advertisement
Skip to content

അകംപൊരുൾ നോവൽ റിവ്യൂ പ്രവീൺ പാലക്കീൽ

കഥയോ നോവലോ വായിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ഓർമ്മക്കുറിപ്പുകൾ വായിക്കുന്നത് വളരെ കുറവാണ്. ഒരുപക്ഷെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുവാനുള്ള താൽപര്യക്കുറവാകാം. അഥവാ വായിച്ചിട്ടുണ്ടെങ്കിൽ ആ  പുസ്തകങ്ങൾ ജീവിതവിജയം നേടി മുഖ്യധാരയിൽ എത്തിയവരുടേതായിരുന്നു. പിന്നെ 'അകം പൊരുൾ' തുറന്ന് നോക്കിയത് എഴുത്തുകാരി പേരെഴുതിത്തന്ന സമ്മാനമായത് കൊണ്ടാകാം. അകത്തെന്താകുമെന്ന് അറിയാൻ വല്ലാത്തൊരു ആകാംക്ഷ.

കറുത്ത് മെലിഞ്ഞ, വെള്ളത്താമര മോഹിച്ച ഒരു പെൺകുട്ടിയിൽ തുടങ്ങുകയാണ് എഴുത്തുകാരിയുടെ ബാല്യം. കടച്ചക്കയിടാൻ ഓടിയ ജ്യേഷ്ഠനെ പിന്നിൽനിന്നും കത്തി എറിഞ്ഞുവീഴ്ത്തുന്ന അനുജൻ. തുടക്കം മുതൽ വായന ജിജ്ഞാസ ഉണർത്തുന്നതുകൊണ്ട് തന്നെ ഒരു കഥാസമാഹാരം വായിക്കുന്ന സുഖവും നോവൽ വായിക്കുന്ന ആകാംക്ഷയും പുസ്തകം നൽകുന്നു.

കർഷക കുടുംബത്തിലായിരുന്നു നളിനകുമാരിയുടെ ജനനം കുട്ടിക്കാലത്തുതന്നെ മൂത്ത ജ്യേഷ്ഠനെയും അച്ഛനെയും നഷ്ടപ്പെടുന്നു. വീട്ടിലെ ഏക പെൺതരി എന്നുള്ള ലാളന ഏറ്റുവാങ്ങി വളർന്നതാണ്. കൂട്ടുകുടുംബം ശിഥിലമായപ്പോൾ നളിനകുമാരിയും ഒറ്റപ്പെടുന്നു.

കവിതകളോടും, നൃത്തത്തോടും തൽപരയായിരുന്നു. പഠനത്തിൽ മിടുക്കിയായതുകൊണ്ടുതന്നെ സർക്കാർജോലി തരപ്പെടുത്താൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. സർക്കാർജോലി ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ. വീടുകൾ മാറി മാറിയുള്ള ജീവിതം, പോകുന്നിടത്തൊക്കെയുള്ള സൗഹൃദങ്ങൾ. വീടുവെക്കാൻ സഹപ്രവർത്തകരുടെ സഹായവും സഹകരണവും. സ്വന്തക്കാരെന്ന് കരുതുന്നവരുടെ തിരസ്ക്കാരം…. എല്ലാം കഥപോലെ മനോഹരമായ് വായിച്ചുപോകാം.

നെറ്റിയിൽ ആദ്യചുംബനം നൽകി ജീവിതത്തിലേക്ക് കടന്നുവന്ന വിശ്വനാഥ് ഒരിക്കൽപോലും പിണങ്ങിനിന്നില്ല. സിനിമകൾ കാണാൻ ഏറെ ഇഷ്ടമാണ്. എക്സോസ്റ്റിക്, ഹൊറർ മൂവികൾ. ജോലിത്തിരക്കിനിടയിലും ജീവിതം സന്തോഷകരമാക്കാനുള്ള ചില നിമിഷങ്ങൾ.

ആദ്യ പ്രസവത്തിന് ശേഷം മകൾക്കുണ്ടാകുന്ന അസുഖങ്ങൾ. ആശുപത്രി അനുഭവങ്ങൾ ഏറെ വൈകാരികമായേ ഓരോന്നും വായിച്ചു പോകാനാകൂ.

മകൾ വന്ദനയുടെയും, മകൻ നവീനിന്റെയും ബാല്യം, കൗമാരം അവരുടെ വിവാഹ ജീവിതം. കൊൽക്കൊത്തക്കാരൻ  വരനേയും പഞ്ചാബി വധുവിനേയും തിരഞ്ഞെടുക്കാൻ മക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം.

ജോലിയിൽ നിന്നുമുള്ള റിട്ടയർമെന്റ്. എല്ലാവരുടെയും ആഗ്രഹത്തിനൊത്തൊരു വീട് വാങ്ങി. എങ്കിലും അപ്രതീക്ഷിതമായ് താങ്ങും തണലുമായിരുന്ന വിശ്വേട്ടന്റെ മരണം, ഒറ്റപ്പെടൽ, വായിച്ച് അവസാനിപ്പിച്ചപ്പോൾ എന്റെ മനസിൽ വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു .

പുസ്തകം വായിക്കുന്നതിനിടയിൽ തന്നെ നളിനിഏച്ചിയെ ഞാൻ ബന്ധപ്പെട്ട് എന്റെ സന്തോഷം അറിയിച്ചു. അവരിന്നൊരു പറവയാണ്. ഇഷ്ടമുള്ളിടത്തൊക്കെ പറന്ന് നടന്ന് റിട്ടയർമെന്റ് ജീവിതം അടിച്ച്പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാശ്മീരും, മണാലിയും, വാരണാസിയും, ഷിംലയും, ലഡാക്കും അങ്ങിനെ അങ്ങിനെ….

"മോനെ ഞാനിപ്പൊ ഒറ്റക്കല്ലെ, ഒരു ബാധ്യതയുമില്ല. പെൻഷൻ കിട്ടുന്ന പൈസയുണ്ട്. ഉത്തരേന്ത്യ ഒന്നു കറങ്ങണം."

യാത്രകൾ തരുന്ന അനുഭവങ്ങൾ അമൂല്യമാണ്. നളിനിഏച്ചി ഇനി എഴുതുന്നത് യാത്രാ വിവരണമാകട്ടെ. അത് ആദ്യം വായിക്കുന്നവരിൽ ഒരാൾ ഞാനായിരിക്കും. കാരണം അവരുടെ എഴുത്തിന് കവിതയുടെ താളവും, കഥയുടെ ലാളിത്യവും, നോവലിന്റെ ജിജ്ഞാസയുമുണ്ട്.


നളിനകുമാരി വിശ്വനാഥ്, കോഴിക്കോട് സ്വദേശിനി. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥ. കഥകളും കവിതകളും എഴുതുന്നു.

രചന: നളിനകുമാരി വിശ്വനാഥ്
പ്രസാധകർ: ഫെമിങ്കൊ ബുക്സ്
വില: 270

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest