advertisement
Skip to content

സോണിയ ഷിനോയ് എഴുതിയ 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' കവിതാസമാഹാരം റിവ്യൂ

"ഭ്രമാത്മകമായ ഒറ്റയിരിപ്പുകളായും എരിപൊരി സഞ്ചാരങ്ങളായും ഓർമ്മത്തിറച്ചിലുകളുടെ എന്തെന്തൊ ഏകാംഗ നടനങ്ങൾ." എന്ന് വിഷാദത്തിൽ മുങ്ങുന്നുണ്ട്. "ഓർക്കാപ്പുറത്ത്, ആർത്തലച്ച് ആഞ്ഞടിക്കുന്നുവെങ്കിൽ ക്ഷമിക്കൂ.

ആസുരമായ കാലത്തിന്റെ ദുഷ്ചെയ്തികൾ കണ്ട് കോപിതയാകുന്ന ഒരെഴുത്തുകാരിയെ പരിചയപ്പെടുത്തുകയാണ്! ഏകാന്തതയുടെ ദ്വീപിൽ ഒളിച്ചിരിക്കാൻ മനസിന്റെ ഒരു ഭാഗം കൊതിക്കുമ്പോഴും ഈ അസുരതയുടെ താണ്ഡവത്തിനെതിരെ പട പൊരുതാതിരിക്കാൻ അവൾക്കാവുന്നില്ല. വാക്കുകളാണ് അവളുടെ ആയുധം. ഒറ്റച്ചിലമ്പുമായി രാജകൊട്ടാരത്തിലേക്ക് പാഞ്ഞെത്തിയ കണ്ണകിയെപ്പോലെ കവിത എന്ന ഒറ്റച്ചിലമ്പുമായി ആസുര ദന്തഗോപുരങ്ങളിലേക്ക് പാഞ്ഞു കയറാൻ തത്രപ്പെടുന്ന കവിതകളാണ് സോണിയ ഷിനോയ് എഴുതിയ 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിതാ സമാഹാരത്തിലുള്ളത്.

അത്, "ചുട്ടെരിക്കപ്പെട്ട വാക്കിന്റെ കത്തുന്ന തീക്കനൽ പൊട്ടുക"ളാണ്. ലോകത്തിന്റെ അസുരതയിലേക്ക് എറിയപ്പെടുന്ന തീപ്പന്തമാണ്. "നമ്മളെന്തുകൊണ്ടാണ് അതിർത്തികളെ മായ്ച്ചു കളയുന്ന പുഴകൾ ആകാത്തത്? നമ്മളെന്താണ് നമ്മുടെ തീക്കാടുകളെ വിട്ടൊഴിഞ്ഞ് മഴക്കാലമാകാത്തത്?" എന്നൊക്കെയുള്ള വിശാല വീക്ഷണവും ഓർമ്മപ്പെടുത്തലുമാണ്. "നോവു തന്നെ തിന്നു തിന്ന് കൊഴുത്ത് എല്ലിൽ കുത്തിയിട്ടാവും, കവിതയ്ക്ക് ഹൃദ്രോഗം പിടിച്ചത്." എന്നാൽ ആ കവിത തന്നെ വാളായി ഉപയോഗിക്കുന്നതിലൂടെ സ്വന്തം ബോധ്യങ്ങളെ തിരഞ്ഞെടുത്തു മൂർച്ച കൂട്ടാനുള്ള ആഹ്വനമാണ് കവയിത്രി ഈ സമാഹാരത്തിലൂടെ നടത്തുന്നത്.

ഈ കവിതാസമാഹാരം ഒരു രാഷ്ട്രീയം പറയുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയമാണത്. "ഗാസയിൽ നിന്ന് ഇനി കവിതയില്ല......ഇരുട്ടിലേക്ക് അധികം ദൂരമില്ലെന്ന് തുടരെ കരയുന്ന സൂര്യനാണവിടെ." എന്ന രീതിയിലുള്ള ആഗോള മാനവീകതയുണ്ട്. "നിന്റെ താഴ്വാരങ്ങളിൽ തീക്കാട് പൂക്കുന്നതും എന്റെപുൽമേടുകൾ പുകഞ്ഞു തീരുന്നതും പിന്നെയും പിന്നെയും സമാധാനത്തിനു വേണ്ടിയത്രെ!" എന്ന രീതിയിലുള്ള നിരർത്ഥകമായ കാപട്യ ചെയ്തികളെ "വ്യഭിചാരം" എന്ന് തന്നെ വിളിച്ചു വിമർശിക്കുന്നുണ്ട്. എന്നാൽ പുസ്തകത്തിന്റെ പ്രത്യേകത ഇത് ഒരു സ്ത്രീപക്ഷരാഷ്ട്രീയം ശക്തമായി മുന്നോട്ട് വെയ്ക്കുന്നു എന്നതാണ്. സമാഹാരത്തിലുടനീളം അത് വ്യക്തമാണ്.

"നാടുനീളെ ചിതറിപ്പോയ നിന്റെ പെൺനിലവിളികളെ വാരിക്കൂട്ടണം." എന്ന് എഴുത്തുകാരി ആഹ്വാനം ചെയ്യുന്നുണ്ട്. "ഓടിയോടി പാവാടവിളുമ്പിൽ തട്ടി വീഴുന്ന പാവാടക്കാരിക"ളെപ്പറ്റി സഹതപിക്കുന്നുണ്ട്.

"പ്രിയനേ, വിലക്കപ്പെട്ട കനിയുടെ പാതി കടിച്ചെടുത്ത് പാപങ്ങളെല്ലാം നീ പക്ഷെ എനിക്ക് തരിക. ലോകത്തിന്റെ അജ്ഞത, എന്നേയ്ക്കും നിന്റെ വിശുദ്ധിയായിരിക്കട്ടെ." എന്ന് പ്രതിഷേധിക്കുന്നുണ്ട്.

"ഭ്രമാത്മകമായ ഒറ്റയിരിപ്പുകളായും എരിപൊരി സഞ്ചാരങ്ങളായും ഓർമ്മത്തിറച്ചിലുകളുടെ എന്തെന്തൊ ഏകാംഗ നടനങ്ങൾ." എന്ന് വിഷാദത്തിൽ മുങ്ങുന്നുണ്ട്. "ഓർക്കാപ്പുറത്ത്, ആർത്തലച്ച് ആഞ്ഞടിക്കുന്നുവെങ്കിൽ ക്ഷമിക്കൂ. ഒട്ടും മനഃപൂർവ്വമല്ല. അത്രമേൽ ആഴത്തിൽ അത്രമേൽ വ്യാപ്തിയിൽ പ്രക്ഷുബ്ധമായതു കൊണ്ടാണ്." എന്ന് ആഞ്ഞു വെട്ടുന്നുണ്ട്.

ഇത്തരത്തിൽ ശക്തമായ കവിതയുടെ വാൾ ഉപയോഗിക്കുന്നതിൽ എഴുത്തുകാരി വിജയിക്കുന്നുമുണ്ട്.

എന്നാൽ രാഷ്ട്രീയ കവിതകൾക്കപ്പുറം തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. നമ്മൾ ആഗ്രഹിക്കുന്നതല്ല നമ്മൾ പ്രവർത്തിക്കുന്നത്. നമ്മൾ പ്രവർത്തിക്കുന്നത് നമ്മൾ ആഗ്രഹിക്കുന്നതുമല്ല. അപ്പോൾ ആരാണ് നമ്മുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത് എന്ന വിശുദ്ധ പൗലോസിന്റെ ചോദ്യം പലർക്കും തോന്നിയിട്ടുണ്ടാവാനിടയുള്ളതാണ്. "എന്നെയും എന്നെയും മാറിമാറി നോക്കി ഊറിച്ചിരിക്കുന്ന പിന്നെയുമൊരു ഞാൻ" എന്നാലോ, ആ ഞാനുമല്ല, "ഒളിച്ചോടിപ്പോയ ആ ഞാനായിരുന്നു ശരിക്കും ഞാൻ" ഐഡന്റിറ്റി ക്രൈസിസ് നേരിടുന്ന വായനക്കാർക്ക് താദാത്മ്യം പ്രാപിക്കാവുന്ന ഒട്ടേറെ ചിന്തകൾ ഈ സമാഹാരത്തിലുണ്ട്.

നേർവാക്കുറുമി, അവളുടെ പാട്ടു വെന്തു മലരുന്നു, ഭ്രമാത്മകമായ ഒറ്റയിരിപ്പുകൾ, അതിന്യൂനംതുടങ്ങി പ്രത്യേക പരാമർശം അർഹിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ ഈ സമാഹാരത്തിൽ വായിക്കാൻ സാധിക്കും.

പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി ഉറപ്പിച്ചു പറയാൻ ഈ കവിതകൾക്ക് കഴിയുന്നുണ്ട് എന്നതിൽ സംശയമില്ല. "വാക്കനൽ". "നമ്മളില്ലായ്മകൾ", "അപകർഷം". "ഒറ്റയ്ക്ക് ഒളിച്ചോടുന്ന പെൺകുട്ടി", "ആയാളും ഞാനും തമ്മിൽ", "നട്ടുച്ചയുടെ വെയിൽ", "അതിന്യൂനം", "അവസ്ഥാന്തരം", "വിജനം", "ഹൃദയരോഗി", "നോക്കൂ, സമാധാനം വരുന്നതേയില്ല", "'അമ്മ നോക്കുമ്പോൾ", "കാപ്പിപ്പൂമണമറിയാത്തവൾ" എന്നീ കവിതകൾ എനിക്കേറെ ഇഷ്ടപ്പെട്ടവയാണ്. അതെ സമയം, "വ്യാജം", "അജ്ഞാതം", "അടിയന്തിരാവസ്ഥ", ധ്രുവണാവസ്ഥകൾ", "അതിർത്തിയിലെ ചുവരെഴുത്തുകൾ", "നീയും ഞാനുമെന്ന് തിരിയുന്നേരം" "യൂസ്‌ലെസ്സ്", "മഹാവിസ്ഫോടനം" എന്നീ കവിതകൾക്ക് പകരം വേറെ കവിതകൾ ചേർക്കമായിരുന്നു എന്ന് തോന്നി. കുറച്ചു കൂടി മിനുക്ക് പണിക്ക് അവസരമുണ്ടായിരുന്നു

എന്നതൊഴിച്ചാൽ ഈ കവിതാ സമാഹാരം വായനക്കാരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്. ഇത് രാഷ്ട്രീയ പ്രക്ഷുബ്ദ്ധതയുള്ള ഒരു എഴുത്തുകാരിയുടെ വരവറിയിക്കുന്നുണ്ട്. തീക്ഷ്ണതയുടെ അഗ്നിയെ നിയന്ത്രിച്ചു നെഞ്ചിൽ കൊണ്ട് നടക്കുകയും ശരിയായ അനുപാതത്തിൽ മൂർച്ച കൂട്ടുകയും ചെയ്താൽ ഈ തൂലികയിൽ നിന്ന് ഇനിയും ഏറെ കരുത്തുറ്റ കവിതകൾ പിറന്നു വീഴുമെന്ന് ഉറപ്പ്. കാരണം, "മൗനമുറഞ്ഞ വായ്ക്കനാൽ വേരുകളിൽ നിന്ന്" മുള പൊട്ടുന്ന "അഗ്നി പോലെ എന്തോ" ഒന്ന് ഈ കവിതകളിൽ "കത്തി ആളുന്നുണ്ട്."

പ്രസാധനം : ഐ ബുക്സ്
പേജ് : 96
വില : 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest