ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ആപ്പിള്‍ നേരിട്ട് ഇന്ത്യയില്‍ വില്‍പന തുടങ്ങുന്നു. ആദ്യത്തെ സ്റ്റോര്‍ മുംബൈയിലെ ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സിലാണ്. ആദ്യ സ്റ്റോറിന്റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആപ്പിള്‍ ബികെസി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നു തുടങ്ങും എന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.
മുംബൈയ്ക്ക് ആപ്പിള്‍ ബികെസിയിലേക്ക് സ്വാഗതം
‘ഹലോ മുംബൈ, ഞങ്ങള്‍ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആപ്പിള്‍ ബികെസിക്ക് നിങ്ങളുടെ സര്‍ഗാത്മകതയെ എങ്ങൊട്ടു കൊണ്ടുപോകാനാകുമെന്നു കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചത്. മള്‍ട്ടിനാഷനല്‍ ബാങ്കുകളും മറ്റും സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ 'ജിയോ വേള്‍ഡ് ഡ്രൈവ്' മാളിലാണ് ആദ്യ ആപ്പിള്‍ സ്‌റ്റോര്‍. കൂടാതെ, ആപ്പിള്‍ ബികെസിയുടെ ലോഗോയില്‍ 'കാലി പീലി' ടാക്‌സി ആര്‍ട്ടും ആലേഖനം ചെയ്തിരിക്കുന്നു. ഇത് മുംബൈയുടെ മാത്രം സവിശേഷതകളിലൊന്നാണ്. ഇതിനു പുറമെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ആഘോഷമാക്കാന്‍ ഒരു പ്രത്യേക സംഗീത പ്ലേ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആപ്പിള്‍ മ്യൂസിക്കില്‍ ലഭിക്കും.
ഇന്ത്യയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആപ്പിള്‍
ഇന്ത്യയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളിന് പിടിഞ്ഞാറന്‍ രാജ്യങ്ങളിലെ വളര്‍ച്ച ഏകദേശം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. ആപ്പിള്‍ മേധാവി അടുത്തിടെ നടത്തിയ പ്രസ്താവനകളിലും ആപ്പിള്‍ ഇന്ത്യയിലേക്ക് നേരിട്ട് റീട്ടെയില്‍ വില്‍പനയ്ക്ക് എത്തുന്ന കാര്യം എടുത്തു പറഞ്ഞിരുന്നു. കമ്പനി ഇന്ത്യയിൽ ഉടൻ രണ്ടാമത്തെ സ്‌റ്റോറും തുറക്കുമെന്ന അഭ്യൂഹവും ശക്തമാണ്. അത് ഡല്‍ഹിയിലായിരിക്കുമെന്നാണ് പറയുന്നത്. ആപ്പിള്‍ ബികെസി ആയിരിക്കും ഇന്ത്യയിൽ കമ്പനിയുടെ ഫ്ലാഗ് ഷിപ് സ്റ്റോർ.
പഴയ ഐഫോണുകളില്‍ ചില ആപ്പിള്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കില്ല
തങ്ങളുടെ ഉപകരണങ്ങള്‍ വർഷങ്ങളോളം ഉപയോഗിക്കാന്‍ അനുവദിക്കുന്ന കമ്പനിയായാണ് ആപ്പിള്‍ പൊതുവെ അറിയപ്പെടുന്നത്. മിക്ക സേവനങ്ങളും പഴയ ഉപകരണങ്ങളിലും പ്രവര്‍ത്തിപ്പിച്ചാണ് ആപ്പിള്‍ ഈ പേര് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, അതിനൊരു മാറ്റം വരികയാണെന്ന് സ്റ്റെലാഫജ് എന്ന ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു. സ്റ്റെലാഫജ് മുൻപ് നടത്തിയ പല അവകാശവാദങ്ങളും ശരിയായിരുന്നു എന്നതിനാലാണ് പുതിയ പ്രവചനവും ടെക്‌നോളജി ലോകം ഗൗരവത്തിലെടുക്കുന്നത്.
ഐഒഎസ് 11 മുതല്‍ പിന്നിലേക്കുള്ള സോഫ്റ്റ്‌വെയര്‍ പഴഞ്ചന്‍
ഐക്ലൗഡ് ഒഴികെയുള്ള സേവനങ്ങള്‍ ഐഒഎസ് 11 മുതല്‍ പഴയ ഉപകരണങ്ങളില്‍ താമസിയാതെ ലഭിക്കാതായേക്കും. ഐഒഎസ്11, മാക്ഒഎസ് ഹൈ സിയറ, വാച് ഒഎസ്4, ടിവിഒഎസ് 11 തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഐക്ലൗഡ് ഒഴികെ ആപ്പിള്‍ സേവനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് താമസിയാതെ ഇതേക്കുറിച്ചുള്ള അറിയിപ്പ് ആപ്പിള്‍ നല്‍കുമെന്ന് സ്റ്റെലാഫജ് അവകാശപ്പെടുന്നു.
ആപ് സ്റ്റോര്‍, സിരി, മാപ്‌സ് ഒന്നും പ്രവര്‍ത്തിക്കില്ല
സ്റ്റെലാഫജിന്റെ പ്രവചനം മാത്രമല്ല വരാന്‍പോകുന്ന മാറ്റത്തിന് തെളിവ്. ആപ്പിള്‍ തന്നെ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതുപ്രകാരം പഴയ സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ തങ്ങളുടെ സേവനങ്ങളായ ആപ് സ്റ്റോര്‍, വോയിസ് അസിസ്റ്റന്റ് സിരി, ആപ്പിള്‍ മാപ്‌സ് ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്തിനാണീ മാറ്റം?
നിലവില്‍ പഴയ മോഡലുകളിലും ഐമെസേജ്, ഫെയ്‌സ്‌ടൈം പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ അനുവദിക്കുന്നുണ്ട്. പുതിയ മാറ്റം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം, വിദേശ വിപണികളിലടക്കം, കൂടുതല്‍ പേരെ പുതിയ ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെ കാണാം. എന്നാല്‍, പഴയ ഉപകരണങ്ങളില്‍ സേവനങ്ങള്‍ നിർത്തുന്നത് പുതിയ പ്രവണതയൊന്നുമല്ല. മെസേജിങ് സംവിധാനമായ വാട്‌സാപ് എല്ലാവര്‍ഷവും പഴയ സോഫ്റ്റ്‌വെയര്‍ വേർഷനുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്.