advertisement
Skip to content

സോഷ്യൽ മീഡിയ ജീവനെടുക്കാനുള്ളതല്ല...!

കഴിഞ്ഞ ദിവസം വായിച്ച ഒരു വാർത്ത ഇതാണ്, ഒഡീഷയിൽ ഒരു സ്‌കൂളിൽ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. അവൻ്റെ മൊബൈൽ അധ്യാപകൻ പിടിച്ചെടുത്തതാണു കാരണം. മൊബൈൽ അധ്യാപകൻ കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ പയ്യൻ മരണത്തിൻ്റെ വഴി സ്വീകരിച്ചു. വാർത്ത അവിടെ നിൽക്കട്ടെ, ഇനി പറയുന്നത് ഒന്നു ശ്രദ്ധിച്ചു കേൾക്കുക. നമ്മുടെ ഫോൺ നഷ്ടമായാൽ അതിൻ്റെ പാസ് വേഡ് മറ്റൊരാൾക്കു കിട്ടിയാൽ യഥാർത്ഥത്തിൽ എന്താവും നമ്മുടെ ചിന്ത?

സാമ്പത്തികവിഷയം പുറത്തു പറയാവുന്ന നല്ല കാരണമാണെന്ന് പറയാം. നമ്മുടെ അക്കൗണ്ടിലെ ക്യാഷ് മറ്റൊരാൾക്കു തട്ടിയെടുക്കാനാകും എന്നതും, ഫോണിൻ്റെ വിലയും മാറ്റിനിർത്തിയാൽ മറ്റെന്താവും നമ്മുടെ പ്രശ്നം? അടുത്തിടെ കണ്ട ഒരു തമാശറീലിൽ മരണക്കിടക്കയിൽ അർദ്ധബോധത്തിൽ കിടക്കുന്ന ഒരാളോട്, ഡോക്ടർ വന്ന് ചെവിയിൽ മെല്ലെ, "പേടിക്കണ്ട നിങ്ങളുടെ മൊബൈലിൻ്റെ പാസ് വേഡ് നിങ്ങളുടെ ഭാര്യക്ക് ഇതുവരെ കിട്ടിയിട്ടില്ല" എന്നു പറയുന്നുണ്ട്. അതോടെ അയാളുടെ വൈറ്റൽ കണ്ടീഷൻസ് അതിവേഗം നോർമലാകുന്നു. ഇതിൽ നിന്ന് മൊബൈൽ മറ്റൊരാളുടെ കൈയിൽ പെട്ടാൽ എന്തു സംഭവിക്കും എന്നതിന് കൃത്യമായ ഉത്തരമായി.

രാവിലെ ഭാര്യയോട് കട്ടൻ കാപ്പിക്ക് ചൂടു കുറഞ്ഞതിനു കയർത്തു സംസാരിക്കുന്ന അതേ ഭർത്താവ്, മെസഞ്ചറിൽ തൻ്റെ മുന്നിൽ വന്ന്, കട്ടനു ചൂടു കുറഞ്ഞതിൽ അയാൾ വഴക്കു പറഞ്ഞു എന്നു സങ്കടം പറയുന്ന കാമുകിയോടു പറയുന്ന മറുപടി ഊഹിക്കാമോ? "മോളൂസേ, ഇത്ര ദുഷ്ടനോ നിൻ്റെ ഭർത്താവ്." എന്നാവും ആ മറുപടിയെന്ന് സാമാന്യബുദ്ധിയിൽ ഊഹിക്കാം. വർഷങ്ങളായി കിടക്കയിൽ പരസ്പരം അകലം പാലിച്ചുകിടക്കുന്നതാണ് ശീലമെങ്കിലും, മെസഞ്ചറിൽ അതേ അവസ്ഥയെക്കുറിച്ചു പരാതി പറയുന്ന ആ കിളിക്കൊഞ്ചലിനോട്, അവളുടെ ഭർത്താവിന് മറ്റു കണക്ഷൻ കാണുമെന്ന് പറയാൻ മടിക്കില്ല.

ഇതൊക്കെ ചെറുത്. പോണുകളുടെ ഹിസ്റ്ററി ഗൂഗിൾ സെർച്ചിൽ കൊണ്ടു നടക്കുന്നവർ മുതൽ, സെക്സ് ചാറ്റുകളുടെ അനന്തശേഖരം വരെ മൊബൈലിൽ ഒളിപ്പിക്കുന്നവർ; ആണും പെണ്ണും. അതവരുടെ മറ്റൊരു ലോകവും മുഖവുമാണ്.

ഇതിനു മറ്റൊരു വശവുമുണ്ട്, അവിടെ വീട്ടുകാരുടെ മുഴുവൻ അവഗണനയിൻ ഒറ്റപ്പെടുന്ന ഒരു വ്യക്തി ആശ്വാസം കണ്ടെത്തുന്ന ഒരു ശബ്ദം മെസഞ്ചറിലോ വാട്സ്ആപ്പിലോ അവർക്കുവേണ്ടി ചെവിയോർക്കുന്നുണ്ടാവാം. അതു വളരെ ഗൂഢമായ ഒരു രഹസ്യമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന വേളയിൽ ആ മൊബൈൽ ഏതെങ്കിലും ഒരു കുടുംബാംഗം അൺലോക്ക് ചെയ്തു വായിച്ചാൽ?

നമ്മുടെ കുടുംബബന്ധങ്ങൾ അപ്പാടെ തകർന്നു തരിപ്പണമാകും. പരിചയപ്പെടുന്ന സ്ത്രീകളോട്, അവരുടെ നഗ്നശരീരം കാട്ടിത്തരു എന്നു പറയുന്ന വീരനാണ് തൻ്റെ ഭർത്താവ് എന്നറിഞ്ഞാൽ ആ കുടുംബം നിലനിൽക്കുമോ? പലരോടും പല മട്ടിൽ കൊഞ്ചുന്നവളാണ് തൻ്റെ ഭാര്യയെന്നറിഞ്ഞാൽ ഭർത്താവ് പിന്നെ എന്തു ചെയ്യും? സ്വന്തം മകളുടെ നഗ്നചിത്രങ്ങൾ അവൾ മറ്റൊരാൾക്ക് അയച്ചു നൽകി എന്നറിയുന്ന അച്ഛൻ എന്തു ചെയ്യണം? മകൻ പ്രായത്തിൽ മുതിർന്ന സ്ത്രീകളുടെ സുഖോപകരണമാണെന്നറിഞ്ഞാലോ?

അല്പം കഠിനമാണ് ഈ ചിന്തകൾ പോലും.

ഒരു വഴിയുണ്ട്, സോഷ്യൽ മീഡിയ ഒരു അയഥാർത്ഥ ലോകമാണെന്നു തിരിച്ചറിയുക. ഒപ്പം, അഥവാ മറ്റൊരാൾ കണ്ടാൽ, അവരുടെ വിലയിരുത്തലിനെ ഭയക്കുന്നെങ്കിൽ, എങ്കിൽ മാത്രം അതിരുവിട്ടു പ്രവർത്തിക്കാതിരിക്കുക.

ആദ്യവാർത്തയിലേക്കു വരാം, എൻ്റെ ഊഹം ശരിയാണെങ്കിൽ അവൻ്റെ ഫോണിൽ മറ്റാരും അറിയരുത് എന്നവൻ ആഗ്രഹിക്കുന്ന ചിലതുണ്ട്. അതുകൊണ്ടാണവൻ ജീവനൊടുക്കിയത്. സോഷ്യൽ മീഡിയ സമയം കൊല്ലാനുള്ളതാണ്, ജീവനെടുക്കാൻ ഉള്ളതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest