മുംബയ്: ലോകത്തെ വമ്പൻ ടെക് കമ്പനികളിലൊന്നായ ആപ്പിളന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ ഈമാസം 18, 20 തീയതികളിൽ ഉദ്ഘാടനം ചെയ്യും. കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് ഇന്ത്യയിലെത്തും. ഏപ്രിൽ 18ന് മുംബയിലും 20ന് ന്യൂഡൽഹിയിലുമാണ് സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിൽ ഐഫോണുകളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുന്ന സമയത്താണ് കമ്പനി സി.ഇ.ഒ നേരിട്ട് ഇന്ത്യയിലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ പുതിയ സ്റ്റോർ ആരംഭിക്കുന്നതോട വില്പനയിൽ വൻ കുതിപ്പാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ബി.കെ.സി. എന്നറിയപ്പെടുന്ന മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ മാളിനുള്ളിലും ഡൽഹി സാകേതിലെ ഹൈ-എൻഡ് മാളിലുമാണ് ആപ്പിൾ ഷോറൂമുകൾ. ആപ്പിളന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ സാധിക്കും. നിലവിൽ ന്യൂയോർക്ക്, ദുബായ്, ലണ്ടൻ, ടോക്കിയോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.
