള്ള വായനക്കാർക്ക് മാത്രമേ ഈ കഥകൾ വായിച്ചെടുക്കാനാവൂ. അല്ലാത്തവർ കവിത വായിച്ചു നല്ല കവിത എന്നഭിപ്രായവും പറഞ്ഞു സന്തോഷിച്ചു മടങ്ങേണ്ടി വരും.
അശ്വതിയുടെ കവിതകളിലെല്ലാം അശ്വതിയുണ്ട്. അശ്വതിയുടെ മോഹങ്ങളും മോഹഭംഗങ്ങളും പ്രതീക്ഷകളും നിരാശകളും എല്ലാമുണ്ട്. ചിന്തകളും ഉന്മാദങ്ങളുമുണ്ട്. ഇന്നലെകളും നാളെകളുമുണ്ട്. അത്ര പെട്ടെന്നൊന്നും ആരും കടന്നു വരില്ലെന്നുറപ്പുള്ള മുറിയിൽ ഒരാൾ അനുഭവിക്കുന്ന സ്വാതന്ത്ര്യ ബോധത്തോടെ ചിന്തകൾ വിളിച്ചു പറയുന്ന ഒരാൾ. നിരീക്ഷണബുദ്ധിയോടെയും അന്വേഷണാത്മക മനസ്സോടെയും എത്തുന്നവർക്ക് മാത്രം അത് പിടിച്ചെടുക്കാം. അല്ലാത്തവർക്ക് നല്ല ഭാവന എന്ന് അഭിനന്ദനം പറഞ്ഞു മടങ്ങിപ്പോകാം.
ഈ കവിതാസമാഹാരം തുടങ്ങുന്നത് തന്നെ പനി എന്ന ഒരു സുന്ദര കവിതയിലൂടെയാണ്.
"പനിക്കിടക്കയിലെത്തിയ ചുക്കുകാപ്പി
ഊതിയിറക്കിയപ്പോഴാണ്
പത്താണ്ടു കഴിഞ്ഞിന്നലെ നീ
തൊണ്ടയിൽ വന്നു കുരുങ്ങിയത്
പുകഞ്ഞു നീറിയത്..."
എന്ന അഞ്ചു വരിയിൽ പറഞ്ഞു തുടങ്ങുന്ന കവിത
"പത്താണ്ടു കഴിഞ്ഞിന്നലെയാവണം
തൂക്കുപാത്രമെടുത്ത് വരമ്പു മുറിച്ചത്
ചെരുപ്പ് വള്ളിയിടാൻ കുനിഞ്ഞിരുന്നത്
നിന്റെ കുടയ്ക്കകത്തും പുറത്തും മഴ വന്നത്
തോർത്തും മുന്നേ പനി വന്നത്
ഇല്ലിക്കൂട്ടത്തിലൊരു കുളക്കോഴി പമ്മിയത്..." എന്നും
"നിന്റെ ഉമ്മകൾക്കിപ്പോഴും പനിയുണ്ടെന്ന്
പിച്ച് പറഞ്ഞത്, പനി കടുത്തത്" എന്നും ഒരൊറ്റ പേജിൽ പറഞ്ഞു തീരുമ്പോഴേക്കും ഒരു കഥ പറഞ്ഞു വെക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ കവിത നിറച്ച, ആഴത്തിലുള്ള ചിന്ത നിറച്ച നല്ലൊരു കഥ. ഈ ശൈലി സമാഹാരത്തിലുടനീളം അശ്വതി നില നിർത്തിയിട്ടുണ്ട്. ഇതിലെ കഥ കണ്ടെടുക്കുക അത്ര ശ്രമകരമല്ലെങ്കിലും ആസ്വദിച്ചു വായിച്ചത് കണ്ടെടുക്കുക എന്നത് ആനന്ദകരമാണ്; കഥ അത്ര ശുഭപര്യവസായിയല്ലെങ്കിലും.
'കടൽ വഴി' എന്ന കവിതയും 'നമ്മക്കിവിടെ ജീവിക്കേണ്ടേ' എന്ന അവസാനത്തെ കവിതയുമാണ് പിന്നെ എനിക്ക് ഈ സമാഹാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.
ഇതിൽ 'കടൽ വഴി' എന്ന ചെറിയ കവിത തീക്ഷ്ണത കൊണ്ടും ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളുടെ സമ്പുഷ്ടത കൊണ്ടും വേറിട്ട് നിൽക്കുന്നു.
"ചക്രവാളങ്ങളെയും സൂര്യനെയും
വിഴുങ്ങിയൊരു കടൽ
ഭൂപടത്തിന്റെ പെൻസിൽ അതിർത്തിയിൽ
ചരുണ്ടു കിടപ്പുണ്ട്
ദിക്കു മറന്നൊരു വടക്കുനോക്കി,
ദിശ തെറ്റിയൊരു കാറ്റ്
മുകൾത്തട്ടിലൊരു
കനം പോയ നങ്കൂരം!"
ഓരോ വാക്കിനും ഓരോ വരിക്കും ഒരു കടലാഴമുണ്ട്. ഒരു കൊടുങ്കാറ്റിന്റെ കഥ പറയാനുണ്ട്.
"ഉള്ളിലൊരു ചൂണ്ടക്കൊളുത്തിന്റെ
ആഴത്തിൽ മുറിവുണ്ട്.
ഉപ്പ് തൊട്ടാൽ നീറാത്തത്
ഇരുട്ടിൽ മാത്രം കാണാവുന്നത്"
ജീവിതത്തിന്റെ ഉള്ളറകളിലേക്ക്, രഹസ്യങ്ങളിലേക്ക്, പ്രശ്നങ്ങളുടെ വേരുകളിലേക്ക് നമ്മെ കൊണ്ടെത്തിച്ചു കവയിത്രി നമ്മെ വിസ്മയിപ്പിക്കുന്നു.
"ഭൂമി കടലിനോട് ചെയ്ത ഉടമ്പടിയിൽ,
വേലിയേറ്റത്തിന്റെ പുതിയ നിയമത്തിൽ,
ദൈവത്തിന്റെ കുറിപ്പടിയിൽ
ഒക്കെയും ചെകുത്താന്റെ കള്ളയൊപ്പ്...!"
'നമ്മക്കിവിടെ ജീവിക്കേണ്ടേ?' എന്ന കവിത തീർത്തും പ്രസക്തമായ ആനുകാലിക വിഷയങ്ങളെ ഏറ്റവും ലളിതമായി അതേ സമയം അതിന്റെ ഭീകരത മുഴുവനും കാണിക്കുന്ന വിധത്തിൽ അവതരിപ്പിക്കുകയാണ്. മുൻപൊക്കെ, ഒരു കൊക്കിനെ കാണാതായാൽ പാടം ചോദിക്കാൻ വരുമായിരുന്നു. വർക്കിച്ചേട്ടന്റെ വിരൽ തോക്കിന്റെ കാഞ്ചിയിൽ അമരുമ്പോൾ
"ന്റെ ചിറകേ, ന്റെ വെളുപ്പേ'ന്ന് പാടം നിന്ന് മോങ്ങി."
"കല്ലേൽമുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞു പുഴ മുറ്റത്ത് വന്ന് നിൽപ്പാണ്."
"പിള്ളേരെ ഏല്പിച്ചു പോയ അണ്ണാനെ നോക്കി മരമെല്ലാം മുറ്റത്തു നിൽപ്പാണ്." ഇങ്ങനെയൊക്കെയായിരുന്നു പണ്ട്.
"അന്ന് ചോദിക്കാൻ വന്ന പാടോം പുഴേം മരോം
ഇപ്പൊ എവിടാന്നറിയാവോ നിങ്ങക്ക്?"
"നമ്മള് മനുഷ്യന്മാർക്കിവിടെ ജീവിക്കണ്ടേ?"
എന്ന് പറഞ്ഞു കവിത നിർത്തുമ്പോൾ നാം അക്ഷരാർത്ഥത്തിൽ നിശ്ശബ്ദരാകും. കാരണം ആ ശബ്ദം നമ്മുടേതായിരുന്നു.
പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പിലെ കൃത്യതയും സൂക്ഷ്മതയും സംവേദനക്ഷമതയും കവിതയെ ആസ്വാദ്യകരമാക്കുന്നതിൽ ഏറെ നിർണ്ണായകമാണ്. ഈ കല നന്നായി അറിയുന്നവളാണ് അശ്വതി ശ്രീകാന്ത്. അപൂർവ്വം ഇടങ്ങളിൽ ഈ ബിംബങ്ങളെ നേരിട്ട് കാണിച്ചു തന്ന് വിസ്മയിപ്പിക്കുമ്പോഴും ഭൂരിഭാഗം സമയവും അവയിൽ ഒരു രഹസ്യ സ്വഭാവം നില നിർത്തി അത് കണ്ടു പിടിക്കുന്ന വായനക്കാർക്കുള്ള സമ്മാനമാക്കുന്നുണ്ട്.
മഴയെയും മരണത്തെയും ഒന്നൊന്നിന് പകരം വെക്കുന്ന മഴ എന്നൊരു കവിതയിൽ ആത്മഹത്യയുടെ ഓരോ സാധ്യതയും മഴയോട് ചേർത്ത് പറയുന്നത് ഏറെ നന്നായി അവതരിപ്പിക്കുന്നുണ്ട്.
"ചൂളം കുത്തുന്ന തീവണ്ടി കയറി
ചിന്നി ചിതറുന്നതാണ് ചില മഴകൾ."
"പുഴയുടെ പൊക്കിൾച്ചുഴിയിൽ ഉന്മാദം നിറയ്ക്കുന്ന മഴയുണ്ട്
ആരുമറിയാത്ത ഒളിമഴ."
"കൈത്തണ്ടയിൽ തൊട്ട് ഭ്രമിപ്പിച്ചു വിളിക്കും
മൗനമായി ചില മഴകൾ."
കാറ്റായും കടലായും നിഴലായും മഴയായും നിലാവായും നക്ഷത്രക്കുഞ്ഞുങ്ങളായും പച്ചക്കുതിരയായും പല്ലിയായും അവ നമ്മെ മോഹിപ്പിക്കും.
തീവണ്ടിയായും സൂര്യനായും വെയിലായും പെൻസിലറ്റമായും തൊപ്പി പോയ അടക്കയായും കനം പോയ നങ്കൂരമായും മെഴുകുതിരിവെട്ടത്തിന്റെ നിഴലായും ഒക്കെ നമ്മെ ഭയപ്പെടുത്തും.
പ്രതീകങ്ങളുടെ ഭംഗി അത് ചേർത്തുണ്ടാക്കുന്ന വരികളുടെ അർത്ഥത്തിലും അതടുക്കുന്ന രീതിയിലുമാണ് തിരിച്ചറിയുക. അതിനാൽ ചില വരികളെ കൂടെ ചേർക്കുന്നു.
"നിന്നെ കാണാതായ വൈകുന്നേരമാണ്
ഒറ്റമുണ്ടെടുത്തൊരു കാറ്റ് മല കയറിയത്."
"മഷിച്ചാല് വരണ്ടൊരു സ്വർണ്ണപ്പേന
തിരിഞ്ഞും മറിഞ്ഞും കിടന്ന് മുഷിഞ്ഞുപോയൊരു വിവാഹക്കുറി
ഒറ്റക്കണ്ണ് തുരക്കാനെത്തുന്ന താക്കോൽക്കൂട്ടമല്ലാതെ മറ്റാരും കണ്ടിരിക്കാനിടയില്ലാത്ത ഇരുട്ടിലെ രഹസ്യങ്ങൾ"
"പിന്നാലെ കുറുകിപ്പറന്ന ആൺ ചിറകുകളൊന്നും
നിന്നോളമില്ലെന്ന് അവളുടെ നാണം."
"എന്റെ നിഴലിനെ നീ പൂട്ടിവെച്ച
പഴയ തടിയലമാര"
"വഴികാട്ടാൻ വരുന്ന പെൻസിലറ്റത്തെ
ഭയന്നോടുന്ന മുയൽക്കുഞ്ഞുങ്ങളുണ്ട്."
"കട്ടച്ചെമ്പരത്തിയിലെ പൂവുകളിലൊന്നിന്
കാറ്റിന്റെ മുഖമാണെന്ന് അവൻ
അല്ല, അമ്മപ്പകർപ്പെന്നവൾ."
"അറകൾ നാലിലും പുഴവെള്ളമാണ്. അതിലെന്നോ വീണുപോയ നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്. ഒഴുക്ക് മുറിഞ്ഞിടം തുന്നിച്ചേർത്ത സൂചിപ്പാടുകളുണ്ട്."
"ഒറ്റയാനുള്ള കാട്ടിലൂടെ നമ്മുടെ രാത്രിസഞ്ചാരങ്ങൾ!...നിന്റെ ഒറ്റചൂട്ടു വെളിച്ചത്തിൽ..."
"നിലാവിനെ ഒളിച്ചു കടത്തുന്ന ഇലവഴികൾ
വേരുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നക്ഷത്രപ്പൂവുകൾ"
അശ്വതിയുടെ ചില കവിതകളെങ്കിലും നമ്മെ ഓർമകളുടെ ആകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതാണ്. ഇന്നലെകളുടെ ഓർമകളെ കവിതയുടെ കുപ്പായമിടുവിച്ചു നമ്മിലേക്ക് കണ്ണെഴുതുമ്പോൾ ചിമ്മാത്ത കൃഷ്ണമണികളോടെ വായനക്കാർ അവയെ നെഞ്ചേറ്റുമെന്നുറപ്പ്.
"പുഴക്കിലുക്കത്തെ തോൽപ്പിക്കാൻ
പറയാതിറങ്ങിപ്പോയൊരു വെള്ളിക്കൊലുസുണ്ട്."
"കണക്ക് തെറ്റാത്ത തലക്കുറിയിലെ ഇരുട്ട് കയറി മങ്ങിയ രാജയോഗം"
"നീയെന്റെ ഒളിസങ്കേതവും വെള്ളിയാഴ്ചയും ആയിരുന്നു.
...............................
ചുവന്ന പൊട്ടുകൾ ഒട്ടിച്ച കണ്ണാടിയുമായിരുന്നു.
മുഷിഞ്ഞിട്ടും മാറാത്ത മടി പിടിച്ചൊരു ഉടുപ്പായിരുന്നു."
"ഓടിന്റെ വിള്ളലിലൂടെ മഴ അടുക്കള കാണാനെത്തും.
മാറാലച്ചൂലുകൊണ്ട് അമ്മയാ വഴികളെ കുത്തിനോവിക്കും.
അമ്മ തോൽക്കുമ്പോൾ
വക്കടർന്ന കഞ്ഞിക്കലം അടുക്കളമഴയെ ഗർഭം കൊള്ളും"
"അലക്കുകല്ലുകളെ വിഴുങ്ങിയ തോട് പറമ്പുകയറി മലർന്നു കിടക്കും..."
"ഇരുമ്പു ചട്ടിയിൽ നൂറ്റാണ്ടുകളായി
കടല വറുക്കുന്ന വൃദ്ധനെ കാണുമ്പോഴല്ലാതെ..."
"ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്ന
വയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ"
"കഴിഞ്ഞ ജന്മത്തിലെങ്ങോ
ഞാനും നീയും മാത്രം ജീവിച്ചിരുന്ന
ഈ നഗരത്തിൽ നിൽക്കുമ്പോൾ
ഞാനെന്തിന് നിന്നെയോർക്കണം?"
അശ്വതിയുടെ കവിതയുടെ പരിസരങ്ങൾ നമ്മെ നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള വ്യക്തിജീവിതങ്ങളും കുടുംബ ജീവിതവും സ്ത്രീ അവസ്ഥയും ഒക്കെ തന്നെയാണ് അശ്വതിയുടെ കവിതകളുടെ പ്രധാന വിഷയങ്ങൾ. മുറിവേറ്റ ബാല്യം പേറുന്ന പെൺകുട്ടികളെപ്പറ്റി, അവരെ വേട്ടയാടാൻ കാത്തു നിൽക്കുന്ന പൂച്ച നഖങ്ങളെപ്പറ്റി, പ്രലോഭനങ്ങളിൽ വീണുപോകുന്ന പെണ്ണുങ്ങളെപ്പറ്റി, നിരാശയിൽ പെട്ട് വീട്ടകങ്ങളിൽ കഴിയുന്ന ഒരു പാട് സ്ത്രീകളെപ്പറ്റി, പെണ്മക്കളെപ്പറ്റി ആകുലപ്പെടുന്ന അമ്മമനസ്സുകളെപ്പറ്റി...അശ്വതിക്ക് പറയാനുള്ളത് കൂടുതലും അവർക്ക് വേണ്ടിയും അവരെപ്പറ്റിയുമാണ്.
പല്ലി എന്ന കവിത ഈ ആകുലതയുടെ ഒന്നാന്തരം ദൃഷ്ടാന്തമാണ്.
":അവനൊരു നുണ പറയുന്നു.
അവളത് കേട്ട് നിൽക്കുന്നു.
വിളറിയൊരു പല്ലിയപ്പോൾ
വീർത്ത വയറുമായി
മരത്തൂണിന്റെ പിന്നിലൊളിക്കുന്നു."
"അവന്റെ കണ്ണുകൾ ഒന്ന് പാളി
മരത്തൂണു ചുറ്റുകയും
പല്ലിവയറിലെത്തുകയും ചെയ്യുന്നു.
ഉള്ളാന്തിപ്പോയ പല്ലി
ഉത്തരത്തിലേക്ക് തിരിഞ്ഞോടുന്നു."
എല്ലാ അവസ്ഥകളിലും മരണത്തിലേക്ക്, ആത്മഹത്യയിലേക്ക് നീങ്ങുന്ന ഇരകളെയാണ് അശ്വതിക്ക് കാണാനാവുന്നത്. അല്ലെങ്കിൽ അതാണ് അശ്വതിയുടെ പേടി.
"കറുത്ത കലണ്ടറക്കങ്ങൾ കടന്ന്
നമ്മളൊരു ചുവപ്പിലെത്തുമ്പോൾ
പറയാതെ ഞാൻ ഇറങ്ങിയേക്കും.
അപ്പോൾ ഇരുമ്പു പാളങ്ങളുടെ
കർക്കശ്യത്തെ കൂവിത്തോൽപ്പിച്ച്
അടുത്ത ജന്മത്തിലേക്കൊരു തീവണ്ടി പായും"
"അവനെന്നെ കാണാതെ കരയുമെന്നോർത്താണ്
ചിറകുകൾ ഉണ്ടായിരുന്നിട്ടും പറക്കാതിരുന്നത്"
മാറ്റൊലി എന്ന കവിതയിൽ മകളെ അന്വേഷിച്ചു പോയി നിരാശയായ ഒരമ്മയുടെ ചിത്രം കാണാം.
"ഗതി കിട്ടാത്തൊരു കാറ്റിപ്പോൾ മലയിറങ്ങുകയാണ്.
മകളേയെന്നൊരു മാറ്റൊലി മലയിൽ ബാക്കിയാവുകയാണ്."
'വില' എന്ന കവിതയിലും സ്ത്രീ സത്വത്തിന് വേണ്ടിയുള്ള ഈ പൊരുതൽ കാണാം.
"'വൈ'യെക്കാൾ വില കിട്ടിയ എക്സ്.
അടുത്ത ബെല്ലുവരെ കറുപ്പിൽ വെളുത്ത് കിടന്നു.
പിന്നെയത് ചെമ്പരത്തിപ്പൂവിന്റെ ഛേദത്തിനു വഴി മാറി
അപ്പോഴേയ്ക്കും പിൻ ബെഞ്ചിലെ അമ്മ
കുഞ്ഞു പെണ്ണെന്നുറപ്പിച്ചിരുന്നു."
'വൈ'യെക്കാൾ വില എക്‌സിനാണെന്നു പറഞ്ഞ
ക്‌ളാസ് മുറിയിലേക്ക് പാലുവറ്റാത്തൊരമ്മ നീട്ടി തുപ്പി!
കുഞ്ഞു കുട്ടികളെപ്പോലും വെറുതെ വിടാത്ത പീഡകരെപ്പറ്റി ആകുലപ്പെടുന്ന കവയിത്രി കുട്ടിക്കളി എന്ന കവിതയിൽ പറയുന്നു.
"കഥാപുസ്തകവും കൊണ്ടയാൾ രാവും പകലുമിരുന്നിട്ടും
മുയൽക്കുഞ്ഞുങ്ങളൊന്നും ഇന്നേ വരെ വീടെത്തിയിട്ടില്ല.
വാഗ്ദാനം ചെയ്യപ്പെട്ട ക്യാരറ്റുകൾ അവർക്കൊട്ട് കിട്ടിയതുമില്ല."
ബന്ധങ്ങളുടെ കെട്ടുറപ്പിൽ വിശ്വസിക്കുമ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്ന ഹൃദയങ്ങളെയും മഴയുറുമ്പുകളുടെ രാജ്യത്ത് അശ്വതി പൊട്ടു കുത്തിക്കുന്നുണ്ട്.
വരവ് എന്ന കവിതയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്.
"എന്റെ പുസ്തകത്തിൽ ഇന്നും നീയിട്ട അടിവരകൾ മാത്രമാണ് ചുവന്നു കിടക്കുന്നത്.
എന്റെ ആകാശം ഇപ്പോഴും നീ ചൂണ്ടിയ വിരലറ്റത്താണ്." എന്ന് പറയുന്ന കവിതയുടെ അവസാനം,
"ഞാനീ ജപിച്ച ചരടുകൾ അഴിക്കുകയാണ്
ജനാലപ്പാളികൾ തുറക്കുകയാണ്.
പകലുറക്കങ്ങൾ തികയാത്ത പെണ്ണെ
എന്റെ സ്വപ്നങ്ങളിലേക്കെത്താൻ
നിനക്ക് എത്ര പ്രകാശ വർഷങ്ങൾ താണ്ടണം" എന്ന് പറഞ്ഞു കൊണ്ടാണ്.
അകക്കൂട്ട് എന്ന കവിതയിൽ പറയുന്നത്തിനോട് ചേർത്ത് വായിച്ചാലേ ഈ അവസ്ഥ പൂർണ്ണമായി മനസ്സിലാവൂ.
"കൂട്ടുകാരില്ലാത്തൊരുടെ വഴിയിലന്നേരം
ഒറ്റയ്ക്കൊരു സൂര്യൻ താണിറങ്ങി നോക്കി നിൽക്കും."
ഇരുട്ടും മുൻപൊരു കവിതയുമെടുത്ത്
ധൃതിയിൽ ഞാൻ തിരികെ നടക്കും
പരിചയം നടിക്കുന്ന
വിളക്കുകാലുകളെ കണ്ടില്ലെന്ന് നടിക്കും.
അപ്പോൾ ഞാൻ തികച്ചും തനിച്ചായിരിക്കും."
അധികം കവിതകളൊന്നും വായിക്കുന്ന ആളല്ല ഞാൻ. പക്ഷെ, ഞാൻ ആസ്വദിച്ചു വായിച്ച ഒരു കവിതാ സമാഹാരമാണ് മഴയുറുമ്പുകളുടെ രാജ്യം. വരികളുടെ സൗന്ദര്യം കൊണ്ടും അർത്ഥവ്യാപ്തി കൊണ്ടും അതിലുപരി അവ നൽകുന്ന സന്ദേശങ്ങളെക്കൊണ്ടും വീണ്ടും വീണ്ടും വായിക്കാൻ ഇഷ്ടപ്പെട്ട ഒരു കൃതി. ഒട്ടുമിക്ക കവിതാ സമാഹാരങ്ങളിലും നല്ല നിലവാരം പുലർത്തുന്നവയുടെ എണ്ണം പകുതിയോളമേ ഉണ്ടാവൂ. ഭൂരിഭാഗം പുതുകവിതാ സമാഹാരങ്ങളെടുത്താലും അവയിൽ മികച്ചവ കൈ വിരലിലെണ്ണാവുന്നത്ര പോലും ഉണ്ടാവണമെന്നില്ല. അതേ സമയം, മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതാ സമാഹാരത്തിൽ എൺപത് ശതമാനത്തിന് മുകളിൽ മികച്ച കവിതകളാണ് എന്നത് അശ്വതി ശ്രീകാന്തിന്റെ Aswathy Sreekanth കവിതാസമാഹാരത്തെ വേറിട്ട് നിർത്തുന്നു. നിഷ്പക്ഷമായ വായനക്കാർക്കും അംഗീകാരങ്ങൾക്കും ഈ പുസ്തകത്തെ തഴയാൻ സാധിക്കുകയില്ലെന്നുറപ്പ്.
ഉന്മാദങ്ങളെ ഹൃദയത്തിലെഴുതുന്നവളുടെ ഉള്ളുരുക്കങ്ങളുടെ നെടുവീർപ്പുകൾ അക്ഷരങ്ങളായി നനഞ്ഞ ചുവരുകളിൽ പടർന്നു കയറുമ്പോൾ വരയ്ക്കപ്പെടുന്ന ഭൂപടത്തിൽ പലതും വായിച്ചെടുക്കാൻ നാം നമ്മുടെ ഭാവനയുടെ പേനകളിൽ മഷി നിറച്ചേ പറ്റൂ. ചിറകറ്റ പക്ഷിയുടെ നൊമ്പരം ഏറ്റു വാങ്ങുന്ന പ്രകൃതിയെയും ബാല്യത്തിന്റെ മുറിവുകൾ പേറുന്ന കുഞ്ഞുടുപ്പുകളെയും അകത്തളങ്ങളിൽ നെടുവീർപ്പിട്ട് നിരാശ പേറുന്നവരുടെ സ്വാതന്ത്ര്യമോഹത്തെയും പ്രണയത്തിന്റെ ഉന്മാദം ഉൾച്ചേർന്ന യാത്രകളെയും അങ്ങനെയങ്ങനെ മഴയുറുമ്പുകളുടെ രാജ്യത്തെ ആകാശം നമുക്കിഷ്ടപ്പെടാൻ ഒട്ടേറെ വഴിയോരക്കാഴ്ചകൾ ഒരുക്കിവെച്ചിട്ടുണ്ട്. ചിത്രശലഭങ്ങൾ പറക്കുന്ന ചിത്രങ്ങൾ വരയ്ക്കാനുള്ള ചുവരുകൾ തയ്യാറുള്ളതിനാൽ കളർ പെൻസിലുകളും കരുതുക. അല്ലെങ്കിൽ വേണ്ട, ചിത്രശലഭങ്ങളെ നിങ്ങളുടെ കൂടെ പോരാൻ അനുവദിക്കുക. നിങ്ങൾക്ക് ഈ യാത്ര ഇഷ്ടപ്പെടുക തന്നെ ചെയ്യും.
പ്രസാധനം - സൈകതം ബുക്സ് (Sangeetha Justin)
പേജ് - 64
വില - 60 രൂപ
അശ്വതി ശ്രീകാന്തിന്റെ മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതയുടെ റിവ്യൂ
കാറ്റായും കടലായും നിഴലായും മഴയായും നിലാവായും നക്ഷത്രക്കുഞ്ഞുങ്ങളായും പച്ചക്കുതിരയായും പല്ലിയായും അവ നമ്മെ മോഹിപ്പിക്കും.തീവണ്ടിയായും സൂര്യനായും വെയിലായും പെൻസിലറ്റമായും തൊപ്പി പോയ അടക്കയായും കനം പോയ നങ്കൂരമായും മെഴുകുതിരിവെട്ടത്തിന്റെ നിഴലായും ഒക്കെ നമ്മെ ഭയപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -