അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ ആണ് പുതിയ അവകാശവാദം നടത്തിയിരിക്കുന്നത്. ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം തന്നെ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് ഗുര്‍മന്‍ പറയുന്നത്. 'ആപ്പിള്‍ റിയാലിറ്റി പ്രോ' എന്നായിരിക്കും ഹെഡ്‌സെറ്റിന്റെ പേരെന്നും അവകാശവാദമുണ്ട്. ഐഫോണ്‍ മോഹത്തിനു പുറമെ ആപ്പിള്‍ റിയാലിറ്റി പ്രോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഇനി വ്യാപകമാകുമോ എന്നതാണ് ചോദ്യം.
∙ ആദ്യം മുതല്‍ വിവാദം
ഏകദേശം 2016 മുതല്‍ ആപ്പിള്‍ ഒരു ഹെഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതായി അവകാശവാദങ്ങളുണ്ടായിരുന്നു. ഐഫോണടക്കം പല ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ ജോണി ഐവ് അടക്കം ഒരുപറ്റം സുപ്രധാന ജോലിക്കാര്‍ ആപ്പിള്‍ വിട്ടത് ഈ ഉപകരണത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്നും വാദങ്ങളുണ്ട്. ഈ വര്‍ഷമാദ്യം ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും പല ആപ്പിള്‍ ജോലിക്കാരും അതിനെതിരെ രംഗത്തു വന്നുവെന്നും സൂചനകളുണ്ട്. 3000 ഡോളറായിരിക്കും ഈ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ വിലയെന്നു പറയപ്പെടുന്നു. ഇത്രയും വിലയ്ക്ക് വാങ്ങാന്‍ എന്താണ് ആ ഉപകരണത്തിലുള്ളത് എന്നും മറ്റും ചില ആപ്പിള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.