തീക്കട്ടയ്ക്കുമേൽ ഉറുമ്പുകൾ ഡിസ്കോ ഡാൻസു കളിച്ച ആഴ്ചയാണ് കടന്നു പോയത്. ആദ്യം, അദാനിയെക്കുറിച്ചുള്ള വെളിപാടുകൾ, അദാനി തകർന്നാൽ രാജ്യം തകർന്നെന്നു കൂട്ടിയാൽ മതി എന്നു സാധാരണക്കാർ കണക്കുകൂട്ടുന്ന, നമ്മുടെ സ്വന്തം അദാനി ഒരു ഉള്ളു പൊള്ളയായ കവുങ്ങാണെന്നൊക്കെ ഏത് യു എസ് എക്സ്പേർട്ട് പറഞ്ഞാലും നമ്മളത് അങ്ങനങ്ങ് സമ്മതിക്കില്ല, അതിപ്പം ലോകം മൊത്തം അറിയുന്ന കേസാണ്. എന്നാൽ അടുത്തത്, അല്പം കൂടി കടുത്തതാണ്, ചൈനയുടെ ഒരു കാലാവസ്ഥാ നിരീക്ഷണ കിടുതാപ്പ് പിടിപ്പിച്ച ബലൂൺ പറന്നുപറന്ന് അങ്ങ് അമേരിക്കയുടെ മുകളിലെത്തിയതാണ് വിശേഷം. കാറ്റല്ലേ, ബലൂണല്ലേ, കാറ്റിനറിയുമോ രാജ്യങ്ങളുടെ അതിർത്തികൾ എന്ന ഖണ്ഡകാവ്യമൊരണ്ണം ചൈന എല്ലാരും കേൾക്കേ ആത്മഗതിച്ചതു പക്ഷേ, അമേരിക്ക കേട്ട മട്ടുവെച്ചില്ല. പണ്ട് ഒരു സെപ്റ്റംബറിൽ ഏറ്റ ഷോക്ക്, മറക്കാനും പൊറുക്കാനും പറ്റാത്തതുകൊണ്ട് ബലൂൺ അറ്റ്ലാന്റിക്കിനു മുകളിലെത്തിയപ്പോൾ അവർ വെടിവെച്ചിട്ടു.
അങ്ങനെ സംഭവ ബഹുലമായി ഒരാഴ്ച പോയിക്കിട്ടുന്നവേളയിൽ ആ വാർത്ത വന്നു, തീർത്തും ഒരു ദുഃഖവാർത്ത, ഗായിക വാണീജയറാം വിടവാങ്ങിയിരിക്കുന്നു...
മരുഭൂമിയുടെ ചൂടിൽ പാട്ടുകളാണ് തണുത്ത മഴ. അതിൽ പഴയ മെലഡികൾ ഇന്നും ഉറക്കം കിട്ടാത്ത രാത്രികളിൽ അല്പം കണ്ണീരിറ്റിച്ചു കൊണ്ടായാലും നെഞ്ചിൽ അല്പം തണുപ്പുതരുന്നു. അതിലൊരു നാദം ഇനിയില്ല. ആ വാർത്ത വീണ്ടും വായിച്ചു. ഭർത്താവിന്റെ മരണശേഷം അവർ മൂന്നുവർഷമായി തനിച്ചായിരുന്നു ഫ്ലാറ്റിൽ. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചവഴി ടീപ്പോയിൽ നെറ്റി ഇടിച്ചുവീണു, മരിച്ചു. ഞാനാ വാർത്ത വീണ്ടും വായിച്ചു. അതുവരെ പ്രധാനമായിരുന്ന എല്ലാ വാർത്തകളും മാഞ്ഞുപോയി.
ഇതൊരു ലേബർ ക്യാമ്പാണ്. അതിൽ മാനേജർസ്ഥാനം കൊണ്ടു കിട്ടിയ സൗകര്യം കൂടുതലുള്ള മുറിയിലാണ് ഞാനുള്ളത്, എനിക്കും ഈ കെട്ടിടത്തിനും അപ്പുറം വരണ്ട മരുഭൂമിയാണ്. ഏകാന്തത എന്താണെന്നറിയണമെങ്കിൽ ഇത്തരം മുറികളിൽ ഒരാഴ്ച കഴിയണം. വേണ്ട, ഒരു ദിവസം കഴിയണം. എനിക്കുചുറ്റും ഇനിയും അവസാനിച്ചിട്ടില്ലാത്ത ഉത്തരവാദിത്തത്തിന്റെ മരുഭൂമിയുണ്ട്. ഒരോ പ്രവാസിയും നാടുപേക്ഷിക്കുന്നത് സ്വന്തം ഇഷ്ടത്തിനല്ല, ഉത്തരവാദിത്തത്തിന്റെ കെട്ടിൽ മുറുകിയാണ്. അതു മനസ്സിലാക്കാം, പക്ഷേ, ഞാനോർത്തത് വാണിയമ്മയെപ്പോലുള്ളവരുടെ ജീവിതത്തെക്കുറിച്ചാണ്. നമ്മുടെ സ്വന്തം നാട്ടിൽ, നമ്മൾ സ്വയം പുടുത്തുയർത്തിയ വലിയ വീടുകളിലെ എണ്ണമറ്റ മുറികളിലെ ഏകാന്തതയെക്കുറിച്ചാണ്, അവരുടെചുറ്റും രൂപപ്പെടുന്ന മരുഭൂമിയെക്കുറിച്ചാണ്. വീണപ്പോൾ ഓടിവരാൻ, താങ്ങിയെടുക്കാൻ ആരുമില്ല എന്ന ആ നിമിഷം.... വയ്യ... ഇന്ന് ഇനി ഒരു വാക്കും എഴുതാൻ വയ്യ, എനിക്ക് തൊടാം അവരുടെ നെറ്റിയിലെ ആ മുറിവ്, അതിപ്പോൾ എന്റെ നെറ്റിയിൽ...
ഇത്... മുന്നറിയിപ്പാണ്, നമ്മളോട് അവർ പറയാതെ പറയുകയാണ്...
അവർ പാടുന്നു,
‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി...’
അതിൽ സൗരഭം ഇല്ലാതായാൽ...!!